വാഷിങ്ടണ്‍ ഡി സി: അമേരിക്കയുടെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കടുപ്പിച്ച് ട്രംപ് ഭരണകൂടം. റഷ്യ, ഇറാന്‍, ബ്രസീല്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, കുവൈറ്റ് തുടങ്ങി ലോകത്തെ 75 രാജ്യങ്ങളില്‍ നിന്നുള്ള വിസ നടപടികള്‍ അമേരിക്ക അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചു. ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വിസ നിരോധനം വരുന്നത് എന്നതും ശ്രദ്ധേയമാണ്. റഷ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ബ്രസീല്‍, സൊമാലിയ തുടങ്ങി എഴുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള വിസ അപേക്ഷകള്‍ ഇനി സ്വീകരിക്കില്ല. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ആഭ്യന്തര മെമ്മോ പ്രകാരം അടുത്ത ബുധനാഴ്ച മുതല്‍ ഈ നടപടി നിലവില്‍ വരും. പ്രായം, ആരോഗ്യം, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ പരിശോധിച്ച ശേഷം മാത്രമേ ഇനി വിസ അനുവദിക്കൂ. അമേരിക്കയിലെ സര്‍ക്കാര്‍ ആനുകൂല്യങ്ങളെ (Public Benefits) ആശ്രയിച്ചു കഴിയാന്‍ സാധ്യതയുള്ളവര്‍ക്ക് വിസ നിഷേധിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായായാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കന്‍ ജനതയുടെ ഔദാര്യം ഇനി ആരും ചൂഷണം ചെയ്യില്ലെന്ന പ്രഖ്യാപനത്തോടെയാണ് ട്രംപ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയിരിക്കുന്നത്. വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുനപരിശോധിക്കുന്നതിന്റെ ഭാഗമായി 75 രാജ്യങ്ങളില്‍ നിന്നുള്ള വിസ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ വിദേശകാര്യ വകുപ്പിന് നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞു. മിനസോട്ടയിലെ സൊമാലിയന്‍ സമൂഹത്തിനിടയില്‍ നടന്ന വ്യാപകമായ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സൊമാലിയയ്ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. റഷ്യയുമായും ഇറാനുമായും നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

വിസ അപേക്ഷകന്റെ പ്രായം, ശാരീരിക ആരോഗ്യം, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം എന്നിവ കണിശമായി പരിശോധിക്കും. അമേരിക്കയില്‍ എത്തിയ ശേഷം അവിടുത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റി ജീവിക്കാന്‍ വരുന്നവരെ തടയുകയാണ് ലക്ഷ്യമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗട്ട് വ്യക്തമാക്കി. ഇറാനില്‍ നടക്കുന്ന ആഭ്യന്തര കലാപങ്ങളില്‍ 2,500 ഓളം പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, ഇസ്ലാമിക് ഭരണകൂടത്തിനെതിരെ സൈനിക നീക്കം നടത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് വിസ വിലക്ക് വരുന്നത് എന്നത് ലോകരാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ അപേക്ഷകര്‍ക്ക് നിലവില്‍ നേരിട്ട് വിലക്കില്ലെങ്കിലും, പരിശോധനകള്‍ കടുപ്പിക്കുന്നത് വരും ദിവസങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കും.

ലോകത്തെ 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തീരുമാനിച്ചതോടെ ലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് വഴിമുട്ടുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയിലെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നു എന്നാരോപിച്ചാണ് ഈ കടുത്ത നടപടി. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ 75 രാജ്യങ്ങള്‍ക്കാണ് നിയന്ത്രണം. പട്ടികയില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടത് വന്‍ വാര്‍ത്തയായിട്ടുണ്ട്. അടുത്ത ബുധനാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.

അമേരിക്കന്‍ വിസ സെന്ററുകളില്‍ ഇനി ഈ രാജ്യക്കാര്‍ക്ക് പ്രവേശനം കടുപ്പമായിരിക്കും. വിദേശകാര്യ വകുപ്പിന്റെ പുതിയ മെമ്മോ പ്രകാരം പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ താഴെ പറയുന്നവയാണ്:

ഏഷ്യന്‍ രാജ്യങ്ങള്‍: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, കംബോഡിയ, ലാവോസ്, മംഗോളിയ, തായ്ലന്‍ഡ്, ഉസ്ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയവ.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍: ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലബനന്‍, സിറിയ, യെമന്‍.

യൂറോപ്യന്‍/മറ്റു രാജ്യങ്ങള്‍: റഷ്യ, അല്‍ബേനിയ, ബെലാറസ്, ബോസ്‌നിയ, ജോര്‍ജിയ, കൊസോവോ, മാസിഡോണിയ, മോള്‍ഡോവ, മോണ്ടിനെഗ്രോ.

ആഫ്രിക്കന്‍ രാജ്യങ്ങള്‍: അള്‍ജീരിയ, കാമറൂണ്‍, കോംഗോ, ഈജിപ്ത്, എറിത്രിയ, എത്യോപ്യ, ഘാന, ലിബിയ, മൊറോക്കോ, നൈജീരിയ, സെനഗല്‍, സൊമാലിയ, ദക്ഷിണ സുഡാന്‍, ടാന്‍സാനിയ, ഉഗാണ്ട തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും.

ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍: ബ്രസീല്‍, കൊളംബിയ, ഗ്വാട്ടിമാല, ഹെയ്തി, ജമൈക്ക, നിക്കരാഗ്വ തുടങ്ങിയവ.

ട്രംപിന്റെ കുടിയേറ്റ റെയ്ഡുകള്‍ക്കെതിരെ പ്രതിഷേധിച്ച റെനി ഗുഡ് എന്ന 37-കാരിയെ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് വിസ നിയന്ത്രണം. റോഡ് തടഞ്ഞു എന്നാരോപിച്ചായിരുന്നു നടപടി. റെനി തന്റെ വാഹനം ഏജന്റിന് നേരെ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, സംഭവം വിവാദമായതോടെ ഇതിന്റെ പഴി മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ് ട്രംപ്. 'നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിന് കൊലപാതകികളുണ്ട്. 'സ്ലീപ്പി ജോ' ബൈഡന്റെ തുറന്ന അതിര്‍ത്തി നയം കാരണമാണ് ഇവരൊക്കെ അകത്തുകയറിയത്. അവരെ പുറത്താക്കാന്‍ ഐസ് (ICE) കഠിനമായി പരിശ്രമിക്കുകയാണ്,' ട്രംപ് സിബിഎസ് (CBS) അഭിമുഖത്തില്‍ ആഞ്ഞടിച്ചു.

ഇറാനിലെ പ്രതിഷേധക്കാരെ തൂക്കിക്കൊല്ലാന്‍ അവിടുത്തെ ഭരണകൂടം തുനിഞ്ഞാല്‍ മിസൈല്‍ ആക്രമണം ഉള്‍പ്പെടെയുള്ള നീക്കങ്ങളിലേക്ക് അമേരിക്ക നീങ്ങുമെന്ന സൂചനയും ട്രംപ് നല്‍കിക്കഴിഞ്ഞു. ലോകം മറ്റൊരു യുദ്ധഭീതിയിലേക്ക് നീങ്ങുമ്പോള്‍ ട്രംപിന്റെ ഓരോ നീക്കവും പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ സൈനികേതര കേന്ദ്രങ്ങള്‍ പോലും ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇതിനിടെ ഖത്തറിലെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളത്തില്‍ നിന്നും സൈനികരെ ഒഴിപ്പിച്ചു തുടങ്ങിയത് യുദ്ധഭീതി വര്‍ദ്ധിപ്പിക്കുന്നു. അല്‍ ഉദൈദ് താവളത്തില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് അടിയന്തരമായി മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇറാനില്‍ തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തൂക്കിക്കൊല്ലാന്‍ ആയത്തുള്ള ഖൊമേനി ഒരുങ്ങുന്ന വാര്‍ത്തയോട് അതിരൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. 'അവര്‍ അത് ചെയ്താല്‍, നിങ്ങള്‍ കാണാന്‍ പോകുന്നത് മറ്റൊന്നായിരിക്കും,' എന്ന് ട്രംപ് സിബിഎസ് (CBS) ന്യൂസിനോട് പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിന്റെ ക്രൂരതയ്ക്കിരയായ കുടുംബങ്ങള്‍ ട്രംപിന്റെ ഇടപെടലിനായി കേഴുകയാണ്. അതേസമയം, ട്രംപിന്റെ താക്കീത് പുല്ലുപോലെ തള്ളുകയാണ് ഇറാന്‍. 'ഒരാള്‍ മറ്റൊരാളെ കഴുത്തറുത്ത് കൊന്നാല്‍ ഞങ്ങള്‍ക്ക് വേഗത്തില്‍ നടപടിയെടുത്തേ മതിയാകൂ' എന്നാണ് ഇറാന്‍ ജുഡീഷ്യറി തലവന്‍ പ്രതികരിച്ചത്. പ്രതിഷേധക്കാരെ ഭീകരരായി മുദ്രകുത്തി കൂട്ടത്തോടെ തൂക്കിക്കൊല്ലാനാണ് ഇവരുടെ പദ്ധതി.

ഇറാന്‍ തിരിച്ചടിക്കുമെന്ന് ഭയന്ന് ഖത്തറിലെ അല്‍ ഉദൈദ് (Al Udeid) ഉള്‍പ്പെടെയുള്ള താവളങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റാന്‍ അമേരിക്ക ഉത്തരവിട്ടു കഴിഞ്ഞു. കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഈ താവളത്തിന് നേരെ മിസൈലുകള്‍ വര്‍ഷിച്ചിരുന്നു. 10,000-ത്തോളം സൈനികരുള്ള ഈ താവളത്തിന് നേരെയുള്ള ഏത് നീക്കവും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ടെഹ്റാനിലെ സര്‍ക്കാര്‍ കേന്ദ്രങ്ങളും സുരക്ഷാ ഏജന്‍സികളുടെ ഓഫീസുകളും തകര്‍ക്കാനുള്ള പ്ലാന്‍ ട്രംപിന് മുന്നിലുണ്ട്. വെറും ഉപരോധത്തിലൊതുങ്ങാതെ നേരിട്ടുള്ള ആക്രമണത്തിന് ട്രംപ് മുതിര്‍ന്നാല്‍ അത് പശ്ചിമേഷ്യയെ മൊത്തം ബാധിക്കുന്ന യുദ്ധമായി മാറും.