ടെഹ്റാന്‍/ന്യൂഡല്‍ഹി: ഭരണകൂടത്തിനെതിരായ പ്രക്ഷോഭവും അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പും നിലനില്‍ക്കെ ഇറാന്‍ വ്യോമപാത അടച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് വിശദീകരണമില്ലാതെ ഇറാന്‍ വ്യോമപാത അടച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തേ രണ്ട് മണിക്കൂറിന് വ്യോമപാത അടച്ചിടുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഈ ഉത്തരവാണ് പിന്നീട് നീട്ടിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇറാന്‍ വ്യോമപാത അടച്ചതോടെ എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ വ്യോമപാത അടച്ചതിനാല്‍ ചില അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകാനും ചിലത് റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് വിമാനക്കമ്പനികള്‍ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.

യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താറുമാറായി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറാന്‍ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. ജോര്‍ജിയയിലെ ടിബിലിസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനം ആണ് ഇറാന്‍ വ്യോമപാത വഴി ഏറ്റവും ഒടുവില്‍ കടന്നുപോയ വിദേശ വിമാനമെന്ന് ഫ്‌ലൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2:35-നാണ് ഈ വിമാനം ഇറാന് മുകളിലൂടെ പറന്നത്. തൊട്ടുപിന്നാലെ രാജ്യം വ്യോമപാത പൂര്‍ണ്ണമായും അടയ്ക്കുകയായിരുന്നു.

പെട്ടെന്നുള്ള ആകാശവിലക്ക് ഇന്‍ഡിഗോ, ലുഫ്താന്‍സ, എയ്‌റോഫ്‌ലോറ്റ് തുടങ്ങിയ വിമാനക്കമ്പനികളെ ബാധിച്ചു. അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഏതുസമയത്തും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി പാത മാറ്റുകയാണെന്നും വിമാനക്കമ്പനികള്‍ യാത്രക്കാരെ അറിയിക്കുകയും ചെയ്തു. നിലവിലെ അപ്രതീക്ഷിത പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പാക്കണമെന്നും വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യയും രാജ്യാന്തര യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇറാന്‍ വ്യോമപാത അടച്ച സാഹചര്യത്തില്‍ ഈ മേഖലയിലൂടെയുള്ള തങ്ങളുടെ വിമാനങ്ങള്‍ മറ്റു റൂട്ടുകളിലൂടെ വഴിതിരിച്ചുവിട്ടതായി എയര്‍ഇന്ത്യ അറിയിച്ചു. ഇത് വിമാനങ്ങള്‍ വൈകാന്‍ കാരണമായേക്കാമെന്നും വഴിതിരിച്ചുവിടാന്‍ കഴിയാത്ത വിമാനങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും എയര്‍ഇന്ത്യയുടെ അറിയിപ്പിലുണ്ട്. അതിനാല്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുന്‍പ് യാത്രക്കാര്‍ അവരുടെ വിമാനങ്ങളുടെ നില പരിശോധിച്ച് ഉറപ്പുവരുത്തണം. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുന്‍ഗണന നല്‍കുന്നതെന്നും എയര്‍ഇന്ത്യ അറിയിച്ചു. ഇറാന്‍ വ്യോമപാത അടച്ചത് തങ്ങളുടെ ചില അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കുമെന്ന് ഇന്‍ഡിഗോയും സ്പൈസ് ജെറ്റും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാന്‍ വ്യോമപാത ഭാഗികമായി അടച്ചതോടെ ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ ഇനി പ്രവേശിപ്പിക്കാനാവു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇതോടെ ബദല്‍ റൂട്ടുകളിലൂടെയാണ് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ അടക്കമുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പാക്കണമെന്നും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

'ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇപ്പോള്‍ ബദല്‍ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് കാലതാമസത്തിന് കാരണമായേക്കാം. റൂട്ട് മാറ്റാന്‍ കഴിയാത്ത വിമാനങ്ങള്‍ റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാര്‍ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു'- എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഇന്‍ഡിഗോയും സമാന അറിയിപ്പ് നല്‍കി.

യുഎസ് ആക്രമിച്ചാല്‍ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ ഖത്തറിലെ അല്‍ ഉദൈദ് താവളത്തില്‍ നിന്ന് ചില ഉദ്യോഗസ്ഥരോട് ബുധനാഴ്ച വൈകുന്നേരത്തോടെ ഒഴിഞ്ഞുപോരാന്‍ അമേരിക്കന്‍ സൈന്യം നിര്‍ദേശിച്ചു. ഇറാന്‍-അമേരിക്ക സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് ഈ നീക്കമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇറാനില്‍ പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്ന നടപടി തുടര്‍ന്നാല്‍ സൈനികമായി ഇടപെടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി, തങ്ങളുടെ മണ്ണില്‍ അമേരിക്കന്‍ ആക്രമണം ഉണ്ടായാല്‍ ഖത്തര്‍, സൗദി അറേബ്യ, യുഎഇ, തുര്‍ക്കി എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. കഴിഞ്ഞ ജൂണില്‍ ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ അല്‍ ഉദൈദ് താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ സര്‍ക്കാരും തങ്ങളുടെ പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മധ്യപൂര്‍വേഷ്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിന്ന് യുഎസ് അവരുടെ സൈന്യത്തെ പിന്‍വലിച്ചതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായത്. ഇറാന്റെ പരമാധികാരത്തിന് മേല്‍ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ ഉണ്ടായാല്‍ ഖത്തറിലും യുഎഇയിലുമടക്കമുള്ള അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സൈന്യത്തെ പിന്‍വലിച്ചത്.

അതേസമയം, ഇറാനിലുള്ള ഇന്ത്യക്കാരോട് സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. പ്രക്ഷോഭങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് യാത്രയരുതെന്നും കഴിയുന്നതും വേഗം സാധ്യമായ മാര്‍ഗത്തില്‍ ഇറാനില്‍ നിന്ന് പുറത്തുകടക്കണമെന്നും ഇന്ത്യന്‍ എംബസിയുമായി നിരന്തര ബന്ധം പുലര്‍ത്തണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രാദേശിക മാധ്യമങ്ങളുടെ സഹായം തേടണമെന്നും എംബസി ആവശ്യപ്പെട്ടു.

പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ടെഹ്‌റാനിലുള്ള തങ്ങളുടെ എംബസി താല്‍കാലികമായി അടയ്ക്കുകയാണെന്ന് ബ്രിട്ടന്‍ അറിയിച്ചു. ബ്രിട്ടീഷ് എംബസി അടച്ചുവെന്നും അവിടെ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്നുമാണ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയത്. അതേസമയം ഇറാനില്‍ ആരും തൂക്കിലേറ്റപ്പെടില്ലെന്നും പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് ഇറാന്‍ നിര്‍ത്തിവച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. മൂവായിരത്തോളം പേര്‍ ഇതിനകം കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കലാപം സര്‍ക്കാര്‍ അടിച്ചമര്‍ത്തിയെന്നും നിയന്ത്രണത്തിലാണ് കാര്യങ്ങളെന്നുമാണ് ഇറാന്‍ ഭരണകൂടം പറയുന്നത്. 'ദിവസങ്ങള്‍ നീണ്ട ഭീകരപ്രവര്‍ത്തനം വിജയകരമായി സര്‍ക്കാര്‍ അവസാനിപ്പിച്ചു. എല്ലാപ്രദേശങ്ങളും വരുതിയിലാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധമാണ് ഡിസംബര്‍ 28ന് വ്യാപാരികള്‍ നടത്തിയത്. എന്നാല്‍ അതിലേക്ക് നുഴഞ്ഞുകയറിയ യുഎസ് പിന്തുണയുള്ള ഭീകരവാദികള്‍ അതിനെ സായുധ കലാപമാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് വിമാനക്കമ്പനികള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല വിമാനങ്ങളും വടക്കോ തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടുന്നതിനാല്‍ യാത്രാസമയം കൂടും. വഴിതിരിച്ചുവിടാന്‍ സാധിക്കാത്ത വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.

ഇറാനില്‍ ഡിസംബര്‍ 28ന് തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 2,400-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നാല്‍ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഖത്തറിലെ തങ്ങളുടെ ഏറ്റവും വലിയ സൈനിക താവളത്തില്‍ നിന്ന് അമേരിക്ക ഉദ്യോഗസ്ഥരെ മാറ്റിയതും ഇറാന്‍ വ്യോമപാത അടച്ചതും ചേര്‍ത്ത് വായിക്കുമ്പോള്‍, ഒരു അമേരിക്കന്‍ സൈനിക നീക്കം ഉടന്‍ ഉണ്ടായേക്കാമെന്ന് വിദേശ നിരീക്ഷകര്‍ ഭയപ്പെടുന്നു. ഇറാന്‍ ഒരു തന്ത്രപ്രധാനമായ പാതയിലായതിനാല്‍, ഈ നിയന്ത്രണം ആഗോള വ്യോമഗതാഗതത്തെയും വിമാന ടിക്കറ്റ് നിരക്കിനെയും വരും ദിവസങ്ങളില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.