- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റര്‍നെറ്റ് പൂട്ടാന്‍ കാണ്ഡഹാര്‍ ഗ്രൂപ്പ്; പറ്റില്ലെന്ന് കാബൂള്‍ വിഭാഗം! പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ചൊല്ലിയും തര്‍ക്കം; പരമോന്നത നേതാവിന്റെ ഉത്തരവ് ചവറ്റുകുട്ടയിലെറിഞ്ഞ് കാബൂള്‍ മന്ത്രിമാര്‍; താലിബാനില്‍ പടലപ്പിണക്കം രൂക്ഷം; തെളിവായി ബിബിസിക്ക് ചോര്‍ന്നുകിട്ടിയ രഹസ്യ ശബ്ദരേഖ

കാബൂള്‍: പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ നേതൃനിരയില്‍ ഭിന്നത രൂക്ഷമെന്ന് ബിബിസിയുടെ റിപ്പോര്‍ട്ട്. കാണ്ഡഹാറില്‍നിന്നുള്ള താലിബാന്റെ പരമോന്നത നേതാവായ ഹിബാത്തുള്ള അഖുന്ദ്സാധയും കാബൂള്‍ കേന്ദ്രീകരിച്ചുള്ള പ്രായോഗികവാദികളും തമ്മിലാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്. ബിബിസി അഫ്ഗാന്‍ നടത്തിയ ഒരുവര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ചോര്‍ന്നുകിട്ടിയ രഹസ്യ ശബ്ദരേഖയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ആഭ്യന്തരതര്‍ക്കവും ഭിന്നതയും രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകളെല്ലാം താലിബാന്‍ നിഷേധിച്ചിട്ടുണ്ട്.
2025 ജനുവരിയില്‍ കാണ്ഡഹാറിലെ ഒരു മദ്രസയില്‍വെച്ച് താലിബാന്‍ അംഗങ്ങള്‍ക്കായി ഹിബാത്തുള്ള നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ ചോര്‍ന്നിരുന്നു. താലിബാനിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് തുറന്നുപറയുന്നതാണ് ഈ ശബ്ദരേഖയിലുള്ളത്. ഈ ഭിന്നതകളുടെ ഫലമായി എമിറേറ്റ് തകരുകയും അതിന്റെ അന്ത്യം കുറിക്കുമെന്നുമാണ് ഹിബാത്തുള്ള ശബ്ദരേഖയില്‍ പറയുന്നത്. ഹിബാത്തുള്ളയുടെ ഈ വാക്കുകള്‍ താലിബാനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടിലുള്ളത്.
കാണ്ഡഹാറില്‍നിന്നുള്ള താലിബാന്‍ നേതാവാണ് ഹിബാത്തുള്ള. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ളവരെയും ഇദ്ദേഹത്തെ പിന്തുണക്കുന്നവരെയും കാണ്ഡഹാര്‍ വിഭാഗമെന്നാണ് വിശേഷിപ്പിക്കുന്നത്. കര്‍ശനമായ നിയമങ്ങള്‍ പിന്തുടരുന്ന, മതരാഷ്ട്രമെന്ന ആശയം മുന്നോട്ടുവെയ്ക്കുന്ന വിഭാഗമാണിത്. ആധുനിക ലോകത്തുനിന്നകന്ന് ഒറ്റപ്പെട്ട് കഴിയാന്‍ ആഗ്രഹിക്കുന്നവരാണിവര്‍. പ്രധാനമന്ത്രി മുഹമ്മദ് ഹസ്സന്‍ അഖുന്ദ്, ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹക്കീം ഹഖാനി, ഉന്നത വിദ്യാഭ്യാസമന്ത്രി നെദ മുഹമ്മദ് നദീം എന്നിവരെല്ലാം കാണ്ഡഹാര്‍ വിഭാഗം നേതാക്കളാണ്.
അതേസമയം, അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ കേന്ദ്രീകരിച്ചുള്ള താലിബാന്‍ നേതാക്കള്‍ ഇവരില്‍നിന്ന് വ്യത്യസ്തരാണ്. ഉപപ്രധാനമന്ത്രി അബ്ദുള്‍ ഖനി ബരദാര്‍, മന്ത്രിമാരായ സിറാജുദ്ദീന്‍ ഹഖാനി, മുഹമ്മദ് യാക്കൂബ് മുജാഹിദ് തുടങ്ങിയവരാണ് ഈ വിഭാഗത്തിലുള്ളത്. കൂടുതല്‍ പ്രായോഗികമായ സമീപനം വേണമെന്ന് ആഗ്രഹിക്കുന്നവരാണിവര്‍. മതനിയമങ്ങളും മറ്റും കര്‍ശനമായി പിന്തുടരുമ്പോള്‍ത്തന്നെ പുറംലോകവുമായുള്ള സഹകരണം, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയെയും ഇവര്‍ അനുകൂലിക്കുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അഫ്ഗാനിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കാന്‍ ഹിബാത്തുള്ള ഉത്തരവിട്ടതോടെ താലിബാനിലെ ഭിന്നത പുതിയതലത്തിലേക്ക് നീങ്ങിയെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടിലുള്ളത്. പരമോന്നത നേതാവായ ഹിബാത്തുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചപ്പോള്‍ കാബൂള്‍ വിഭാഗം ഇതിനെ എതിര്‍ക്കുകയും കാബൂളിലെ മന്ത്രിമാര്‍ ഇടപെട്ട് മൂന്നുദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. താലിബാന്റെ ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വമായാണ് ഇത്തരമൊരു 'ആഭ്യന്തരതര്‍ക്കം' ഉടലെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്ലാമിക നിയമങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമാണ് ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും എന്ന് കരുതുന്നയാളാണ് ഹിബാത്തുള്ള. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, കാബൂള്‍ വിഭാഗം ഇന്റര്‍നെറ്റ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളെ അനുകൂലിക്കുന്നു. ആധുനികകാലത്ത് ഒരു രാജ്യത്തിന് ഇന്റര്‍നെറ്റ് ഇല്ലാതെ നിലനില്‍ക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. ഇതേത്തുടര്‍ന്നാണ് പരമോന്നത നേതാവിന്റെ ഉത്തരവിനെ വെല്ലുവിളിച്ച് കാബൂള്‍ മന്ത്രിമാര്‍ ഇടപെട്ട് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനൊപ്പം കാണ്ഡഹാര്‍ വിഭാഗത്തില്‍ അധികാരം കേന്ദ്രീകരിക്കുന്നതും മറുവിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായെന്നും പറയുന്നു.
തുറന്ന ജയിലായി അഫ്ഗാന്‍
പൊതുധാരയില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരിടവുമില്ലാതെയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം. രാജ്യാന്തര സമ്മര്‍ദങ്ങളെ താലിബാന്‍ അവഗണിക്കുകയാണ്. ബെഹസ്ത അര്‍ഗന്ദ്. അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് ചാനലില്‍ അവതാരകയായിരുന്ന ബെഹസ്ത അര്‍ഗന്ദിന് താലിബാന് വീണ്ടും അധികാരത്തിലെത്തിയ 2021 ഓഗസ്റ്റ് അവസാനം നാടുവിടേണ്ടിവന്നു. ബെഹസ്ത അര്‍ഗന്ദിനൊപ്പം അഫ്ഗാനിസ്ഥാനില്‍ വനിതകളുടെ മാധ്യമപ്രവര്‍ത്തനത്തിനും ഏതാണ്ട് തിരശീലവീണു.
വീണ്ടും അധികാരത്തിലേക്ക് വന്ന താലിബാന്റെ ആദ്യനടപടികളിലൊന്ന് വനിതകളെ പൊതുധാരയില്‍ നിന്നും നിഷ്‌കാസനം ചെയ്യുകയായിരുന്നു. 12 വയസിനുമേല്‍ വിദ്യാഭ്യാസത്തിന് വിലക്കേര്‍പെടുത്തി. പൊതുസ്ഥലങ്ങളില്‍ മുഖാവരണം നിര്‍ബന്ധം. സര്‍ക്കാര്‍ ജോലികളില്‍ നിയമനമില്ല. കായികമല്‍സരങ്ങള്‍ക്ക് വിലക്ക്. സ്ത്രീകള്‍ക്ക് ചികില്‍സ ഉള്‍പ്പെടെ പൊതുസേവനങ്ങള്‍ തേടണമെങ്കിലോ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനോ ബന്ധുവായ പുരുഷന്‍ ഒപ്പം വേണം. പാര്‍ക്കുകളിലും ജിംനേഷ്യങ്ങളിലും സ്ത്രീകളെ വിലക്കി 'ദുരാചാര സദാചാര' മന്ത്രാലയം ഉത്തരവുമിറക്കി.
സ്ത്രീകളുടെ അവകാശനിഷേധങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പ്രതിഷേധം ശക്തമായിരിക്കെ കഴിഞ്ഞ ലോക വനിതാദിനത്തില്‍ താലിബാന്‍ വക്താവ് നിലപാട് വ്യക്തമാക്കി. ശരീ അത്ത് നിയമവും അഫ്ഗാന്റെ പാരമ്പര്യവും അടിസ്ഥാനമാക്കിയാകും സ്ത്രീകളെ പരിഗണിക്കുക . അഫ്ഗാന്‍ ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും സബിഹുല്ല മുജാഹിദ് അവകാശപ്പെട്ടു. പരിമിതമെങ്കിലും ഇന്റര്‍നെന്റ് അഫ്ഗാന്‍ വനിതയ്ക്ക് പുറംലോകത്തേക്കുള്ള ജാലകങ്ങളായിരുന്നു. എന്നാല്‍ അതിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ താലിബന്‍ ഭരണകൂടം നീക്കം തുടങ്ങി. കഴിഞ്ഞമാസം രണ്ടുദിവസം ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ ചെയ്തത് ദിശയിലേക്കുള്ള നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകളില്‍ അഫ്ഗാനിലെ യു.എന്‍ മിഷന്റെ ഇടപെടലില്‍ കഴിഞ്ഞ ജൂലൈയില്‍ താലിബാന്‍ ഭരണകൂടത്തിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് അബ്ദുല്‍ ഹക്കീം ഹഖാനി, പരമോന്നത ആത്മീയനേതാവ് ഹിബത്തുല്ല അഖുന്‍സാദ എന്നിവര്‍ക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇരുവരും മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. രാജ്യാന്തരബന്ധങ്ങള്‍ ശക്തമാക്കാന്‍ താലിബാന്‍ ശ്രമം ശക്തമാക്കുമ്പോഴും രാജ്യാന്തരകോടതിയുടെ വാറന്റിന് താലിബാന്‍ പുല്ലുവില കല്‍പിച്ചിട്ടില്ല


