- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചലച്ചിത്ര അക്കാദമിയില്‍ നിന്ന് സിപിഎം പടിയിറക്കിയ നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു; നാളെ നിര്‍ണായക കൂടിക്കാഴ്ച; ഇടത് സഹയാത്രികന്റെ 'ഇരട്ടനീതി' വാദം' ചര്‍ച്ചയാകും; നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകാന്‍ താരം

തിരുവനന്തപുരം: ആശ സമരത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയതില്‍ അനീതി ചൂണ്ടിക്കാട്ടി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്. കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും. കോണ്‍ഗ്രസിലേക്ക് എത്തിയാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് വേണുഗോപാല്‍ പറഞ്ഞുവെന്നും ഇതിനോട് പ്രേംകുമാര്‍ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സൂചന. പ്രേംകുമാറുമായി സംസാരിച്ചുവെന്നത് കെ.സി വേണുഗോപാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രേംകുമാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ നേതാക്കള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. സാംസ്‌കാരിക മേഖലയുമായി ബന്ധമുള്ള തിരുവനനന്തപുരത്തെ നേതാക്കളാണ് പ്രേംകുമാറുമായി ചര്‍ച്ച നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പ്രേംകുമാര്‍ പാര്‍ട്ടിയില്‍ എത്തിച്ച് ഇരട്ടനീതി വാദം പൊതുജനത്തിന് മുമ്പാകെ ചര്‍ച്ചയാക്കുകയാണ് കോണ്‍ഗ്രസ് നീക്കത്തിന് പിന്നില്‍.
യാത്രയയപ്പിനുള്ള സമയം പോലും നല്‍കാതെ സ്ഥാനത്തുനിന്ന് നീക്കിയത് ആശാസമരത്തില്‍ പങ്കെടുത്തതിനാണെന്ന് പ്രേംകുമാര്‍ ഇന്നലെ തുറന്നടിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് നീക്കാത്തത് ഇരട്ട നീതി ആണെന്ന വിമര്‍ശനം പ്രേംകുമാര്‍ സിപിഎമ്മില്‍ നിന്നും അകന്നതിന്റെ സൂചനയാണ്.
ആശസമരത്തെ അനുകൂലിച്ചതിന്റെ പേരില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് അനീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സാമാന്യമര്യാദ തന്നോട് ഉണ്ടായില്ലെന്നും മാന്യമായ യാത്രയയപ്പോ പിരിഞ്ഞുപോകാന്‍ അനുവദിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കവി സച്ചിദാനന്ദനുമായി താരതമ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും എന്നാല്‍ ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും കേരളത്തിലെ രണ്ട് സുപ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളെന്ന് കണക്കാക്കുമ്പോള്‍ രണ്ടിന്റെയും ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നവരോട് രണ്ട് തരത്തിലുള്ള പെരുമാറ്റം ഉണ്ടായെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നാലെ കോളജ് കാലത്ത് താന്‍ കെഎസ്യു ആയിരുന്നുവെന്ന് പ്രേംകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസിലേക്ക് അടുക്കുന്നതിന്റെ സൂചനയാണെന്നാണ് വിവരം. 'ഞാനും കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്യു സ്ഥാനാര്‍ഥിയായിട്ട് മല്‍സരിച്ചയാളാണ്. ആ ഞാനാണ് പിന്നീട് സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം സിനിമയായപ്പോള്‍ കൃഷ്ണപിള്ളയായിട്ട് അഭിനയിച്ചത്. അദ്ദേഹത്തിന്റെ പോരാട്ടവീര്യം, ലാളിത്യം, ആത്മാര്‍ത്ഥത, സത്യസന്ധത, മനുഷ്യപക്ഷത്തു നില്‍ക്കുന്ന നിലപാടുകള്‍ എന്നിവയെല്ലാം കണ്ടിട്ടാണ് എനിക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും കമ്മ്യൂണിസത്തോടും ആഭിമുഖ്യം ഉണ്ടാവുന്നത്' പ്രേംകുമാര്‍ പറഞ്ഞു.
ചെയര്‍മാനായിരുന്ന സംവിധായകന്‍ രഞ്ജിത്ത് സര്‍ക്കാറിന് തലവേദന ഉണ്ടാക്കിയതിന് പിന്നാലെയാണ് വൈസ് ചെയര്‍മാനായ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമിയുടെ ചുമതല നല്‍കിയത്. ആക്ടിങ് ചെയര്‍മാന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് പ്രേംകുമാര്‍ കാഴ്ചവെച്ചത്. സംസ്ഥാന ചലച്ചിത്രമേള മികവോടെ നടത്താനും പ്രേംകുമാറിന് സാധിച്ചു. ആശ സമരത്തെ അനുകൂലിച്ചതിന് പിന്നാലെ പ്രേംകുമാറിനെ മുന്നറിയിപ്പില്ലാതെ മാറ്റിയാണ് റസൂല്‍ പൂക്കുട്ടിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ കൊണ്ടുവന്നത്.
അതേസമയം, ആശ സമരത്തെ ആദ്യം എതിര്‍ത്ത സര്‍ക്കാര്‍ പിന്നീട് അവരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍, ആശ സമരത്തെ കുറിച്ച് വ്യക്തിപരമായ അഭിപ്രായം പറഞ്ഞ പ്രേംകുമാര്‍ സര്‍ക്കാറിന്റെ അതൃപ്തി നേരിടേണ്ടിവന്നു. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ പരിഭവം പറയാതിരുന്ന പ്രേംകുമാര്‍, തുടര്‍ഭരണത്തിനെതിരെ കവി സച്ചിദാനന്ദന്‍ നടത്തിയ പ്രതികരണത്തില്‍ സര്‍ക്കാര്‍ മൗനം പാലിച്ചതിന് പിന്നാലെയാണ് പരസ്യമായി രംഗത്ത് വന്നത്.
ഇടത് സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിനെതിരെ സംസാരിച്ച സാഹിത്യ അക്കാദമി ചെയര്‍മാന്‍ കവി സച്ചിദാനന്ദന്‍ അതേസ്ഥാനത്ത് തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ പ്രേംകുമാര്‍ വിമര്‍ശനം ഉയര്‍ത്തിയത്. ആദ്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ എതിര്‍പ്പ് പ്രകടിപ്പിച്ച പ്രേംകുമാര്‍ പിന്നീട് നേരിട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
വീട്ടുവേലക്കാരെ പറഞ്ഞുവിടുമ്പോള്‍ കാട്ടാറുള്ള സാമാന്യ മര്യാദ പോലും സര്‍ക്കാര്‍ കാട്ടിയില്ലെന്നാണ് പ്രേംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് ഒരു വിവരവുമില്ല. ഈ നിമിഷം വരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടുമില്ല. താന്‍ ഇതെല്ലാം മറക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ്.
എന്നാല്‍ സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിനെതിരെ സംസാരിച്ച സാഹിത്യ അക്കാദമി ചെയര്‍മാന്‍ അതേസ്ഥാനത്ത് തുടരുന്നതിനെകുറിച്ച് ആലോചിച്ചപ്പോഴാണ് ആശ സമരം പരിഹരിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ തന്നെ ചലച്ചിത്ര അക്കാദമിയുടെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ സമാന്യനീതിയുടെ ലംഘനമുണ്ടായെന്ന തോന്നലുണ്ടായത്. കവി സച്ചിദാനന്ദനുമായി താരതമ്യം ചെയ്യാന്‍ താന്‍ ആളൊന്നുമല്ല.
പക്ഷേ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാംസ്‌കാരിക സ്ഥാപനങ്ങളാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും. ഈ രണ്ടിന്റെയും ചെയര്‍മാന്‍ സ്ഥാനംവെച്ചുള്ള താരതമ്യം മാത്രം. ഇക്കാര്യത്തില്‍ തന്നോട് ഇരട്ടനീതിയുണ്ടായി. ഇതിന് കാരണം എന്തെങ്കിലും വിധേയത്വമോ വരേണ്യതയോടുള്ള വിനീതത്വമോ ആണോ എന്നൊന്നും തനിക്കറിയില്ലെന്നും പ്രേംകുമാര്‍ പറയുന്നു.
അതേസമയം, പ്രേംകുമാറിന്റെ പരാമര്‍ശത്തിനെതിരെ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റിയത് അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്നും ഭരണസമിതി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.


