തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ചികിത്സാ പിഴവുകളുടെയും അനാസ്ഥയുടെയും കൈയബദ്ധങ്ങളുടെയും കൂത്തരങ്ങാവുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അഞ്ചുവര്‍ഷംമുന്‍പ് ശസ്ത്രക്രിയക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം. ഓരോ തവണ പിഴവുകള്‍ സംഭവിക്കുമ്പോഴും 'റിപ്പോര്‍ട്ട് തേടി' എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുന്നതല്ലാതെ, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിലോ സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നതിലോ സര്‍ക്കാര്‍ പരാജയപ്പെടുന്നതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. 2021 ജൂണ്‍ മുതല്‍ 2025 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 43 തവണയാണ് ആരോഗ്യവന്ത്രി വീണാ ജോര്‍ജ് ചികിത്സാ പിഴവുകളില്‍ റിപ്പോര്‍ട്ട് തേടിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമുള്ള നടപടികള്‍ പരിശോധിച്ചാല്‍ ചിത്രം ദയനീയമാണ്. 19 പ്രധാന പരാതികളില്‍ 10 എണ്ണത്തില്‍ മാത്രമാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ആകെ നടപടി നേരിട്ടത് 37 ജീവനക്കാര്‍ മാത്രം. മെഡിക്കല്‍ കോളേജുകളിലെ 25 പരാതികളില്‍ 23 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. എന്നാല്‍ നടപടി എടുത്തത് വെറും നാല് ഡോക്ടര്‍മാര്‍ക്കും മൂന്ന് സ്റ്റാഫ് നഴ്‌സുമാര്‍ക്കുമെതിരെ മാത്രം.

ചികിത്സ പിഴവ് പരാതികള്‍ കുമിഞ്ഞുകുടൂമ്പോഴും ലഭിച്ച ആകെ പരാതികളുടെ കണക്കും, സ്വീകരിച്ച നടപടികളും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. തുടര്‍ചികിത്സയിലും സഹായധനത്തിലും കണക്കില്ല. ആരോഗ്യമന്ത്രിയുടെ പ്രധാന ജോലി റിപ്പോര്‍ട്ട് തേടല്‍ മാത്രമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. എന്ത് പരാതി ഉയര്‍ന്നാലും വീണ ജോര്‍ജ്ജിനറെ ആദ്യ നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെടല്‍ ഒരു സംഭവം ഉണ്ടായാല്‍ സ്വീകരിക്കുന്ന ആദ്യ നടപടിയാണെങ്കിലും റിപ്പോര്‍ട്ട് തേടലിനപ്പുറം സിസ്റ്റം നന്നാക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.

ആരോഗ്യമന്ത്രി തേടിയ റിപ്പോര്‍ട്ടുകളുടെ എണ്ണമെത്ര?

ചികിത്സ പിഴവ് പരാതികളുടെ മാത്രം കണക്ക് പരിശോധിക്കാം. 2021 ജൂണ്‍ 1 2025 നവംബര്‍ 30 വരെ വീണ ജോര്‍ജ്ജ് റിപ്പോര്‍ട്ട് തേടിയത് 43 തവണ. ഇക്കാലയളവില്‍ ഡിഎച്ച്എസില്‍ ലഭിച്ചത് 19 ചികിത്സാ പിഴവ് പരാതികള്‍ റിപ്പോര്‍ട്ട് കിട്ടിയത് 10 എണ്ണത്തില്‍ മാത്രമാണ്. ഇനി മെഡിക്കല്‍ കോളെജുകളിലെ കണക്ക്. നാലര വര്‍ഷത്തിനിടെ മെഡിക്കല്‍ കോളെജുകളിലെ ചികിത്സ പിഴവ് പരാതികളില്‍ ഡിഎംഇയില്‍ കിട്ടിയത് 25 പ്രധാന പരാതികള്‍. 24 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. 23 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.

37 ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തെന്നാണ് ഡിഎച്ച്എസിന്റെ കണക്ക്. നാല് ഡോക്ടര്‍മാര്‍ക്കെതിരെയും മൂന്ന് സ്റ്റാഫ് നഴ്‌സുമാര്‍ക്കെതിരെയും നടപടിയെടുത്താണ് ഡിഎംഇ നല്‍കിയ മറുപടി. കോഴിക്കോട് ഹര്‍ഷീന കേസില്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയെന്നും പാലക്കാട് വിനോദിനിക്ക് കൈ നഷ്ടപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതും നടപടിയായി മറുപടിയിലുണ്ട്. ചികിത്സ പിഴവ് പരാതികളില്‍ എത്ര പേര്‍ക്ക് തുടര്‍ചികിത്സയ്ക്കുള്ള നടപടികള്‍ സ്വീകരിച്ചെന്നതിനുള്ള കണക്ക് ആരോഗ്യവകുപ്പിനില്ല. എത്ര പേര്‍ക്ക് സഹായധനം നല്‍കിയെന്നും കണക്കില്ല. പരാതികളുടെ എണ്ണമോ, അതില്‍ സ്വീകരിച്ച നടപടികളുടെ വിവരമോ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വിവരാവകാശ രേഖയില്‍ സമ്മതിക്കുന്നത്.

ഈ കാലയളവിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗിയും എസ്എടിയില്‍ അണുബാധയെ തുടര്‍ന്ന് യുവതിയും മരിച്ചത്. ജനറല്‍ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. ഇതിലൊന്നും ഒരു നടപടിയുമുണ്ടായില്ല. വിളപ്പില്‍ശാലയില്‍ ബിസ്മീര്‍ മരിച്ചതും നെടുമങ്ങാട് സിസേറിയന് പിന്നാല കുഞ്ഞ് മരിച്ചതും വയനാട് പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചതുമൊക്കെ അടുത്തിടെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ റിപ്പോര്‍ട്ടുകളുടെയും കണക്കുമെടുത്താല്‍ ആരോഗ്യമന്ത്രിക്ക് ഹാഫ് സെഞ്ച്വറി ഉറപ്പാണ്.

മറവിയില്‍ മറന്നുവച്ച 'കത്രികകള്‍'

സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നടന്ന അനാസ്ഥയുടെ പട്ടിക നീളുകയാണ്. 2017-ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നടന്ന പ്രസവശസ്ത്രക്രിയക്കിടെ കോഴിക്കോട് താമരശ്ശേരി സ്വദേശിനി ഹര്‍ഷീനയുടെ വയറ്റില്‍ ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന കത്രിക മറന്നുവെച്ചത്. അഞ്ചുവര്‍ഷത്തെ ദുരിതവേദനയ്ക്കൊടുവിലാണ് വയറ്റിനുള്ളിലെ കത്രികയാണ് കാരണമെന്നു കണ്ടെത്തിയത്. സെക്രട്ടേറിയറ്റ് പടിക്കല്‍വരെ നീതിക്കായെത്തിയെങ്കിലും ആരോഗ്യവകുപ്പ് ഇന്നും കണ്ണുതുറന്നിട്ടില്ല.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 2023 മാര്‍ച്ചില്‍ നടത്തിയ ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ കാട്ടാക്കട സ്വദേശിനിയായ സുമയ്യ ആരോഗ്യവകുപ്പിനെതിരേ നിയമനടപടികളുമായി രംഗത്തുണ്ട്. കീഹോള്‍ ശസ്ത്രക്രിയവഴി ഗൈഡ് വയര്‍ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ അതും പേറിയാണ് സുമയ്യയുടെ ജീവിതം. ഗൈഡ് വയര്‍ എടുത്തുകളഞ്ഞില്ലെങ്കിലും കുഴപ്പമില്ലെന്നാണ് ഡോക്ടര്‍മാരുടെ വിധിയെഴുത്ത്.

പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശി വിനോദിനിയെന്ന ഒന്‍പതുവയസ്സുള്ള കുഞ്ഞിന്റെ ഒരു കൈ മുറിച്ചുമാറ്റിയതും ഇതേ സിസ്റ്റം തന്നെ. കളിക്കുന്നതിനിടെ വീണു പരിക്കേറ്റ കുട്ടിയുടെ കൈയില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് പ്ലാസ്റ്റര്‍ ഇട്ടത്. പഴുപ്പ് വ്യാപിച്ചതോടെ അവര്‍ കൈയൊഴിഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച കുഞ്ഞിന്റെ കൈ, മുട്ടിനുതാഴെ മുറിച്ചുമാറ്റുകയായിരുന്നു. ആരോഗ്യവകുപ്പ് തിരിഞ്ഞുനോക്കാത്തതിനാല്‍ താന്‍ ഇടപെട്ടാണ് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

വയനാട് മെഡിക്കല്‍ കോളേജില്‍ പ്രസവിച്ച യുവതിയുടെ ശരീരത്തില്‍നിന്ന് 75 ദിവസത്തിനുശേഷം തുണിയുടെ കഷ്ണം പുറത്തുവന്ന സംഭവം കഴിഞ്ഞമാസമായിരുന്നു. മാനന്തവാടി എടവക പാണ്ടിക്കടവ് സ്വദേശി ദേവിയാണ് തന്റെ ദുരിതം ആരോഗ്യവകുപ്പിനുമുന്നില്‍ കണ്ണീരോടെ പറഞ്ഞത്.

2023 ഫെബ്രുവരിയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ വെരിക്കോസ് വെയിന്‍ ചികിത്സയ്ക്കെത്തിയ പെരിയ സ്വദേശി ഹാഷിമിന് നഷ്ടമായത് ചലനശേഷിയും സര്‍ക്കാര്‍ ജോലിയുമാണ്. വലതുകാലിലെ ഞരമ്പിനുപകരം മറ്റൊരു ഞരമ്പ് മുറിച്ചുമാറ്റിയാണ് ഡോക്ടര്‍മാര്‍ വൈദഗ്ധ്യം തെളിയിച്ചത്.

കോന്നി മെഡിക്കല്‍ കോളേജില്‍ കൈയൊടിഞ്ഞതിനെത്തുടര്‍ന്ന് പ്ലാസ്റ്റര്‍ ഇട്ട ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയുടെ കൈ വളഞ്ഞുപോയെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. അരുവാപ്പുലം സ്വദേശി ഷാജഹാന്‍ തന്റെ മകന്‍ തന്‍സീറിനുണ്ടായ ദുരവസ്ഥ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനെ സമീപിച്ചെങ്കിലും ഫിസിയോതെറാപ്പി ചെയ്യാനായിരുന്നു ഉപദേശം.

പതിവ് പല്ലവികള്‍

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ശസ്ത്രകിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ ചില കാര്യങ്ങള്‍ പോലീസ് അന്വേഷിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

''വളരെ വേദനയുണ്ടാക്കുന്നതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായ സംഭവമാണിത്. വര്‍ഷങ്ങള്‍ക്കുമുന്‍പുണ്ടായ സംഭവമായതിനാല്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വീസിലുള്ള ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നുള്ള സംഘത്തെ ചുമതലപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.'' മന്ത്രി പറഞ്ഞു.

തുടര്‍ചികിത്സ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിനുകൂടി രൂപംനല്‍കും. പരാതിക്കാരിയായ ഉഷാ ജോസഫിന്റെ മകന്‍ ഡോക്ടറെ അവരുടെ വീട്ടില്‍പ്പോയി പലതവണ കണ്ടിട്ടുണ്ടെന്ന് പറഞ്ഞതായും മന്ത്രി പറഞ്ഞു. ''ശസ്ത്രക്രിയാസമയത്ത് ഏതൊക്കെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നെന്ന് നോക്കേണ്ട സ്‌ക്രൈബ് നഴ്‌സ് സംഘത്തിലുണ്ടാകണം. ശസ്ത്രക്രിയക്കുശേഷവും ഉപകരണങ്ങള്‍ അവര്‍ തിട്ടപ്പെടുത്തണം. ഡോക്ടര്‍ക്കും അതില്‍ ഉത്തരവാദിത്വമുണ്ട്. എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും മെഡിക്കല്‍ കോളേജിലുണ്ട്. ഉത്തരവാദിത്വത്തില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ല.'' മന്ത്രി പറഞ്ഞു. ''കത്രിക 50 വര്‍ഷം വയറ്റിലിരുന്നാല്‍പ്പോലും പ്രശ്നമില്ലെന്ന് ഒരു കാരണവശാലും ഒരു ഡോക്ടര്‍ പറയാന്‍ പാടില്ലാത്തതാണ്. അങ്ങനെ പ്രശ്നങ്ങളെ നിസ്സാരവത്കരിക്കാന്‍ കഴിയില്ല. അത് സ്വന്തം തൊഴിലിനോടുള്ള അനാദരവാണ്. എത്ര നിസ്സാരമായ, ഉത്തരവാദിത്വമില്ലാത്ത സമീപനമാണ് ഡോക്ടറുടേത്.'' മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദഗ്ധസംഘം അന്വേഷണം

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തിയ മൂന്നുപേരടങ്ങിയ സമിതി വെള്ളിയാഴ്ച മെഡിക്കല്‍ കോളേജിലെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം അധ്യക്ഷ ഡോ. ജയശ്രീ വാമനന്‍, ഫൊറന്‍സിക് വിഭാഗം അധ്യക്ഷന്‍ ഡോ. രഞ്ജു രവീന്ദ്രന്‍, സര്‍ജറി വിഭാഗം അധ്യക്ഷന്‍ ഡോ. തോമസ് എന്നിവരാണ് സമിതിയിലുള്ളത്. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാരടക്കമുള്ളവരെ പ്രിന്‍സിപ്പല്‍ ഓഫീസില്‍വരുത്തി മൊഴിയെടുത്തു. ചികിത്സാരേഖകളും പരിശോധിച്ചു. ഉഷയുടെ ബന്ധുക്കളുടെ മൊഴിയുമെടുക്കും.

സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ബി. പദ്മകുമാര്‍, സൂപ്രണ്ട് ഡോ. എ. ഹരികുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി എന്നിവരറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ഒരിക്കല്‍പ്പോലും ഉഷ ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയിരുന്നില്ല. വയറ്റില്‍ കത്രിക കണ്ടെത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ വന്നു. ചികിത്സ നല്‍കാമെന്നറിയിച്ചെങ്കിലും അവര്‍ സ്വമേധയാ പോകുകയായിരുന്നു.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പോലീസ് ചീഫും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം വി. ഗീത നിര്‍ദേശിച്ചു.