- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്റെ തിരിച്ചടി; ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചത് അബൂദബിയിലെ ജനവാസ മേഖലയില്‍; പാക്കിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; ഇന്ത്യന്‍ പൗരന്മാര് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി

മനാമ: യുഎസ്- ഇസ്രയേല്‍ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം. യുഎഇ തലസ്ഥാനമായ അബൂദബിയില്‍ ഇറാന്‍ മിസൈലാക്രമണത്തില്‍ പാക്കിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ജനവാസ മേഖലയില്‍ മിസൈല്‍ പതിച്ചാണ് മരണം. എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇറാനില്‍ നിന്ന് വിക്ഷേപിച്ച നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ യുഎഇ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത മിസൈലുകളുടെ അവശിഷ്ടങ്ങള്‍ സിവിലിയന്‍ കേന്ദ്രങ്ങളില്‍ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യന്‍ വംശജനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഇസ്രയേലിനും ബഹ്‌റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യു എ ഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. യു എ ഇ അധികൃതര്‍ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ച അവസ്ഥയിലാണ്.
ബഹ്‌റൈനിലെ യു എസ് അഞ്ചാം കപ്പല്‍ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയടക്കം ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ബഹ്‌റൈനില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും അപായ സൈറണുകള്‍ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേല്‍ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, രാജ്യത്തെ സ്ഥിതിഗതി നിയന്ത്രണവിധേയമാണെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറും സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഏതൊരു ഭീഷണിയെയും നേരിടാന്‍ പൂര്‍ണമായും തയ്യാറാണെന്നും രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന എന്തിനെയും ശക്തമായി നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടണമെന്നും കിംവദന്തികളോ വിശ്വസനീയമല്ലാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ബഹ്‌റൈനില്‍ അഞ്ചോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. ബഹ്റൈന്‍ ജുഫൈര്‍ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ജുഫൈര്‍ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുവൈത്തില്‍ ജഹ്‌റയിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും അകന്നു നില്‍ക്കണം. വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങള്‍ തുടരണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാത അടച്ചു.
അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി
പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, യുഎഇയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി. ജാഗ്രത പാലിക്കണമെന്നും യുഎഇ അധികൃതരും എംബസിയും പുറപ്പെടുവിക്കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അബൂദബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ കോണ്‍സുലേറ്റ് ജനറലും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും ആവശ്യാനുസരണം അപ്‌ഡേറ്റുകള്‍ നല്‍കുമെന്നും അറിയിച്ചു. യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര അന്വേഷണങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം:
ടോള്‍ ഫ്രീ നമ്പര്‍: 800-46342
വാട്ട്‌സ്ആപ്പ്: +971543090571
ഇമെയില്‍: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in


