സ്‌പെയിനില്‍ രണ്ട് ഹൈസ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചുരുങ്ങിയത് 21 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. മറ്റ് നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ, ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം ഏകദേശം 6.40 ഓടെയാണ് സംഭവം ഉണ്ടായത്. കോര്‍ഡോബയ്ക്കടുത്തുള്ള അഡാമുസില്‍ നടന്ന അപകടത്തില്‍ നിരവധിപേര്‍ ഇപ്പോഴും ഈ ട്രെയിനുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലാഗയില്‍ നിന്നും മാഡ്രിഡിലേക്കുള്ള ട്രെയിനും, ഹുവേലയിലേക്കുള്ള ട്രെയിനും തൊട്ടടുത്ത പാളങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിവേഗത്തില്‍ പോവുകയായിരുന്ന ട്രെയിനുകള്‍ പാളം തെറ്റി തമ്മില്‍ ഇടിക്കുകയായിരുന്നു. മരണപ്പെട്ടവരില്‍ ഒരള്‍ ഹുവേലയിലേക്കുള്ള ട്രെയിനിന്റെ ഡ്രൈവറാണ്. ഈ അപകടത്തിന്റെ പൂര്‍ണ്ണമായ വ്യാപ്തി ഇനിയും പുറത്ത് വന്നിട്ടില്ല. സ്‌പെയിന്‍ ആഭ്യന്തരമന്ത്രി പറഞ്ഞത് ചുരുങ്ങിയത് 21 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാകാം എന്നാണ്.




നൂറിലധികം പേരെ ഗുരുതരമായ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, അതി 25 പേരുടെ നില അതീവ ഗുരുതരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതില്‍, മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ മാത്രം 317 യാത്രക്കാരുണ്ടായിരുന്നതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിനുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ ഇപ്പൊഴും കുടുങ്ങിക്കിടക്കുന്നു എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും കഠിനമായി പ്രയത്‌നിക്കുകയാണ് അടിയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍.

ഒരു ഭൂമികുലുക്കം സംഭവിച്ചതുപോലെയുള്ള അനുഭവമായിരുന്നു എന്നാണ് അപകടം നടക്കുന്ന സമയത്ത് ട്രെയിനില്‍ ഉണ്ടായിരുന്ന, റേഡിയോ നാഷണല്‍ ഡി എസ്പാനയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സാല്‍വഡോര്‍ ജിമെനെസ് പറഞ്ഞത്. അപകടം നടന്ന ഉടന്‍ തന്നെ ട്രെയിന്‍ ജീവനക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും, ഉടനടി അപകടത്തില്‍ പെട്ടവര്‍ക്ക് സഹായം ലഭ്യമാക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. പാളം തെറ്റി മറിഞ്ഞ ക്യാരേജുകളില്‍ ഒന്ന് ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

നിരവധി ആംബുലന്‍സുകളും, മൊബൈല്‍ ഐ സിയുകളും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രദേശത്തെ ഏഴ് ഫയര്‍‌സ്റ്റേഷനില്‍ നിന്നുള്ള ജീവനക്കാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. പ്രദേശവാസികളും, രക്ഷാപ്രവര്‍ത്തനത്തിന് നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.