- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചത് തന്റെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയെന്ന് ആന്റണി രാജു; തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു; കുറ്റക്കാരനായി കണ്ടെത്തിയ വിധിയും അയോഗ്യതയും നിലനില്ക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് ആശ്വാസമായി കോടതി വിധി. തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിനെതിരായ ശിക്ഷാവിധി തിരുവനന്തപുരം സെഷന്‍സ് കോടതി മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധിയും ജനപ്രതിനിധി എന്ന നിലയിലുള്ള അയോഗ്യതയും നിലവില്‍ തുടരും. ഈ കേസില്‍ കോടതി ഈ മാസം 6ന് കൂടുതല്‍ വിശദമായ വാദം കേള്‍ക്കും. ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് കേസിലെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചത്.
തൊണ്ടിമുതല്‍ തിരിമറി കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് ആന്റണി രാജു തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി ഫെബ്രുവരി ആറിന് കോടതി പരിഗണിക്കും. മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാന്‍, ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായിരുന്ന ആന്റണി രാജുവിനെ കോടതി മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നത്.
കേരള ചരിത്രത്തില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് എംഎല്‍എ സ്ഥാനം നഷ്ടമാവുന്ന ആദ്യത്തെയാളാണ് ആന്റണി രാജു. കേസില്‍ രണ്ടാംപ്രതിയാണ് അദ്ദേഹം. ഒന്നാംപ്രതി ജില്ലാ കോടതിയിലെ ക്ലര്‍ക്ക് കെ.എസ്. ജോസും മൂന്നുവര്‍ഷം തടവ് അനുഭവിക്കണം. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചതിനാല്‍ ജയിലിലായിരുന്നില്ല. ശിക്ഷാ കാലാവധി കഴിഞ്ഞാലും ആറുവര്‍ഷത്തേക്ക് ആന്റണി രാജുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ മേല്‍ക്കോടതികള്‍ സ്റ്റേചെയ്താലേ അയോഗ്യത ഒഴിവാകൂ. അപ്പീല്‍ നല്‍കാന്‍ കോടതി ഒരുമാസത്തെ സമയവും അനുവദിച്ചിരുന്നു.
മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. തന്റെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയായിരുന്നു കോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചതെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. ആദ്യഘട്ടത്തില്‍ മൂന്ന് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. അക്കാര്യങ്ങളൊന്നും കോടതി പരിഗണിച്ചില്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടിയിരുന്നു. ആ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചത്. ശിക്ഷാ വിധി മരവിപ്പിച്ചതുകൊണ്ട് ആന്റണി രാജുവിന്റെ അയോഗ്യത റദ്ദാക്കപ്പെടില്ല. കോടതിയുടെ അന്തിമ വിധിക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂ.
ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ ഇക്കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു കോടതി ആന്റണി രാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതേ ദിവസം തന്നെ ആന്റണി രാജുവിനുള്ള ശിക്ഷയും കോടതി വിധിച്ചിരുന്നു. മൂന്ന് വര്‍ഷം തടവിന് പുറമേ പതിനായിരം രൂപ പിഴയും കോടതി വിധിച്ചിരുന്നു.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയാണ് പിടിയിലായത്. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്നു സര്‍വലിയുടെ അടിവസ്ത്രം.
പ്രശസ്ത അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡായിരുന്നു പ്രതിയ്ക്ക് വേണ്ടി അന്ന് ഹാജരായത്. സെലിന്റെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു. എന്നാല്‍ ഈ കേസ് തോല്‍ക്കുകയും സര്‍വലിക്ക് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ വി ശങ്കരനാരായണന്‍ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു.
ഇതില്‍ കൃത്രിമത്വം നടത്തിയാല്‍ മേല്‍ക്കോടതിയില്‍ അപ്പീലില്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതിന് പിന്നാലെ ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തുകയായിരുന്നു. കുഞ്ഞിരാമ മേനോന്‍ ആയിരുന്നു അന്ന് പ്രതിക്കുവേണ്ടി വക്കാലത്തെടുത്തത്. കേസിലെ പ്രധാന തൊണ്ടിമുതലായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമായിരുന്നു അന്ന് പ്രതിഭാഗം ഉയര്‍ത്തിയത്.
അടിവസ്ത്രം പ്രതിക്ക് ധരിക്കാന്‍ കഴിയില്ലെന്ന് കോടതി നേരിട്ട് ഉറപ്പാക്കുകയും ഹൈക്കോടതി പ്രതിയെ വെറുതേവിടുകയും ചെയ്തു. തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് കടന്ന ആന്‍ഡ്രൂ അവിടെ കൊലക്കേസില്‍പ്പെടുകയും തടവില്‍ വെച്ച് സഹതടവുകാരനോട് കേരളത്തിലെ കേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ സിബിഐയ്ക്ക് വിവരം കൈമാറുകയും സിബിഐ കേരളാ പൊലീസിന് കത്ത് നല്‍കുകയുമായിരുന്നു. പിന്നാലെയാണ് ആന്റണി രാജുവിനെതിരേ കേസെടുക്കുന്നത്. ജില്ലാക്കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍, പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ക്ലാര്‍ക്കായ ജോസും ചേര്‍ന്ന് തിരിമറി നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. സഹതടവുകാരന്‍ ഇത് ഓസ് ട്രേലിയന്‍ പോലീസിനെ അറിയിക്കുകയും അവര്‍ ഇന്റര്‍പോള്‍ വഴി കേരളപോലീസിന് വിവരം കൈമാറുകയുമായിരുന്നു.


