ഓസ്ലോ: വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് സമ്മാനിച്ച സാഹചര്യത്തില്‍ നോബല്‍ കമ്മിറ്റി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. തങ്ങളുടെ സമ്മാനങ്ങള്‍ റദ്ദാക്കാനോ പങ്കിടാനോ മറ്റുള്ളവര്‍ക്ക് കൈമാറാനോ കഴിയില്ല എന്ന് ആവര്‍ത്തിച്ച് കൊണ്ട് അവര്‍ മച്ചാഡോയ്ക്ക് സന്ദേശം അയച്ചു.

കഴിഞ്ഞ ദിവസം മച്ചാഡോയ്ക്ക് ലഭിച്ച നോബല്‍ സമ്മാനം കൈയ്യിലെടുത്ത് കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം ട്രംപ് പുറത്തു വിട്ടിരുന്നു. വെനസ്വേലയെ ഒരു ജനാധിപത്യ രാജ്യമാക്കി മാറ്റിയതിനോടുള്ള പ്രതിബദ്ധത കാരണം കഴിഞ്ഞ വര്‍ഷം താന്‍ നേടിയ നോബല്‍ സമ്മാനം ടംപിന് നല്‍കിയതായി മച്ചാഡോ ഇന്നലെ അമേരിക്കയില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി അവരുടെ വിയോജിപ്പ് രേഖപ്പെടുത്തി ഒരു നീണ്ട ട്വീറ്റ് പോസ്റ്റ് ചെയ്തത്.

നേരത്തേ നോബല്‍ സമ്മാനം നേടിയ ചിലരുടെ മരണശേഷം അവര്‍ക്ക് ലഭിച്ച നോബല്‍ സമ്മാനം പലര്‍ക്കും കൈമാറപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ ജീവിച്ചിരിക്കുന്ന സമയത്ത് ആര്‍ക്കും സമ്മാനമായി നല്‍കാനാവില്ല എന്നാണ് നോബല്‍ കമ്മിറ്റി വിശദീകരിക്കുന്നത്. മെഡല്‍ ഉടമകളെ മാറ്റാം, പക്ഷേ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവിന്റെ പദവിയെ മാറ്റാന്‍ കഴിയില്ല എന്നാണ് അവരുടെ വിശദീകരണം.

കഴിഞ്ഞ ആഴ്ചയും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കമ്മിറ്റി അവരുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഒരു നോബല്‍ സമ്മാനം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, അത് പിന്‍വലിക്കാനോ പങ്കിടാനോ മറ്റുള്ളവര്‍ക്ക് കൈമാറാനോ കഴിയില്ല. തീരുമാനം അന്തിമവും എല്ലായ്‌പ്പോഴും നിലനില്‍ക്കുന്നതുമാണ് എന്നാണ് കമ്മിറ്റി അന്നും നിലപാട് വ്യക്തമാക്കിയത്.

പണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണിനായി പ്രഖ്യാപിച്ച ഒരു മെഡല്‍, വിപ്ലവം വിജയിക്കാന്‍ അമേരിക്കക്കാരെ സഹായിച്ച ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥന്‍ മാര്‍ക്വിസ് ഡി ലഫായെറ്റിന്റെ കുടുംബത്തിന് എങ്ങനെ സമ്മാനിച്ചുവെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ഈ അവസരത്തില്‍ മച്ചാഡോയോട് ചോദിച്ചു എങ്കിലും അവര്‍ മറുപടി നല്‍കിയില്ല. താന്‍ അമേരിക്കന്‍ പ്രസിഡന്റിന് സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം സമ്മാനിച്ചു എന്നാണ് അവര്‍ പറഞ്ഞത്.

അതേ സമയം ട്രംപ് ആകട്ടെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ മച്ചാഡോയ്ക്ക് നന്ദി പറഞ്ഞു. 'മരിയ കൊറീന മച്ചാഡോയെ കാണാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ബഹുമതിയാണ്. എന്നും താന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് മരിയ സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം സമ്മാനിച്ചു എന്നും ഇത് പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവൃത്തിയാണ് എന്നും' ട്രംപ് കുറിച്ചു.

കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടാന്‍ ട്രംപ് പരസ്യമായി ശ്രമിച്ചിരുന്നു. അമേരിക്കന്‍ സൈന്യം വെനസ്വേലയുടെ ഏകാധിപതിയായ നിക്കോളാസ് മഡുറോയെ പിടികൂടി തടവിലാക്കിയതിനുശേഷം, ട്രംപിന് നോബല്‍ സമ്മാനം നല്‍കാന്‍ തയ്യാറാണെന്ന് മച്ചാഡോ പ്രഖ്യാപിച്ചിരുന്നു. 2024 ലെ തിരഞ്ഞെടുപ്പില്‍ മഡുറോ വിജയിച്ചത് ന്യായമല്ലെന്നായിരുന്നു യുഎസ് സര്‍ക്കാരിന്റെ നിലപാട്.

അതേ സമയം മഡൂറോക്ക് പകരം മച്ചാഡോയെ അല്ല വൈസ് പ്രസിഡന്റായിരുന്ന ഡെല്‍സി റോഡ്രിഗസിനെയാണ് അമേരിക്ക ആക്ടിംഗ് പ്രസിഡന്റായി അംഗീകരിച്ചത്. വെനസ്വേലയില്‍ നിക്ഷേപം നടത്താന്‍ ട്രംപ് പല എണ്ണക്കമ്പനികളേയും ക്ഷണിച്ചിരിക്കുകയാണ്.