- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രണയിച്ചവനെ പ്രതിയാക്കി ലോക്കല്‍ പോലീസ്; നഖത്തിനിടയിലെ തൊലിത്തുമ്പ് കുടുക്കിയത് യഥാര്‍ത്ഥ കൊലയാളിയെ! കോട്ടാങ്ങല്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസില്‍ പ്രതി നസീറിന് ജീവപര്യന്തം; ക്രൈംബ്രാഞ്ച് തെളിയിച്ച ആ അരുംകൊലയുടെ ഞെട്ടിക്കുന്ന കഥ!

പത്തനംതിട്ട: കേരള മനസ്സാക്ഷിയെ നടുക്കിയ കോട്ടാങ്ങല്‍ ടിഞ്ചു മൈക്കിള്‍ വധക്കേസില്‍ പ്രതി നസീറിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ബലാത്സംഗത്തിന് 10 വര്‍ഷം തടവും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ഏഴു വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം ബോധരഹിതയാക്കി ജീവനോടെ കെട്ടിത്തൂക്കിയ പ്രതി നസീറിന് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവ് വിധിച്ചത്. ഒരു നിരപരാധിയെ പ്രതിയാക്കാന്‍ വെമ്പിയ ലോക്കല്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച്, ശാസ്ത്രീയ തെളിവുകളിലൂടെ യഥാര്‍ത്ഥ പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടിയ ഈ കേസ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാല്‍ നിറഞ്ഞതാണ്.
അരുംകൊല നടന്നത് 2019 ഡിസംബറില്‍
2019 ഡിസംബര്‍ 15-നാണ് കോട്ടാങ്ങല്‍ സ്വദേശിനി ടിഞ്ചു മൈക്കിളിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തായ ടിജിനൊപ്പമായിരുന്നു ടിഞ്ചു താമസിച്ചിരുന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന നേരം നോക്കി തടിക്കച്ചവടക്കാരനായ നസീര്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തല കട്ടിലിന്റെ പടിയിലിടിച്ച് ബോധം കെടുത്തിയ ശേഷം മൃഗീയമായി ബലാത്സംഗം ചെയ്തു. മരിച്ചുവെന്ന് കരുതിയെങ്കിലും ടിഞ്ചുവിന് അപ്പോള്‍ ശ്വാസമുണ്ടായിരുന്നു. ക്രൂരത അവിടെയും നിര്‍ത്തിയില്ല, ബോധരഹിതയായ യുവതിയെ മുണ്ട് കഴുത്തില്‍ കുരുക്കി മേല്‍ക്കൂരയിലെ ഹുക്കില്‍ കെട്ടിത്തൂക്കി മരണം ഉറപ്പാക്കി.
പോലീസിന്റെ ക്രൂരത; നടുവൊടിഞ്ഞത് പ്രണയിച്ചവന്!
കേസിന്റെ ആദ്യഘട്ടത്തില്‍ പെരുമ്പെട്ടി പോലീസിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ-ഒപ്പം താമസിച്ചിരുന്ന ടിജിനെ പ്രതിയാക്കുക. ടിജിനെ ലോക്കപ്പ് മര്‍ദ്ദനത്തിലൂടെ നട്ടെല്ല് ഒടിച്ച് കിടപ്പിലാക്കി. സംസ്‌കാര ചടങ്ങില്‍ പോലും പങ്കെടുക്കാന്‍ അനുവദിക്കാതെ മര്‍ദ്ദിച്ചു ചതച്ച എസ്.ഐ പിന്നീട് ഒത്തുതീര്‍പ്പിനായി പണം വാഗ്ദാനം ചെയ്തത് പോലീസിന് തന്നെ നാണക്കേടായി. തന്നെ പ്രതിയാക്കാന്‍ പോലീസ് കിണഞ്ഞു ശ്രമിക്കുമ്പോഴും യഥാര്‍ത്ഥ പ്രതി പുറത്ത് വിലസുകയാണെന്ന് തിരിച്ചറിഞ്ഞ ടിജിന്‍ നടത്തിയ നിയമപോരാട്ടമാണ് കേസ് ക്രൈംബ്രാഞ്ചില്‍ എത്തിച്ചത്.
തിരിച്ചറിഞ്ഞത് ആ നഖങ്ങള്‍ക്കിടയിലെ ഡിഎന്‍എ!
ദൃക്സാക്ഷികളില്ലാത്ത കേസില്‍ ക്രൈംബ്രാഞ്ചിന് തുമ്പായത് ടിഞ്ചുവിന്റെ നഖങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ രക്തത്തിന്റെയും തൊലിയുടെയും അംശമാണ്. തടിക്കച്ചവടക്കാരനായി പ്രദേശത്ത് കറങ്ങി നടന്നിരുന്ന നസീറിനെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ക്ക് പരിക്കുകളുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 53 മുറിവുകളാണ് ടിഞ്ചുവിന്റെ ശരീരത്തിലുണ്ടായിരുന്നത്. അക്രമിയെ ടിഞ്ചു സര്‍വ്വശക്തിയുമെടുത്ത് പ്രതിരോധിച്ചിരുന്നു എന്നതിന്റെ അടയാളമായിരുന്നു അത്. സംശയം തോന്നിയ നസീറിന്റെ രക്തസാമ്പിള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തിയതോടെ കള്ളന്‍ കുടുങ്ങി. നഖത്തിനിടയില്‍ നിന്ന് കിട്ടിയ അജ്ഞാത ഡിഎന്‍എ നസീറിന്റേതാണെന്ന് തെളിഞ്ഞതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണമികവിലാണ് യഥാര്‍ഥ പ്രതിയായ നസീറിനെ പിടിച്ചത്. ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിന്റെ ശാസ്ത്രീയതെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവദിവസം വീടിന് സമീപത്ത് ഉണ്ടായിരുന്ന മൂന്നുപേരെയാണ് പോലീസ് തുടര്‍ച്ചയായി ചോദ്യംചെയ്തത്. ഇതില്‍ പ്രദേശവാസിയായ നസീറും ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ നഖത്തില്‍നിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ടിജിനും പിതാവും വീട്ടില്‍നിന്ന് രാവിലെ പുറത്തുപോയശേഷം നസീര്‍, യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തല കട്ടില്‍പ്പടിയില്‍ ഇടിപ്പിച്ച് ബോധരഹിതയാക്കിയാണ് പീഡിപ്പിച്ചത്. തുടര്‍ന്ന്, മുണ്ട് കഴുത്തില്‍ കുരുക്കി മേല്‍ക്കൂരയിലെ ഇരുമ്പുഹുക്കില്‍ കെട്ടിത്തൂക്കുകയായിരുന്നു.
പണം വാഗ്ദാനം ചെയ്ത് പൊലീസ്
ടിഞ്ചു മൈക്കിള്‍ കൊലക്കേസില്‍ സംശയമുന ആദ്യം നീണ്ടത് ഒപ്പം താമസിച്ചിരുന്ന ടിജിനിലേക്കാണ്. ഇരുവരും 12 വര്‍ഷം പ്രണയത്തിലായിരുന്നു. എന്നാല്‍, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുപേര്‍ക്കും വേറെ വിവാഹം കഴിക്കേണ്ടിവന്നു. പക്ഷേ, പിന്നീട് ടിഞ്ചു ഭര്‍ത്തൃവീട്ടില്‍നിന്ന് ഇറങ്ങി കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിലെത്തി. ടിജിനൊപ്പം പോകുകയാണെന്ന് അവിടെ എഴുതിവെച്ചു. അതിന് മുന്‍പുതന്നെ ടിജിനും ഭാര്യയും തമ്മില്‍ അകന്നിരുന്നു. ഒന്നരവയസ്സ് മാത്രമുള്ള കുഞ്ഞിനൊപ്പമായിരുന്നു ടിജിന്റെ താമസം. ഇദ്ദേഹം ടിഞ്ചുവിനൊപ്പം താമസം തുടങ്ങി ആറുമാസം കഴിഞ്ഞപ്പോള്‍, 2019 ഡിസംബര്‍ 15-നാണ് ജീവിതം തകിടംമറിച്ച സംഭവം നടന്നത്.
അന്ന് പിതാവ് ജോസഫ്, കൊച്ചുമകനുമായി പൊന്‍കുന്നത്തെ ബന്ധുവീട്ടിലേക്ക് രാവിലെ പോയിരുന്നു. ഓട്ടോഡ്രൈവറായ ടിജിന് ഹരിപ്പാട്ടേക്ക് ഓട്ടം കിട്ടി. നാട്ടുകാരനും പരിചയക്കാരനുമായ നസീര്‍ ആ സമയത്താണ് തടി നോക്കാനെത്തിയത്. ഇരുവരും തമ്മില്‍ കണ്ടതുമാണ്. അന്ന് വൈകീട്ട് നാലുമണിയോടെ പിതാവ് വിളിച്ചുപറയുമ്പോഴാണ് ടിഞ്ചുവിന്റെ മരണവാര്‍ത്ത ടിജിന്‍ അറിയുന്നത്. വീട്ടിലെത്തിയ ടിജിനെ മുറിയിലേക്കുപോലും കയറ്റിയില്ല. പെരുമ്പെട്ടി എസ്‌ഐ ആയിരുന്ന ഷെരീഫിന് തന്നെ പ്രതിയാക്കാന്‍ തിടുക്കമായിരുന്നെന്ന് ടിജിന്‍ പറയുന്നു. ടിഞ്ചുവിന്റെ സംസ്‌കാരത്തിലും പങ്കെടുക്കാനായില്ല. ചോദ്യം ചെയ്യാനായി വരുത്തി സ്റ്റേഷനിലെ ക്രൂരമര്‍ദനത്തില്‍ ടിജിന്റെ നട്ടെല്ലിനും മുഖത്തും പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരാഴ്ച ചികിത്സയില്‍ കഴിഞ്ഞു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതോടെ എസ്.ഐ., ആശുപത്രിയില്‍ എത്തി ചെലവിന് പണം വാഗ്ദാനം ചെയ്തു. ഡോക്ടര്‍മാരും ജീവനക്കാരും ഇടപെട്ടാണ് എസ്‌ഐയെ അന്ന് ഇറക്കിവിട്ടത്. പരിക്കേറ്റ് ഏറെനാള്‍ നടുവിന് ബെല്‍റ്റിട്ട് കഴിയേണ്ടിവന്നു. ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. അന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ആര്‍. പ്രതാപന്‍ നായരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കോടതി വിധി ഇങ്ങനെ:
ജീവപര്യന്തം കഠിനതടവ്: കൊലപാതകത്തിന്. 10 വര്‍ഷം തടവ്: ബലാത്സംഗത്തിന്. 7 വര്‍ഷം തടവ്: വീട്ടില്‍ അതിക്രമിച്ചു കയറിയതിന്.
ജഡ്ജി ജി.പി. ജയകൃഷ്ണനാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. 22 മാസത്തെ കഠിനമായ അന്വേഷണത്തിനൊടുവിലാണ് നസീറിനെ ക്രൈംബ്രാഞ്ച് കുടുക്കിയത്. ലോക്കല്‍ പോലീസിന്റെ ലോക്കപ്പ് മര്‍ദ്ദനമേറ്റ് നട്ടെല്ല് തകര്‍ന്ന് ഇന്നും ബെല്‍റ്റിട്ട് കഴിയുന്ന ടിജിന് ഈ വിധി വൈകിയെത്തിയ നീതിയാണ്. പ്രണയിച്ചവളെ കൊന്ന പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ആ യുവാവ് നടത്തിയ പോരാട്ടം ഇന്ന് സഫലമായിരിക്കുന്നു.


