തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും രാഷ്ട്രീയ അവകാശവാദങ്ങള്‍ക്കും പരോക്ഷ വിമര്‍ശനങ്ങള്‍ക്കും വേദിയായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച കേരളയാത്ര സമാപന സമ്മേളനം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ശക്തമായ നിലപാട് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആത്മഹുതി ചെയ്തായാലും മതനിരപേക്ഷത സംരക്ഷിക്കുക എന്നതായിരുന്നു നിലപാട്.മാറാട് അടക്കമുള്ള വര്‍ഗീയ കലാപങ്ങള്‍ ഓര്‍മിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിരവധി വര്‍ഗീയസംഘര്‍ഷങ്ങളുണ്ടായിരുന്ന നാടായിരുന്നു കേരളം. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു വര്‍ഗീയസംഘര്‍ഷം പോലുമുണ്ടായിട്ടില്ല. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നിലപാട് എടുത്തതിനാലാണ് കഴിഞ്ഞ പത്തു വര്‍ഷമായി ഒരു വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടാകാത്തത്. ന്യൂനപക്ഷം കേരളത്തില്‍ ആശങ്ക പെടേണ്ടതില്ല.കേരളം ശാന്തിതീരം. അധികാര കേന്ദ്രങ്ങളില്‍ തങ്ങള്‍ ഉണ്ടെങ്കിലെ ചിലര്‍ക്ക് കാര്യങ്ങള്‍ ലഭിക്കൂവെന്ന് ചിലര്‍ പറയുന്നുണ്ടെന്നും പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പറഞ്ഞു.

'കേരളം എന്നത് വര്‍ഗീയസംഘര്‍ഷം ഒരുകാലത്തും ഇല്ലാതിരുന്ന ഒരു നാടല്ല. വിവിധഘട്ടങ്ങളില്‍ വര്‍ഗീയസംഘര്‍ഷമുണ്ടായിട്ടുണ്ട്. ആ നാട്ടില്‍ ഇപ്പോള്‍ വര്‍ഗീസംഘര്‍ഷം തീര്‍ത്തും മാറ്റി നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം?. ഒരു വര്‍ഗീയതയെയും പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുത്. എല്ലാ വര്‍ഗീയതയോടും കര്‍ക്കശമായ നിലപാട് സ്വീകരിക്കണം, മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഒരു വശത്ത് മതേതരത്വം പറഞ്ഞ് മറുവശത്ത് വിദ്വേഷം പറയുന്നവരെ പൊന്നാടയിട്ട് സ്വീകരിക്കരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മറുപടി.തെരഞ്ഞെടുപ്പില്‍ തോറ്റാലും മതേതരത്വം വിട്ട് മറ്റൊരു നിലപാട് സ്വീകരിക്കില്ല.തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പോട്ടെയെന്ന് വെക്കണം. അതാണ് ഈ അവസരത്തില്‍ നിങ്ങള്‍ക്ക് തരുന്ന ഉറപെണ്ണും അദ്ദേഹം പറഞ്ഞു. മതേതരത്വം പറയാനും പ്രസംഗിക്കാനും എളുപ്പമാണ്. മറുവശത്ത് വിദ്വേഷം പറയുന്നവരെ പൊന്നാട ഇട്ട് സ്വീകരിക്കരുത്. കാറില്‍ കയറ്റിയാല്‍ പ്രശ്‌നം ഇല്ലെന്നും ഇരട്ടത്താപ്പ് പാടില്ലെന്നും പ്രതിപക്ഷ നേതാവ് മറുപടി നല്‍കി.

മറ്റുള്ളവരെ കാറില്‍ സൂക്ഷിച്ചുകയറ്റണം. അവര്‍ വിദ്വേഷം പ്രസംഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. മതേതരത്വത്തെ തൊട്ടുകളിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കേരളയാത്രാ സമാപന സമ്മേളനത്തില്‍ സംസാരിക്കവേ കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമ പരിപാടിക്കിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാറില്‍ കയറ്റിയതിനെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു സതീശന്‍. നമുക്ക് മതേതരത്വം പറയാന്‍ എളുപ്പമാണ്. പ്രസംഗിക്കാനും എളുപ്പമാണ്. നമുക്കൊരുപാട് കാര്യങ്ങള്‍ പറയാം. മതേതരത്വം ഒരുവശത്ത് പറഞ്ഞുകൊണ്ട് മറ്റൊരുവശത്ത് വിദ്വേഷപ്രസംഗം നടത്തുന്നവരെ നമ്മള്‍ പൊന്നാടയിട്ട് സ്വീകരിക്കരുത്. നമ്മള്‍ കാറില്‍ കയറ്റിയാലൊന്നും കുഴപ്പമില്ല. പക്ഷേ കാറില്‍ കയറ്റുന്നവരെ നമ്മള്‍ സൂക്ഷിച്ചുവേണം (കയറ്റാന്‍), സതീശന്‍ പറഞ്ഞു.

'നമുക്കൊരുപാട് കാര്യങ്ങള്‍ പറയാം' എന്ന് തുടങ്ങിക്കൊണ്ടാണ് സതീശന്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യക്തമാക്കിയത്. വെള്ളാപ്പള്ളി നടേശന്റെ സമീപകാല നിലപാടുകളെയും സര്‍ക്കാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെയും പരോക്ഷമായി പരിഹസിച്ച സതീശന്‍, വര്‍ഗീയതയോടും ഫാസിസത്തോടും സന്ധി ചെയ്യുന്ന നിലപാടുകളെ ശക്തമായി എതിര്‍ത്തു. ഭരണകൂടം ഇത്തരം പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ടുള്ള സതീശന്റെ ഈ 'നേര്‍ക്കുനേര്‍' പ്രസംഗം യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ആവേശം പകര്‍ന്നിരിക്കുകയാണ്. വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയ കാര്യം പരോക്ഷമായി ഓര്‍മ്മിപ്പിച്ചായിരുന്നു കടന്നാക്രമണം.

എന്നാല്‍ പരിപാടി രാഷ്ട്രീയ സമ്മേളനം അല്ലെന്നായിരുന്നു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മറുപടി. മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ ജനുവരി ഒന്നിന് കാസര്‍കോട്ട് നിന്നാരംഭിച്ച യാത്രയാണ് തിരുവനന്തപുരത്ത് സമാപിച്ചത്.