- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിശ്വാസിയെന്ന് പറഞ്ഞിട്ട് ദൈവത്തെ കൊള്ളയടിക്കുന്നോ? സ്വര്‍ണ്ണപ്പാളിയില്‍ വീണ്ടും സ്വര്‍ണ്ണം പൂശുന്നത് എന്തിന്? എന്‍. വാസുവിനെ വായടപ്പിച്ച് സുപ്രീം കോടതി! 'പ്രായവും രോഗവും' വിലപ്പോയില്ല! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കടുപ്പിച്ച് ജസ്റ്റിസ് ദീപങ്കര്‍ ദത്ത; ദേവസ്വം മുന്‍ പ്രസിഡന്റിന് ജാമ്യമില്ല

ന്യൂഡല്‍ഹി: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിശ്വാസി എന്ന് അവകാശപ്പെടുന്ന നിങ്ങള്‍ ദൈവത്തെ കൊള്ളയടിക്കുകയാണോ എന്ന് ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ദിപാങ്കര്‍ ദത്തയുടെ അധ്യക്ഷയില്‍ ഉള്ള ബെഞ്ച് ആരാഞ്ഞു. സ്വര്‍ണ്ണപ്പാളികളില്‍ വീണ്ടും സ്വര്‍ണം പൂശുന്നത് എന്തിനാണെന്നും സുപ്രീം കോടതി ആരാഞ്ഞു.
അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ വാദം. എന്നാല്‍, കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 72 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്‍ വാസു. ആദ്യം ഹര്‍ജി പരിഗണിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് കോടതി തന്നെ തള്ളുകയായിരുന്നു.
കഴിഞ്ഞ 77 ദിവസമായി വാസു ജയിലില്‍ ആണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഷാജി പി ചാലി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. 75 വയസ്സിലധികം പ്രായമായി. വാസു ദേവസ്വം കമ്മിഷണര്‍ ആയിരുന്നുവെന്നും, തിരുവാഭരണം കമ്മിഷണര്‍ ആയിരുന്നില്ലെന്നും ഷാജി പി ചാലി ചൂണ്ടിക്കാട്ടി. അതിനാല്‍ ശബരിമലയിലെ സ്വര്‍ണം പൂശലുമായി വാസുവിന് ബന്ധം ഇല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അഭിഭാഷക, ആന്‍ മാത്യുവും വാസുവിന് വേണ്ടി ഹാജരായിരുന്നു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നായിരുന്നു എന്‍.വാസു ആവശ്യപ്പെട്ടിരുന്നത്.
വാസുവിന് ജാമ്യം അനുവദിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ജാമ്യത്തതിനായി അദ്ദേഹത്തിന് കീഴ്‌കോടതികളെ സമീപിക്കാമെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി ഹാജര്‍ ആയി.
സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ ഡി
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിനു പിന്നാലെയാണ് നടപടി. റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയതായി അറിയുന്നു.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 100 ഗ്രാം സ്വര്‍ണക്കട്ടി പിടിച്ചെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയാറാക്കിയ ഔദ്യോഗിക രേഖകളുള്‍പ്പെടെ വിവിധ ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തു. 2019 നും 2024 നും ഇടയില്‍ പുറപ്പെടുവിച്ച ഔദ്യോഗിക ശിപാര്‍ശകള്‍, ഉത്തരവുകള്‍, കത്തിടപാടുകള്‍, സ്വകാര്യ ജ്വല്ലറികളുടെ ഇന്‍വോയ്സുകള്‍, പണമടച്ച രേഖകള്‍, രാസവസ്തുക്കള്‍ വേര്‍തിരിച്ചെടുക്കല്‍, പുനര്‍നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട വാറന്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന രേഖകളും പിടിച്ചെടുത്തു.
ദ്വാരപാലക വിഗ്രഹ ഭാഗങ്ങള്‍, പീഠങ്ങള്‍, ശ്രീകോവിലിന്റെ വാതില്‍ ഫ്രെയിം പാനലുകള്‍, സ്വര്‍ണം പൊതിഞ്ഞ പുരാവസ്തുക്കള്‍ തുടങ്ങിയവ 'ചെമ്പ് തകിട്' എന്ന് തെറ്റായി ചിത്രീകരിച്ച് അനധികൃതമായി നീക്കം ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പുരാവസ്തുക്കള്‍ പിന്നീട് ചെന്നൈയിലെയും കര്‍ണാടകയിലെയും സ്മാര്‍ട്ട് ക്രിയേഷന്‍സ്, റോഡാം ജ്വല്ലേഴ്സ് എന്നിവയുള്‍പ്പെടെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി. അവിടെ അറ്റകുറ്റപ്പണികളുടെ മറവില്‍ രാസപ്രക്രിയ വഴി സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി ഇ.ഡി വ്യക്തമാക്കുന്നു.
പിടിച്ചെടുത്ത സ്വര്‍ണവും അനുബന്ധ സ്വത്തുക്കളും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്നും അവ പ്രതികള്‍ സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തുവെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. കൊച്ചി സോണല്‍ ഓഫിസില്‍ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്.


