ഡമാസ്‌കസ്/മോസ്‌കോ: പതിറ്റാണ്ടുകള്‍ നീണ്ട കുടുംബവാഴ്ച കേവലം 11 ദിവസത്തെ വിമത പോരാട്ടത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പുറത്തുവരുന്നത് മുന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഞെട്ടിക്കുന്ന വിനോദങ്ങളും സ്വഭാവവൈകൃതങ്ങളുമാണ്. രാജ്യം കത്തുമ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമുകളില്‍ മുഴുകിയിരുന്ന, സ്വന്തം വിശ്വസ്തരെ പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഒരു ഭീരുവായ ഭരണാധികാരിയായാണ് അസദ് ഇപ്പോള്‍ ചിത്രീകരിക്കപ്പെടുന്നത്.

ലൂണ അല്‍ ഷിബ്ലും കൊട്ടാരക്കെട്ടിലെ പെണ്‍വാണിഭവും

ബാഷര്‍ അല്‍-അസദ് അമിത ലൈംഗിക ആസക്തിയുള്ള വ്യക്തിയായിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ ഉള്‍പ്പെടെ അദ്ദേഹത്തിനായി എത്തിച്ചുകൊടുത്ത ഒരു കാമുകി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 2024 ഡിസംബറില്‍ അദ്ദേഹത്തിന്റെ ഭരണം തകര്‍ന്നുവീഴുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, ഈ കാമുകിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തന്റെ ഭരണകൂടത്തെ രക്ഷിക്കുന്നതിനേക്കാള്‍, ലൈംഗിക താല്പര്യങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ ഗെയിമുകളിലും മുഴുകിയിരുന്ന ഒരു ഭരണാധികാരിയായാണ് ഡമാസ്‌കസിലെ കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് അസദ് ഇപ്പോള്‍ ചിത്രീകരിക്കപ്പെടുന്നത്. മാത്രമല്ല, തന്റെ പിതാവിന്റെ കാലം തൊട്ടുള്ള പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി, കാര്യപ്രാപ്തിയില്ലാത്ത യുവ സുഹൃത്തുക്കളെയാണ് അദ്ദേഹം ഭരണത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചത്.




അല്‍ ജസീറയിലെ മുന്‍ പത്രപ്രവര്‍ത്തകയും അസദിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളുമായിരുന്ന ലൂണ അല്‍-ഷിബ്ലായിരുന്നു അസദിന്റെ കാമുകിയായിരുന്നത്. സിറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാര്യമാരുള്‍പ്പെടെയുള്ള സ്ത്രീകളെ അസദിന് എത്തിച്ചുകൊടുത്തിരുന്നത് ഷിബ്ലാണെന്ന് പറയപ്പെടുന്നു.സാധാരണക്കാരായ സിറിയന്‍ ജനതയില്‍ നിന്ന് ഭരണകൂടത്തെ അകറ്റിയ, അഹന്ത നിറഞ്ഞ കൊട്ടാര സംസ്‌കാരം രൂപപ്പെടുത്തുന്നതിലും ഇവര്‍ക്ക് വലിയ പങ്കുണ്ടായിരുന്നു.

രാജ്യം കത്തുമ്പോള്‍ കാന്റി ക്രഷ് കളി!

സിറിയന്‍ ഭരണം തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും, അസദ് മണിക്കൂറുകളോളം തന്റെ ഫോണില്‍ വീഡിയോ ഗെയിമുകളില്‍ (പ്രത്യേകിച്ച് കാന്‍ഡി ക്രഷ്) മുഴുകിയിരുന്നുവെന്ന് മുന്‍ കൊട്ടാര ഉദ്യോഗസ്ഥരും സൈനികരും വെളിപ്പെടുത്തുന്നു. 2024 ജൂലൈയില്‍, ഡമാസ്‌കസിന് പുറത്തുള്ള ഒരു ഹൈവേയില്‍ വെച്ച് ലൂണ അല്‍-ഷിബ്ലിനെ അവരുടെ ബിഎംഡബ്ല്യു കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. ഇതൊരു വാഹനാപകടമാണെന്ന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടെങ്കിലും, കാറിന് കാര്യമായ കേടുപാടുകളില്ലാതിരുന്നിട്ടും അവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷിബ്ലിന്റെ മരണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇസ്രായേലിന് നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഇറാന്‍ മുന്‍കൈ എടുത്ത് ലൂണയെ കൊലപ്പെടുത്തിയതാണെന്ന അഭ്യൂഹങ്ങള്‍ അന്ന് ശക്തമായിരുന്നു.

ഇസ്രായേലിന് ലക്ഷ്യമിട്ടുള്ള വിവരങ്ങള്‍ ചോര്‍ത്തിയതിന് ഇറാനാണ് അവരെ വധിക്കാന്‍ ഉത്തരവിട്ടതെന്ന് ഒരു വിഭാഗം പറയുമ്പോള്‍, മറ്റു ചിലര്‍ പറയുന്നത് ഇതിലും വ്യത്യസ്തമായ മറ്റൊരു കഥയാണ് - അസദിന്റെ അധികാരം ക്ഷയിച്ചു തുടങ്ങിയതോടെ ലൂണ റഷ്യക്ക് രഹസ്യവിവരങ്ങള്‍ കൈമാറാന്‍ തുടങ്ങിയിരുന്നു. സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കാന്‍ അവര്‍ നടത്തിയ ഈ കളി മനസ്സിലാക്കിയ അസദ് തന്നെ ലൂണയെ വകവരുത്താന്‍ ഉത്തരവിടുകയായിരുന്നു എന്നാണ് ഈ വാദം. സിറിയന്‍, റഷ്യന്‍ രഹസ്യാന്വേഷണ ലോകത്തിന്റെ നിഗൂഢതകളില്‍ ഈ മരണത്തിന്റെ സത്യം ഇന്നും അവ്യക്തമായി തുടരുന്നു. സിറിയയിലെ സൈനിക-രാഷ്ട്രീയ പ്രതിസന്ധികളെ നേരിടുന്നതിന് പകരം അസദ് മണിക്കൂറുകളോളം ഫോണില്‍ ഗെയിം കളിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.




പുടിന്‍ കൈവിട്ടു; വിശ്വസ്തരെ ചതിച്ചു

ഒക്ടോബര്‍ 7-ന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ സിറിയ പ്രക്ഷുബ്ധമായപ്പോഴും അസദ് നിശബ്ദനായി തുടരുകയായിരുന്നു. സിറിയയിലും ലെബനനിലും ഇസ്രായേല്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുകയും ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസറുള്ള ഉള്‍പ്പെടെയുള്ള തന്റെ പ്രധാന സഖ്യകക്ഷികളെ വധിക്കുകയും ചെയ്തിട്ടും അസദ് പ്രതികരിച്ചില്ല.

അസദിന്റെ ഈ നിശബ്ദത ടെഹ്റാനില്‍ വലിയ സംശയങ്ങള്‍ക്ക് ഇടയാക്കി. നവംബര്‍ 27-ന് വിമതര്‍ അലപ്പോയിലേക്ക് മുന്നേറാന്‍ തുടങ്ങിയപ്പോള്‍ അസദ് റഷ്യയിലായിരുന്നു. തന്റെ മകന്റെ ഡോക്ടറേറ്റ് തീസിസ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം അവിടെ പോയത്. അലപ്പോയുടെ പ്രതിരോധം തകര്‍ന്നപ്പോഴും അസദ് മോസ്‌കോയില്‍ തന്നെ തുടര്‍ന്നു. ഇത് സൈനിക കമാന്‍ഡര്‍മാരെപ്പോലും അമ്പരപ്പിച്ചു.

പുടിന്‍ തന്നെ രക്ഷിക്കുമെന്ന് അസദ് പ്രതീക്ഷിച്ചിരുന്നെങ്കിലും റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അസദിന് വേണ്ടി സിറിയയില്‍ ഒരു യുദ്ധം ചെയ്യാന്‍ റഷ്യയ്ക്ക് കഴിയില്ലെന്ന് പുടിന്‍ വ്യക്തമാക്കിയതായാണ് വിവരം. ഒടുവില്‍ അസദ് ഡമാസ്‌കസില്‍ വന്നിറങ്ങിയപ്പോഴേക്കും അലപ്പോ വിമതരുടെ കൈപ്പിടിയിലായിക്കഴിഞ്ഞിരുന്നു.

രാജ്യം വലിയ പ്രതിസന്ധിയിലായിരുന്നിട്ടും, കൊട്ടാരത്തിനുള്ളില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് പകരം സുഖഭോഗങ്ങളിലും യാഥാര്‍ത്ഥ്യം അംഗീകരിക്കാത്ത മനോഭാവത്തിലുമായിരുന്നു അധികൃതര്‍. തന്റെ ഭരണം നിലനിര്‍ത്താന്‍ വിദേശകാര്യ മന്ത്രിമാര്‍ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളുമായി വിളിച്ചപ്പോള്‍, അധികാരം പങ്കുവെക്കേണ്ടി വരുമോ എന്ന ദേഷ്യത്തില്‍ അസദ് ആ ഫോണ്‍ കോളുകള്‍ പോലും അറ്റന്‍ഡ് ചെയ്യാന്‍ കൂട്ടാക്കിയില്ല.




ഡിസംബര്‍ 7-ന് വിമതര്‍ ഡമാസ്‌കസിലേക്ക് മുന്നേറുമ്പോഴും അസദ് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. വിജയം ഉറപ്പാണെന്ന് അദ്ദേഹം തന്റെ സഹായികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതായാണ് ഭരണകൂടത്തിനകത്തുള്ളവര്‍ പറയുന്നത്. അന്ന് വൈകുന്നേരവും താന്‍ കൊട്ടാരത്തിലുണ്ടെന്നും തന്റെ 'ഭരണഘടനാപരമായ കടമകള്‍' നിര്‍വഹിക്കുകയാണെന്നുമായിരുന്നു ഔദ്യോഗിക പ്രസ്താവനയിലൂടെ അദ്ദേഹം അവകാശപ്പെട്ടത്.

എന്നാല്‍ അര്‍ദ്ധരാത്രിയോടെ ആരോടും പറയാതെ ഒരു റഷ്യന്‍ വിമാനത്തില്‍ കയറി അസദ് നാടുവിട്ടു. 'ദി അറ്റ്‌ലാന്റിക്' റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, അര്‍ദ്ധരാത്രിയില്‍ തന്റെ സ്വകാര്യ മുറിയില്‍ നിന്ന് പുറത്തുവന്ന അസദ്, ദീര്‍ഘകാലമായുള്ള തന്റെ ഡ്രൈവറോട് വാനുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. പുറത്ത് ഒരു കൂട്ടം റഷ്യക്കാര്‍ കാത്തുനില്‍ക്കവെ, തന്റെ സാധനസാമഗ്രികള്‍ വേഗത്തില്‍ പായ്ക്ക് ചെയ്യാന്‍ അദ്ദേഹം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മോസ്‌കോയിലെ സുഖവാസം; സിറിയയില്‍ അറസ്റ്റ് വാറന്റ്

വര്‍ഷങ്ങളായി താന്‍ കൂടെ ജോലി ചെയ്യുന്ന യജമാനനോടൊപ്പം യുദ്ധം കനക്കുന്ന സിറിയയില്‍ നിന്ന് താനും രക്ഷപ്പെടുമെന്ന് കരുതിയ മധ്യവയസ്‌കനായ ഡ്രൈവര്‍, 'നിങ്ങള്‍ ശരിക്കും ഞങ്ങളെ ഉപേക്ഷിച്ചു പോവുകയാണോ?' എന്ന് അസദിനോട് ചോദിച്ചു. എന്നാല്‍ തങ്ങള്‍ക്കൊപ്പം കൊണ്ടുപോകാന്‍ വാഹനങ്ങളില്‍ സ്ഥലമില്ലെന്ന മറുപടിയാണ് ലഭിച്ചത്. യഥാര്‍ത്ഥത്തില്‍ തന്റെ വിശ്വസ്തരെ പോലും കൊലക്ക് കൊടുത്തിട്ട് മുങ്ങുകയായിരുന്നു അസദ് ചെയ്തത്. തലസ്ഥാന നഗരമായ ഡമാസ്‌കസിലുടനീളം വിജയാഘോഷത്തിന്റെ വെടിയൊച്ചകള്‍ മുഴങ്ങുകയും സായുധ സംഘങ്ങള്‍ മുന്നേറുകയും ചെയ്തപ്പോള്‍ മാത്രമാണ് അസദിന്റെ വിശ്വസ്തരായ പല ഉദ്യോഗസ്ഥരും സത്യം മനസ്സിലാക്കിയത്.

അസദിന്റെ ഈ ചതി ഭരണകൂടത്തിനകത്തുള്ള കടുത്ത വിശ്വസ്തരെപ്പോലും ഞെട്ടിച്ചു. സ്വന്തം ജനതയെ കൊന്നൊടുക്കിയതിന് 'കശാപ്പുകാരന്‍' എന്ന് മുദ്രകുത്തപ്പെട്ട ഈ പുറത്താക്കപ്പെട്ട മുന്‍ ഭരണാധികാരി ഇപ്പോള്‍ കഴിയുന്നത് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയുടെ ഹൃദയഭാഗത്തുള്ള ഒരു ആഡംബര ബിസിനസ് കേന്ദ്രത്തിലാണ്.



അസദിന് മോസ്‌കോ നഗരത്തില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവാദമുണ്ടെങ്കിലും, അദ്ദേഹം അധികസമയവും ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍ കളിക്കാനാണ് ചെലവിടുന്നത്. മോസ്‌കോയ്ക്ക് പുറത്തുള്ള തന്റെ കണ്‍ട്രി വില്ലയിലും അദ്ദേഹം സമയം ചെലവഴിക്കാറുണ്ട്. റഷ്യന്‍ സര്‍ക്കാര്‍ പണം നല്‍കുന്ന ഒരു സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയാണ് അദ്ദേഹത്തിന് അംഗരക്ഷകരെ നല്‍കിയിരിക്കുന്നത്. അസദിന്റെ ഇളയ സഹോദരന്‍ മഹര്‍ മോസ്‌കോയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിലാണ് താമസിക്കുന്നത്. മദ്യപാനത്തിലും ഹുക്ക വലിക്കുന്നതിലുമാണ് അദ്ദേഹം സമയം കളയുന്നത്.

അതേസമയം, സിറിയയിലെ പുതിയ ഭരണകൂടം അസദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകം, പീഡനം, ആഭ്യന്തരയുദ്ധത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.