തിരുവനന്തപുരം: എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് (എം). കേരള കോണ്‍ഗ്രസിനെ ചവിട്ടിപ്പുറത്താക്കിയത് യുഡിഎഫാണെന്നും ഇറക്കിവിട്ടിടത്തേക്ക് എന്തിന് തിരിച്ചുപോകണമെന്നും തങ്ങളെ ചേര്‍ത്തുപിടിച്ചത് പിണറായി വിജയനാണെന്നും ജോസ് കെ.മാണി പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അധികാരമുണ്ടെന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മുന്നണി മാറില്ലെന്നും ജോസ് കെ.മാണി ആവര്‍ത്തിച്ചു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

യുഡിഎഫ് നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി. അതിനപ്പുറത്തേക്ക് സീറ്റ് സംബന്ധിച്ച് എത്രമാത്രം കടക്കാനാകും എന്നതും ചര്‍ച്ച ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ മാണി. ചില വിഷയങ്ങളില്‍ പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ എതിര്‍പ്പ് ഉയര്‍ത്തിയെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഭരണപക്ഷത്തെങ്കിലും ചില വിഷയങ്ങളില്‍ വേറിട്ട നിലപാട് എടുത്തു.

'കഴിഞ്ഞ പ്രാവശ്യം പന്ത്രണ്ട് സീറ്റുകളാണുണ്ടായിരുന്നത്. ഇത്തവണ 13 സീറ്റെങ്കിലും കിട്ടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇടതുപക്ഷത്തിന്റെ ഭാഗമായത് കൃത്യം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നമുക്ക് ലഭിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ നമുക്ക് സാധിച്ചില്ലെന്നത് വസ്തുതയാണ്. എന്നിരുന്നാലും, കേരള കോണ്‍ഗ്രസ് കഴിഞ്ഞ അഞ്ച് വര്‍ഷം എന്തെല്ലാം ചെയ്തുവെന്നതിന്റെ ഓഡിറ്റിങ് നടത്തണമെന്ന അഭിപ്രായവും ഇന്ന് ഉയര്‍ന്നുവന്നു.' ജോസ് വ്യക്തമാക്കി.

'പ്രതിപക്ഷങ്ങളേക്കാള്‍ കൂടുതലായി ജനകീയ വിഷയങ്ങളെ ഏറ്റെടുക്കാനും പരിഹാരം കാണാനും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. വന്യമൃഗത്തിന്റെ ആക്രമണത്തില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുന്നതിനായി മൃഗങ്ങളെ വെടിവെച്ചുകൊല്ലണമെന്ന് പറഞ്ഞത് ഞങ്ങളാണ്. മുനമ്പം വിഷയത്തിലും ആദ്യം സംസാരിച്ചത് ഞങ്ങളാണ്.' ജോസ് കെ.മാണി പാര്‍ട്ടിയുടെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു.

'കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അധികാരമുണ്ടെന്ന് പറഞ്ഞത് തെറ്റായി വ്യാഖാനിക്കേണ്ടതില്ല. എല്‍ഡിഎഫിന് ഒപ്പം എന്നുതന്നെയാണ് ഉദ്ദേശിച്ചത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ചവിട്ടിപ്പുറത്താക്കിയത് യുഡിഎഫാണ്. ഇറക്കിട്ടിടത്തേക്ക് എന്തിന് തിരിച്ചുപോകണം?'തങ്ങളെ ചേര്‍ത്തുപിടിച്ചത് പിണറായി വിജയനാണ്. ഇടതുപക്ഷത്തിനോടോപ്പം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും എല്‍ഡിഎഫുമാണ് തങ്ങളെ ചേര്‍ത്തുപിടിച്ചതെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിച്ചെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയില്‍ മധ്യമേഖല ജാഥ നയിക്കുമെന്നും ജോസ് വ്യക്തമാക്കി. മലബാര്‍ മേഖലയില്‍ കെ ജെ ദേവസ്യയും തെക്കന്‍ മേഖലയില്‍ വി ടി ജോസഫും മധ്യകേരളത്തിലെ ജാഥയില്‍ താന്‍ ഉണ്ടാവുമെന്നാണ് ജോസ് കെ മാണി പറഞ്ഞു. അഞ്ചരവര്‍ഷക്കാലം മുമ്പാണ് കേരളകോണ്‍ഗ്രസ് എം ഇടതുപക്ഷത്തിന്റെ ഭാഗമായത്. പ്രതിപക്ഷം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഭരണപക്ഷത്തിരുന്ന് കേരള കോണ്‍ഗ്രസ് എമ്മിന് ചെയ്യാന്‍ കഴിഞ്ഞുവെന്നും ജോസ് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വിളിച്ചുചേര്‍ത്ത ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ചേര്‍ന്നത്.

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി. ഓരോ മണിക്കൂര്‍ കൂടുമ്പോഴും നിലപാടുകള്‍ മാറ്റിപ്പറയുന്ന സ്വഭാവം കേരള കോണ്‍ഗ്രസിനില്ലെന്നും, പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ സുതാര്യവും ഉറച്ചതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി മാറ്റം സംബന്ധിച്ച പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ചെയര്‍മാന്‍ ജോസ് കെ. മാണി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് റോഷി അഗസ്റ്റിന്‍ ഓര്‍മ്മിപ്പിച്ചു. ചെയര്‍മാന്‍ പറഞ്ഞതിനപ്പുറം തനിക്ക് ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത കെട്ടുകഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും, ഇടതുമുന്നണിയില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു. മാധ്യമങ്ങളില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.