- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇറാന് കഴിഞ്ഞാല്‍ ക്യൂബയിലേക്ക്'; മഡുറോയ്ക്ക് പിന്നാലെ ക്യൂബന്‍ ഭരണകൂടത്തെ ലക്ഷ്യമിട്ട് ട്രംപ്; അടുത്ത സൈനിക നീക്കത്തെ കുറിച്ച് സൂചനയുമായി യു എസ് പ്രസിഡന്റ്; ഇന്റര്‍ മിയാമി താരങ്ങളെ സാക്ഷിയാക്കി യുദ്ധപ്രഖ്യാപനം

വാഷിങ്ടന്‍: ഇറാനിലെ യുഎസ് സൈനിക നടപടികള്‍ അവസാനിച്ചാല്‍ തന്റെ അടുത്ത ലക്ഷ്യം ക്യൂബയെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവിടെ സംഭവിക്കുന്നത് അത്ഭുതകരമാണ് എന്നും ഇറാന്‍ യുദ്ധം ആദ്യം പൂര്‍ത്തിയാക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മേജര്‍ ലീഗ് സോക്കര്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിയാമി ഫുട്ബോള്‍ ക്ലബ്ബിന് നല്‍കിയ സ്വീകരണത്തിനിടെയാണ് ട്രംപിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ക്യൂബയില്‍ സംഭവിക്കുന്നത് അദ്ഭുതകരമായ കാര്യങ്ങളാണെന്നും അവിടേക്കുള്ള നീക്കം സമയത്തിന്റെ പ്രശ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നല്‍കിയിരിക്കുന്നത്.
മിയാമിയിലെ ക്യൂബന്‍ വംശജരോടായി സംസാരിക്കവെയാണ് ട്രംപ് തന്റെ പദ്ധതികള്‍ വ്യക്തമാക്കിയത്. ക്യൂബന്‍ കുടിയേറ്റക്കാരന്റെ മകനായ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് പ്രശംസിച്ചു. ക്യൂബ യുഎസുമായി ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ ആക്രമണത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം, ശത്രുവിനെ പൂര്‍ണമായും നശിപ്പിക്കുകയാണെന്നും ഇറാന്റെ വ്യോമസേനയും നാവികസേനയും തകര്‍ത്തതായും അവകാശപ്പെട്ടു.
അമേരിക്കയും ഇസ്രായേലി സൈന്യവും ശത്രുവിനെ പൂര്‍ണ്ണമായും നശിപ്പിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ സൈനിക ശേഷിയെ തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാന് വ്യോമസേനയില്ല, വ്യോമ പ്രതിരോധവുമില്ല, ഇറാന്റെ നാവികസേന നശിപ്പിക്കപ്പെട്ടു എന്നും ട്രംപ് പറഞ്ഞു. അമേരിക്ക് മൂന്ന് ദിവസത്തിനുള്ളില്‍ 24 കപ്പലുകള്‍ തകര്‍ത്തതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനിലെ നേതാക്കള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ അവര്‍ ഇക്കാര്യത്തില്‍ വൈകിപ്പോയി എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ക്കായി ഇറാന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടെങ്കിലും തങ്ങള്‍ പോരാട്ടം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഇറാന്‍ യു എസുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നായിരുന്നു പ്രതികരിച്ചത്.
നേരത്തെ തന്നെ യുഎസ് ഉപരോധം മൂലം കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ക്യൂബ. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതോടെ ക്യൂബയിലേക്കുള്ള എണ്ണ വിതരണം നിലച്ചിരിക്കുകയാണ്. ഊര്‍ജ പ്രതിസന്ധി മൂലം ദിവസം 20 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ലോഡ്‌ഷെഡിങ് ക്യൂബയിലുണ്ട്. ഹവാനയില്‍ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് അമേരിക്കയുടേതെന്ന് സൂചനയുണ്ട്.
അമേരിക്കയിലുളള പല ആളുകളും അവരുടെ ജന്മനാടായ ക്യൂബയിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മിയാമിയിലെ ക്യൂബന്‍ പാരമ്പര്യമുള്ളവരെ കുറിച്ചാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. ക്യൂബ യുഎസുമായി ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നല്‍കിയിരിക്കുന്നത്.
ട്രംപും സഖ്യകക്ഷികളും ക്യൂബയെ നിരന്തരം ഭീഷണിപ്പെടുത്തുകയും രാജ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ നിരന്തരമായി സൈനികശക്തി കാട്ടി ഭീഷണിപ്പെടുത്തുന്നത് നേരത്തേ തന്നെ ട്രംപ് തുടരുന്ന രീതിയാണ്. ക്യൂബ സമീപഭാവിയില്‍ 'വീഴാന്‍ തയ്യാറാണെന്ന്' അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. വെനിസ്വേലയില്‍ ഡസന്‍ കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ യുഎസ് സൈനിക ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു.


