ടെഹ്‌റാന്‍: ഇസ്രായേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ ഇറാന്‍ ടെഹ്‌റാനില്‍ 51 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെണ്‍കുട്ടികളുടെ സ്‌കൂളിന് മേലെയാണ് ആക്രമണമുണ്ടായത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്. അമേരിക്കന്‍ - ഇസ്രയേല്‍ മിസൈല്‍ പതിച്ചത് തെക്കന്‍ ഇറാനിലെ മിനാബ് മേഖലയിലെ പെണ്‍കുട്ടികളുടെ സ്‌കൂളിലാണെന്നും 40 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടെന്നും ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തെക്കന്‍ ഇറാനിലെ ഹോര്‍ മോസ് ഗന്‍ എന്ന സ്ഥലത്തുള്ള എലമെന്ററി പ്രൈമറി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളാണെന്നും ഇറാന്‍ വിവരിച്ചു.

സ്‌കൂളില്‍ മിസൈല്‍ പതിച്ചത് ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹോര്‍ മോസ് ഗന്‍ എന്ന സ്ഥലത്തുള്ള പെണ്‍കുട്ടികള്‍ക്കായുള്ള എലമെന്ററി പ്രൈമറി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളാണെന്നത് ലോകത്തെ നടുക്കിയിരിക്കുകയാണ്. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ തകര്‍ന്ന സ്‌കൂളിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. എങ്ങും നിലവിളിയാണ് മേഖലയില്‍ ഉയരുന്നത്. കൊടും ക്രൂരതയാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയതെന്ന് ഇറാന്‍ വിമര്‍ശിച്ചു. അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കന്‍ ഇസ്രയേല്‍ കൊടും ക്രൂരതക്കെതിരെ ലോകം പ്രതികരിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയടക്കം വിഷയത്തില്‍ ഇടപെടണമെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു.

സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങള്‍ ക്രൂരമാണെന്നും എന്നാല്‍ ശത്രുക്കള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. യുദ്ധം ഒഴിവാക്കാന്‍ തങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാല്‍ ഇപ്പോള്‍ പ്രത്യാക്രമണം അനിവാര്യമായിരിക്കുകയാണെന്നും ഇറാന്‍ ഭരണകൂടം അറിയിച്ചു. ഗള്‍ഫ് മേഖലയിലുടനീളം യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്. ഇറാന്റെ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണ്. യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇറാന്‍ പ്രതികരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യു എന്‍ സുരക്ഷ കൗണ്‍സില്‍ ഇടപെടണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

ടെഹ്‌റാനില്‍, ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലമേഖലകളില്‍ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്റെ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. മുന്‍ ഇറാന്‍ പ്രസിഡന്റ് അഹ്‌മദി നജാദിനെയും ഇസ്രായേല്‍ ലക്ഷ്യമിട്ടു എന്നും വിവരമുണ്ട്. ഇറാനിലെ ഇസ്ലാമിക ഭരണത്തിനെതിരേ ശബ്ദിക്കാനുള്ള അവസരമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ആക്രമണങ്ങള്‍ക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ട്രംപ് ലോകത്തെ അഭിസംബോധന ചെയ്തത്. വര്‍ഷങ്ങളായി നിങ്ങള്‍ അമേരിക്കയുടെ സഹായം ചോദിക്കുന്നു, നിങ്ങള്‍ക്ക് അത് ഒരിക്കലും ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് ആ സഹായത്തിന്റെ യഥാര്‍ഥ സമയമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ വന്‍ സ്ഫോടനം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.മുന്‍കരുതല്‍ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. ടെഹ്റാനിലെ യൂനിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകള്‍ പതിച്ചു. ഇറാനില്‍ യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് യു.എസ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈല്‍ പതിച്ചതായി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണവുമായി ഇറാന്‍ രംഗത്തെത്തി. ഇസ്രായേലിനു മേല്‍ 30 മിസൈലുകള്‍ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് ഉണ്ടായിട്ടുള്ള ഒരു കൂട്ടം മിസൈലുകള്‍ ഒരുമിച്ച് അയക്കുന്ന അതേ ആക്രമണ രീതി തന്നെയാണ് ഇറാന്‍ പ്രത്യാക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളത്. മിസൈലുകള്‍ പതിച്ചതായി ഇസ്രായേല്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.