- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സൂര്യന്‍ ഭൂമിയെ വിഴുങ്ങും, അല്ലെങ്കില്‍ തകര്‍ത്തെറിയും; ചരമക്കുറിപ്പ് ഇപ്പോഴേ എഴുതി നാസ! 500 കോടി വര്‍ഷത്തിന് ശേഷം സൗരയൂഥം കത്തിയെരിയും; ഹെലിക്സ് നെബുലയിലെ ആ വിസ്മയക്കാഴ്ച ഭൂമിയുടെ ഭാവിയോ? നമ്മള് ചാരമാകുമ്പോള്‍ മറ്റൊരു ലോകം പിറക്കുമെന്നും വെളിപ്പെടുത്തല്‍
സൂര്യന്‍ ഭൂമിയെ വിഴുങ്ങും, അല്ലെങ്കില്‍ തകര്‍ത്തെറിയും

വാഷിങ്ടണ്‍: നമ്മുടെ സൗരയൂഥത്തിന്റെ അന്ത്യം എങ്ങനെയായിരിക്കും? നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (JWST) പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഏകദേശം 500 കോടി( 5 ബില്യണ്‍) വര്‍ഷങ്ങള്‍ക്കകം സൂര്യന്‍ തകരുകയും, അതിനുശേഷം വാതകങ്ങളുടെയും ധൂളിപടലങ്ങളുടെയും ഒരു പുറന്തോട് മാത്രം അവശേഷിക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഈ പ്രക്രിയയില്‍ ഭൂമിയെ ഒന്നുകില്‍ വികസിക്കുന്ന സൂര്യന്‍ വിഴുങ്ങുകയോ, അല്ലെങ്കില്‍ ഗുരുത്വാകര്‍ഷണ ശക്തികളാല്‍ ചിതറിപ്പോവുകയോ ചെയ്യുമെന്നാണ് പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.
ഭൂമിക്ക് അന്ത്യവിധി എഴുതി സൂര്യന്‍
ഭൂമിയില്‍ നിന്ന് 650 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്സ് നെബുലയുടെ പുതിയ ചിത്രങ്ങള്‍ ജെയിംസ് വെബ് ടെലിസ്‌കോപ്പ് പകര്‍ത്തിയതോടെയാണ്, നമ്മുടെ സൂര്യന്റെ അന്ത്യം എങ്ങനെയായിരിക്കുമെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചത്.
നമ്മുടെ സൂര്യനും ഗ്രഹവ്യവസ്ഥയ്ക്കും സംഭവിക്കാനിടയുള്ള ഭാവി എന്തായിരിക്കുമെന്നതിന്റെ അടുത്ത കാഴ്ചയാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നതെന്ന് നാസ വിശദീകരിക്കുന്നു. ഈ നശിക്കുന്ന നക്ഷത്രം പുറന്തള്ളിയ മൂന്ന് പ്രകാശവര്‍ഷം വിസ്താരമുള്ള വാതക വലയത്തിനുള്ളില്‍ അതിശയകരമായ ഘടനകളുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.
ഒരു നക്ഷത്രത്തിന്റെ ജീവിതകാലമത്രയും അതിന്റെ കാതലിലെ ഹൈഡ്രജന്‍ ഹീലിയമായി മാറുന്ന പ്രക്രിയയാണ് ഊര്‍ജ്ജം നല്‍കുന്നത്. എന്നാല്‍ ഹൈഡ്രജന്‍ തീരുന്നതോടെ നക്ഷത്രത്തിന്റെ കാതല്‍ തകരുകയും പുറംഭാഗം അതിവേഗം വികസിക്കുകയും ചെയ്യുന്നു. ഇതോടെ സൂര്യന്‍ ഒരു 'റെഡ് ജയന്റ്' (Red Giant) ആയി മാറി ഇപ്പോഴത്തേതിന്റെ ആയിരം മടങ്ങ് വരെ വലുതാകും. ഈ ഘട്ടത്തില്‍ ഭൂമി ഒന്നുകില്‍ സൂര്യന്റെ തീവ്രമായ ചൂടില്‍ ആവിയായി പോകും, അല്ലെങ്കില്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങളാല്‍ തകര്‍ന്ന് തരിപ്പണമാകും. ഒടുവില്‍ നക്ഷത്രത്തിന്റെ കാതല്‍ ചുരുങ്ങി 'വൈറ്റ് ഡ്വാര്‍ഫ്' ആയി മാറുകയും പുറംപാളികള്‍ ബഹിരാകാശത്തേക്ക് ചിതറി ഹെലിക്സ് നെബുലയ്ക്ക് സമാനമായ ഒരു വാതകവലയം തീര്‍ക്കുകയും ചെയ്യും.
ജെയിംസ് വെബ്ബിന്റെ പുതിയ കാഴ്ചകള്‍
ജെയിംസ് വെബ് ടെലിസ്‌കോപ്പിലെ NIRCam പകര്‍ത്തിയ ഹെലിക്സ് നെബുലയുടെ ചിത്രത്തില്‍ വിവിധ നിറങ്ങള്‍ നക്ഷത്രത്തിന്റെ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. ചിത്രത്തിലെ നീലനിറം വൈറ്റ് ഡ്വാര്‍ഫില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്ന അതീവ ചൂടുള്ള വാതക മേഖലകളെയാണ് കാണിക്കുന്നത്. മഞ്ഞനിറം താരതമ്യേന തണുത്ത ഇടങ്ങളെയും ചുവപ്പ് നിറം പൊടിപടലങ്ങള്‍ രൂപപ്പെടുന്ന ഏറ്റവും തണുത്ത ഭാഗങ്ങളെയും അടയാളപ്പെടുത്തുന്നു. ഹബിള്‍ ടെലിസ്‌കോപ്പ് പകര്‍ത്തിയ പഴയ ചിത്രങ്ങളില്‍ വെറും മങ്ങിയ രൂപമായിരുന്ന ഈ നെബുലയെ ഇത്രയും വ്യക്തതയോടെ കാണുന്നത് ആദ്യമായാണ്.
നശീകരണമല്ല, സൃഷ്ടി
ഭൂമിയുടെ അന്ത്യം ഭീകരമായി തോന്നാമെങ്കിലും, ഇതിനെ നശീകരണമായല്ല മറിച്ച് 'സൃഷ്ടി'യായാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫസര്‍ ജാനറ്റ് ഡ്രൂ കാണുന്നത്. നക്ഷത്രം നശിക്കുമ്പോള്‍ പുറന്തള്ളപ്പെടുന്ന വാതകങ്ങളിലും പൊടിപടലങ്ങളിലും കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള മൂലകങ്ങളുണ്ട്. ഈ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് പുതിയ നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപപ്പെടാന്‍ കാരണമാകും. അതായത്, 500 കോടി വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ ഭൂമി നശിക്കുമ്പോള്‍ പുറത്തുവരുന്ന മൂലകങ്ങള്‍ മറ്റേതെങ്കിലും ഒരു ഗാലക്‌സിയില്‍ ജീവന്റെ പുതിയൊരു ലോകം സൃഷ്ടിക്കാന്‍ കാരണമായേക്കാം.
ചുരുക്കത്തില്‍, സൗരയൂഥം എന്നെന്നേക്കുമായി ഇല്ലാതാകുകയല്ല, മറിച്ച് മാറ്റത്തിന് വിധേയമാകുകയാണ് ചെയ്യുന്നത്. ഭൂമി അപ്രത്യക്ഷമായാലും, നക്ഷത്രങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഈ 'അസംസ്‌കൃത വസ്തുക്കള്‍' പ്രപഞ്ചത്തിന്റെ മറ്റൊരു ഭാഗത്ത് സങ്കീര്‍ണ്ണമായ ജീവരൂപങ്ങള്‍ക്ക് അടിസ്ഥാനമിടും.


