തിരുവനന്തപുരം: മൂന്നാം വട്ടവും കേരളത്തില്‍ സിപിഎം അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടി നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യമേറും. മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ അത് നാശത്തിലേക്ക് നയിക്കും. മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭവികമായും പാര്‍ട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും. ബംഗാളില്‍ അതു കണ്ടെതാണെന്നും ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സച്ചിദാനന്ദന്‍ പറഞ്ഞു. പാര്‍ട്ടിയെ നാശത്തില്‍നിന്നു തടയാനായി മൂന്നാം തവണയും അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്നും സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടു. അധികാര തുടര്‍ച്ചയ്ക്കായി സിപിഎം വമ്പന്‍ പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകുമ്പോഴാണ് ഇടതു സഹയാത്രികനായ സച്ചിദാനന്ദന്റെ പരാമര്‍ശങ്ങള്‍.

തുടര്‍ഭരണം പാര്‍ട്ടികളെ നശിപ്പിക്കുമെന്നും അത് ദുരധികാരമായി മാറുമെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ബംഗാളിലെ അനുഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ നിരീക്ഷണത്തെ, കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. അധികാരം പാര്‍ട്ടിയെ നശിപ്പിക്കും എന്നും തുടര്‍ച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നുമാണ് കെ സച്ചിദാനന്ദന്‍ പറഞ്ഞത്. പിണറായിയെ മൂന്നാമതും അധികാരത്തിലേറ്റാല്‍ സി പി എം നീക്കം നടത്തുമ്പോഴാണ് കമ്യൂണിസ്റ്റ് സഹയാത്രികനായ എഴുത്തുകാരന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പില്‍ ഉണ്ട്. അവിടെ തുടര്‍ച്ചയായി ഭരണം കൈ വന്നപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അടിച്ചമര്‍ത്തപ്പെട്ടു. അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. സ്വാര്‍ത്ഥരായ ആളുകള്‍ അധികാരം കൈകാര്യം ചെയ്തു. അധികാരം പാര്‍ട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാള്‍. തുടര്‍ച്ചയായ ഭരണം അല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടത്. മാറിമാറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുക. ഇതാണ് സച്ചിദാനന്ദന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

കേരളത്തില്‍ മൂന്നാം ഭരണം എന്ന് സി പി എം ആര്‍ത്ത് വിളിക്കുമ്പോഴാണ് അതേ സര്‍ക്കാരിന്റെ സാഹിത്യ അക്കാദമിയുടെ ചുമതലയുള്ള അധ്യക്ഷന്‍ ഇനിയും ഭരണം വേണ്ട എന്ന് നിലപാട് എടുക്കുന്നത്. സി പി എം സഹയാത്രികനായ സച്ചിദാനന്ദന്‍ ബംഗാളിന്റെ മാതൃക ചൂണ്ടിക്കാട്ടി കേരളത്തിലെ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കുന്നത് സി പി എമ്മിന് വലിയ തലവേദനയായി. എന്നാല്‍ അത് പുറത്ത് കാണിക്കാതെ ബംഗാള്‍ അല്ല കേരളം എന്ന മറുപടി നല്‍കുകയാണ് ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.

കേരളാ പൊലീസിനെയും വിമര്‍ശിച്ച് സച്ചിദാനന്ദന്‍ പ്രതികരിച്ചു.'കേരളത്തില്‍ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങളെയും യുഎപിഎ ചുമത്തലുകളെയും ഞാന്‍ അംഗീകരിക്കുന്നില്ല''. ഗ്രോവാസുവിന്റെ അറസ്റ്റ് അടക്കമുള്ള കേരള പൊലീസിന്റെ നടപടികളും അപലനീയമാണെന്നായിരുന്നു പ്രതികരണം. പൊലീസിലെ ആര്‍എസ്എസ് വിഭാഗക്കാരാണ് ഇതിനു പിന്നിലെന്നാണ് പാര്‍ട്ടിയുടെ വാദം. അത് എന്തുതന്നെയായാലും അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.

എന്നാല്‍ ബംഗാളിലെ കാര്യം മാത്രമാണ് സച്ചിദാനന്ദന്‍ പറഞ്ഞത് എന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ വ്യാഖ്യാനം. ബംഗാളിലെയല്ല, കേരളത്തിലെ തുടര്‍ഭരണത്തെയാണ് വിലയിരുത്തേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണെന്നും ഗൃഹസന്ദര്‍ശന വേളയില്‍ ഒരാള്‍ പോലും സര്‍ക്കാരിനെ വിമര്‍ശിച്ചില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭരണത്തുടര്‍ച്ച ജനക്ഷേമത്തിനാണെന്ന വ്യാഖ്യാനവും എല്‍ ഡി എഫ് കണ്‍വീനര്‍ നടത്തി.

2021 ലെ തെരഞ്ഞെടുപ്പ് കാലത്ത് എം എന്‍ കാരശ്ശേരി സമാനമായ അഭിപ്രായം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് എതിരെ സി പി എം നേതാക്കളും സൈബര്‍ അണികളും വലിയ അധിക്ഷേപങ്ങളാണ് ഉന്നയിച്ചത്. കാരശ്ശേരിയെ വളഞ്ഞിട്ട് ആക്രമിച്ച ഇടത് സൈബര്‍ കൂട്ടം സച്ചിദാനന്ദന്റെ പ്രസ്താവന വന്നതോടെ പകച്ചു നില്‍ക്കുകയാണ്. അധികാരം ദുഷിപ്പിച്ചു എന്ന് തന്നെയാണ് സച്ചിദാനന്ദന്‍ പറയാതെ പറയുന്നത്. മറ്റ് പ്രധാന ഇടതു ബുദ്ധിജീവികള്‍ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.