മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് അദ്ദേഹം എപ്പോഴും കൈയില്‍ കെട്ടാറുള്ള പ്രിയപ്പെട്ട വാച്ച്. വിമാനാപകടത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും തകരുകയും ചിന്നിച്ചിതറുകയും ചെയ്ത നിലയിലായിരുന്നു. സ്‌ഫോടനത്തിലും തീപിടിത്തത്തിലും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വികൃതമായെങ്കിലും, ആ കൈത്തണ്ടയിലെ വാച്ചാണ് ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ആ സത്യം വെളിപ്പെടുത്തിയത്. അജിത് പവാറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്.

ബുധനാഴ്ച രാവിലെ എട്ടു മണിക്ക് മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പുറപ്പെട്ട സ്വകാര്യ വിമാനം 8.45-ന് ബരാമതി വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നു വീണത്. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന പി.എസ്.ഒ, അറ്റന്‍ഡന്റ്, പൈലറ്റ് ഇന്‍ കമാന്‍ഡ്, ഫസ്റ്റ് ഓഫീസര്‍ എന്നിവരടക്കം അഞ്ചുപേരും അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. ഡല്‍ഹി ആസ്ഥാനമായുള്ള വി.എസ്.ആര്‍ വെഞ്ച്വേഴ്‌സിന്റെ ചെറുവിമാനമാണ് കത്തിനശിച്ചത്.

തന്റെ മണ്ഡലമായ ബരാമതിയിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു വിധി അദ്ദേഹത്തെ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലും സജീവമായി പങ്കെടുത്ത ശേഷമാണ് പവാര്‍ തന്റെ തട്ടകത്തിലേക്ക് യാത്ര തിരിച്ചത്.

കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതാണ് വി.എസ്.ആര്‍. വെഞ്ചേഴ്സിന്റെ ലിയര്‍ജെറ്റ് വിമാനം തകരാന്‍ കാരണമെന്നാണ് പ്രാഥമിക സൂചനകള്‍. അപകടത്തിന് പിന്നാലെ ബാരാമതി വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന പിടിച്ചെടുത്തു. ടേബിള്‍ടോപ് രീതിയിലുള്ള അപകടം പിടിച്ച റണ്‍വേയും കൃത്യമായ ലാന്‍ഡിങ് സംവിധാനങ്ങളുടെ കുറവുമാണ് അജിത് പവാറിന്റെ ജീവനെടുത്തതെന്നാണ് ഉയരുന്ന ആക്ഷേപം.

ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം പോലുമില്ലാത്ത ബാരാമതി വിമാനത്താവളത്തില്‍ പൈലറ്റിന്റെ കണ്ണിനെ മാത്രം വിശ്വസിച്ചുള്ള 'മാനുവല്‍' ലാന്‍ഡിംഗാണ് പവാറിന്റെ വിധി നിശ്ചയിച്ചത്. കനത്ത മഞ്ഞില്‍ ആദ്യ ശ്രമത്തില്‍ റണ്‍വേ കണ്ടെത്താന്‍ കഴിയാതെ പൈലറ്റ് വിമാനം വെട്ടിത്തിരിച്ച് ഉയര്‍ത്തിയിരുന്നു. എന്നാല്‍ രണ്ടാം ശ്രമത്തില്‍ നൂറടി മാത്രം ഉയരത്തില്‍ വെച്ച് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് 'എമര്‍ജന്‍സി' സന്ദേശം അയച്ചെങ്കിലും നിമിഷങ്ങള്‍ക്കകം വിമാനം റണ്‍വേക്ക് തൊട്ടുമുന്നില്‍ നിലത്തിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.

വിമാനം തകര്‍ന്നു വീണുടന്‍ വിമാനത്താവള ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും ആളിപ്പടര്‍ന്ന തീയും സ്‌ഫോടനവും രക്ഷാപ്രവര്‍ത്തനത്തെ നിഷ്ഫലമാക്കി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കിട്ടിയ ആ വാച്ചാണ് ഒടുവില്‍ അജിത് പവാറിനെ തിരിച്ചറിയാന്‍ ഏക സഹായമായത്. ഡി.ജി.സി.എയും എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തിലെ സുരക്ഷാ പോരായ്മകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.