തൃശ്ശൂര്‍: എസ്‌ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക പുറത്ത് വന്നതോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരില്‍. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പര്‍ വോട്ടര്‍ ആയാണ് ചേര്‍ത്തിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തോട് ചേര്‍ന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേര്‍ത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ഒന്നാണ് അച്യുതം. ഫ്ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അച്യുതത്തില്‍ ഫ്ലാറ്റ് ഉണ്ട്.

ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും ചെയ്തതും. അടുത്തിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു.

വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ രംഗത്തെത്തി. ഓരോ സമയത്തും പലയിടങ്ങളില്‍ വോട്ട് ചേര്‍ക്കുന്ന കുമ്പിടി ആണ് സുരേഷ് ഗോപിയെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. കുമ്പിടിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ഗുരുവായൂരിലാണെന്നായിരുന്നു അനില്‍ അക്കരയുടെ പരിഹാസം. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരുവര്‍ഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ലെന്നും അനില്‍ അക്കര വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിലേക്ക് മാറിയതില്‍ വിശദീകരണവുമായി എംപി ഓഫീസ് രംഗത്ത് വന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നെട്ടശ്ശേരിയിലെ വാടക വീട് വിലാസത്തില്‍ ആയിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. നെട്ടിശേരിയിലെ വാടക വീട് വില്‍പ്പന നടത്തിയതിനാല്‍ ആണ് ഗുരുവായൂരിലെ സ്വന്തം ഫ്‌ലാറ്റിലേക്ക് സുരേഷ് ഗോപിയുടെ വോട്ട് മാറ്റിയത്. കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തുവെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് വിശദീകരിച്ചു.

അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കുമ്പടിക്ക്

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍

വോട്ട് ഗുരുവായൂരില്‍,

രണ്ട് മാസം മുമ്പാണ്

ഇദ്ദേഹം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്

വോട്ട് ചെയ്തത്.

ഒരുവര്‍ഷം മുമ്പാണ്

ഇദ്ദേഹം തൃശ്ശൂരില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍

വോട്ട് രേഖപ്പെടുത്തിയത്.

ഇത്തവണ കുടുംബസമേതമല്ല

ഒറ്റക്കാണ്.

സമ്മതിക്കണം

ഇദ്ദേഹത്തിനെ.