- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെ എസ് യുക്കാരെ നേരിടാന്‍ ആക്രോശിച്ച് അടുത്ത മന്ത്രി; എല്ലാം കഴിഞ്ഞ് കൂളായി നടന്നും പോയി; ഷംസീര്‍ എത്തിയതും കഴുത്തില്‍ വേദനയും; മന്ത്രിയുടെ 'പരിക്ക്': നാടകം വളരട്ടെയെന്ന് ജോയ് മാത്യു; നടിയെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്; ഷംസീറിന് ശബരിനാഥിന്റെ ട്രോള്‍; ആരോഗ്യമന്ത്രിയുടെ വേദന പ്രതിപക്ഷം കാണാതിരിക്കുമ്പോള്‍!

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റെന്ന വാദത്തെ പരിഹസിച്ച് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. മന്ത്രിയുടേത് വെറും രാഷ്ട്രീയ നാടകമാണെന്നും മികച്ച ഒരു അഭിനേത്രിയാണെന്ന് അവര്‍ തെളിയിച്ചെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ആരോപിച്ചു. ഇതിനിടെ, 'നാടകം വളരട്ടെ' എന്ന കുറിപ്പോടെ നടനും സംവിധായകനുമായ ജോയ് മാത്യു ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാരായ കെ.എസ്.യു. പ്രവര്‍ത്തകരെ നേരിടാന്‍ മന്ത്രി ആക്രോശത്തോടെ അടുത്തടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനുശേഷം വളരെ ശാന്തയായി പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുന്ന മന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. എന്നാല്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സ്ഥലത്തെത്തിയതോടെയാണ് മന്ത്രിക്കു കടുത്ത കഴുത്തുവേദന അനുഭവപ്പെട്ടതെന്നും പിന്നീട് ഐ.സി.യുവിലേക്ക് മാറിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. മന്ത്രിയുടെ ഈ ഭാവമാറ്റം അത്ഭുതപ്പെടുത്തുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു.
മന്ത്രിയുടെ പരിക്കിനെ നേരിട്ട് പരാമര്‍ശിക്കാതെ എന്നാല്‍ സാഹചര്യത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്. 'അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കള്‍ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്. മാറാത്തത് ഒന്നുമാത്രം; ക്യാമറ എടുത്ത ദൃശ്യങ്ങള്‍ എന്ന് മാര്‍ക്‌സ്. എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം; നാടകം വളരട്ടെ!' - അദ്ദേഹം കുറിച്ചു. എ.ഐ. കാലഘട്ടത്തില്‍ അഭിനേതാക്കള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പുതിയ 'പ്രതിഭ'കളുടെ കടന്നുവരവിനെക്കുറിച്ചും അദ്ദേഹം പരിഹാസരൂപേണ പോസ്റ്റില്‍ സൂചിപ്പിച്ചു.
വീണാ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും മികച്ച അഭിനേത്രിയാണെന്ന് തെളിയിച്ചുവെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. കേരളത്തിലെ മാധ്യമങ്ങളെല്ലാം സ്ഥലത്തുണ്ടായിട്ടും കെ.എസ്.യു. പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കുന്ന ഒരു ദൃശ്യം പോലുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സി.പി.എമ്മിന്റെ കൈരളി ചാനലിലടക്കം പ്രതിഷേധക്കാരോട് ആക്രോശിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ മാത്രമാണുള്ളത്. ഇത് പൂര്‍ണ്ണമായും അടിസ്ഥാനരഹിതമായ രാഷ്ട്രീയ നാടകമാണ്,' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂരില്‍ വെച്ച് മന്ത്രിക്ക് ഗുരുതര പരിക്കേറ്റെന്ന സി.പി.എം. വാദത്തെ പരിഹസിച്ച് മുന്‍ എം.എല്‍.എ. കെ.എസ്. ശബരിനാഥും രംഗത്തെത്തി. 'റെയില്‍വേ സ്റ്റേഷനില്‍ തന്റെ കണ്മുന്നില്‍വെച്ച് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ഐ.സി.യുവിലേക്ക് പാഞ്ഞുപോയ ആരോഗ്യമന്ത്രിയെ ഒന്ന് മൈന്‍ഡ് ചെയ്യാതെ അപ്പോള്‍ തന്നെ വന്ദേ ഭാരത്തില്‍ തിരുവനന്തപുരത്തേക്ക് കയറി പോയ ആ മനസ്സ്' എന്നാണ് സ്പീക്കര്‍ എ.എന്‍. ഷംസീറിനെക്കുറിച്ച് ശബരിനാഥ് കുറിച്ചത്. ഷംസീര്‍ പോലും മന്ത്രിയുടെ പരിക്കിനെ കാര്യമായെടുത്തില്ല എന്ന പരിഹാസമാണ് ഇതിലൂടെ ശബരിനാഥ് ഉയര്‍ത്തിയത്.
കഴുത്തിന് ഗുരുതര പരിക്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആക്രമണം നടന്നതായി വ്യക്തമല്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. മന്ത്രിയുടെ കഴുത്തിന് ഗുരുതര പരിക്കുണ്ടെന്നും സംസാരിക്കാന്‍ പോലും കഴിയുന്നില്ലെന്നും സി.പി.എം. നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും പ്രതിപക്ഷം ഇത് പൂര്‍ണ്ണമായും തള്ളുകയാണ്. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാത്തതും, ദൃശ്യങ്ങളില്‍ മന്ത്രി പ്രതിഷേധക്കാരോട് കയര്‍ക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം വെറും പുകമറയാണെന്ന് ഇവര്‍ വാദിക്കുന്നത്. വധശ്രമം ചുമത്തി കെ.എസ്.യു. നേതാക്കളെ ജാമ്യമില്ലാതെ കുടുക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


