ഒട്ടാവ: കാനഡയിലെ സ്‌കൂളില്‍ വെടിവെപ്പ്. തോക്കുമായി എത്തിയ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ അക്രമി അടക്കം പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

തോക്കുമായി സ്‌കൂളിലെത്തിയ അക്രമി കണ്‍മുന്നില്‍ കണ്ടവരെയെല്ലാം വെടിവെച്ച് ഇടുക ആയിരുന്നു. ഭയചകിതരായ കുട്ടികള്‍ ചിതറിയോട്ി. ആറുപേരെ സ്‌കൂളിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമിയെന്ന് കരുതുന്നയാളും സ്‌കൂള്‍ വളപ്പില്‍ കൊല്ലപ്പെട്ടനിലയിലായിരുന്നു. കൊലപാതകങ്ങള്‍ക്ക് ശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. മറ്റുള്ളവരെ സ്‌കൂളിന് സമീപത്തെ വീട്ടിലും വെടിയേറ്റനിലയില്‍ കണ്ടെത്തി.

മരിച്ചവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കും. വെടിവെപ്പില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നതും എത്രപേര്‍ക്ക് പരിക്കേറ്റെന്നതും സംബന്ധിച്ച് അന്തിമ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഇതുസംബന്ധിച്ച പരിശോധനകള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അതിനിടെ, മറ്റൊരാള്‍ക്കുകൂടി സംഭവത്തില്‍ പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെത്തുടര്‍ന്ന് ടംബ്ലര്‍ റിഡ്ജ് പോലീസ് നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനാണ് പോലീസിന്റെ നിര്‍ദേശം.