കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യന്‍ മുരാരി തന്ത്രിയെന്ന രാജന്‍ ബാബുവിന്റെ റീല്‍സിലെ 'തള്ളു'കളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലം വെണ്ടാറിലാണ് ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിയെ ജ്യോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ പ്രതിയായ വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ ബാബു ഒളിവില്‍ പോയെങ്കിലും പിന്നീട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളയുകയായിരുന്നു.

ഭരണിക്കാവില്‍ നിന്നാണ് പുത്തൂര്‍ പൊലീസ് ജ്യോത്സ്യനെ പിടികൂടിയത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് ഇയാള്‍ ഒളിവില്‍പ്പോയത്. പൊലീസ് ഇയാളെ പിടികൂടുമ്പോഴുള്ള ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് പിടികൂടിയപ്പോള്‍ അഴിഞ്ഞ മുണ്ട് ഉടുക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. 'ഞാന്‍ മുണ്ട് ഒന്ന് ഉടുത്തോട്ടേ സാറേ,മര്യാദയ്ക്ക് ഇങ്ങോട്ട് വാടാ.. ജെട്ടിപ്പുറത്ത് പോയാ മതി...മര്യാദയ്ക്ക് ഇങ്ങോട്ട് വാടാ..' എന്നാണ് ദൃശ്യത്തില്‍ പറയുന്നത്.

സമൂഹമാദ്ധ്യമങ്ങളില്‍ റീല്‍സ് വീഡിയോകളിലൂടെയും മറ്റും സജീവമായ വ്യക്തിയാണ് മുരാരി തന്ത്രി. മാപ്പിളപ്പാട്ട് പാടി അഭിനയിച്ചും പ്രവചനങ്ങള്‍ നടത്തിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇയാള്‍. ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നാണ് ജ്യോത്സ്യന്റെ വേഷം അണിയുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായിരുന്ന ലോറി ഡ്രൈവര്‍ അര്‍ജുന്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രവചനവും ഇയാള്‍ നടത്തിയിരുന്നു. ഇതോടെ വ്യാജ ജ്യോത്സ്യന്‍ എന്ന് വിമര്‍ശനവും ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. തന്റെ പ്രവചനങ്ങള്‍ കൊണ്ട് പല നടന്മാരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇയാളുടെ പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഇതിനിടെ ഒരു ന്യൂസ് ചാനലിലെ ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വള്ളിയങ്കാവ് ദേവി ക്ഷേത്രത്തിലെ തിരുവാഭരണം 2002ല്‍ മോഷണം പോയതായും അന്ന് ദേവപ്രശ്‌നം വച്ച് മോഷ്ടാവ് ആരെന്ന് പ്രവചിച്ചത് താനാണെന്നുമാണ് മുരാരി തന്ത്രിയെന്ന രാജന്‍ ബാബു അവകാശപ്പെടുന്നത്. 'വള്ളിയങ്കാവ് ദേവി ക്ഷേത്രത്തിലെ ദേവിയുടെ തിരുവാഭരണം മോഷണം പോയി. 2002ല്‍, 2003ല്‍ ഞാനാണ് അവിടെ ദേവപ്രശ്‌നം വച്ചത്. വളരെ കൃത്യമായിട്ട് പറഞ്ഞു, ഇന്നയാളാണ് എടുത്തത്. തിരുവാഭരണം കൊണ്ടുപോയ ആളിനെ വ്യക്തമായിട്ട് ഞാന്‍ പറഞ്ഞു. 22 ജ്യോത്സ്യന്മാരുണ്ടായിരുന്നു എന്നെ മലര്‍ത്തിയടിക്കാന്‍' എന്നാണ് ഇയാള്‍ പറയുന്നത്.

പൊലീസ് പറയുന്നതിങ്ങനെ: കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്. ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്കായി മുന്‍പും പെണ്‍കുട്ടിയും അമ്മയും മുരാരിയുടെ വീട്ടില്‍ പോയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയെ ധരിപ്പിച്ചു. മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിച്ചുനല്‍കാമെന്നും വിശ്വസിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ ഇവര്‍ മന്ത്രവാദിയുടെ അരീക്കലിലെ വീട്ടിലെത്തിയതായിരുന്നു.രാവിലെ 11 മണിക്ക് എത്തിയ ഇവര്‍ക്ക് മൂന്ന് മണിയോടെയാണ് ജോത്സ്യനെ കാണാന്‍ സാധിച്ചത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മാത്രം ഇയാള്‍ മുറിയിലേയ്ക്ക് വിളിപ്പിച്ചു. രണ്ടുമണിക്കൂറിലേറെ പിന്നിട്ടിട്ടും മകള്‍ പുറത്തേയ്ക്ക് വരാതിരുന്നതിനാല്‍ അമ്മ അകത്തുപോയി നോക്കിയപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് പുറത്തുവന്ന് ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി വീടിനുമുന്നില്‍ തടിച്ചുകൂടി. ബഹളത്തിനിടെ തന്ത്രി വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.