ടെഹ്‌റാന്‍: സിനിമക്കഥകളെ വെല്ലുന്ന അട്ടിമറികളും ചാരപ്പണികളും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ പുത്തരിയല്ല. എന്നാല്‍, ഇറാന്റെ സൈനിക കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്‌സ് തലവന്‍ ഇസ്മായില്‍ ഖാനിയെ കാണാതായത് ഇറാനെയും ലോകത്തെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. ഖാനി ഇസ്രായേലിന്റെ ചാരനാണോ, അതോ ഇറാന്റെ തടവറയിലോ എന്ന ചോദ്യം ഉയരുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ ചാരസംഘടനയായ മൊസാദിലേക്കാണ്.

അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്നതാണ് ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ പ്രവര്‍ത്തനശൈലി. തങ്ങളെ ചെറുക്കാനുള്ള യൂണിറ്റില്‍ പോലും തങ്ങളുടെ ചാരന്മാരെ കയറ്റിയ ചരിത്രവുമുണ്ട് ലോകത്തിലെ ഏറ്റവും വിപുലവും ശക്തവുമായ രഹസ്യാന്വേഷണ സംവിധാനങ്ങളിലുള്ള മൊസാദിന്. ഇറാന്റെ ഖുദ്സ് സേനയില്‍ വരെ ഇസ്രയേല്‍ ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത് മറ്റാരുമായിരുന്നില്ല ഇറാന്റെ മുന്‍ പ്രസിഡണ്ട് മഹമൂദ് അഹമ്മദി നെജാദായിരുന്നു. ഇപ്പോള്‍ ഐആര്‍ജിസി കമാന്‍ഡര്‍ ഇസ്മായില്‍ ഖാനിയുമായി ബന്ധപ്പെട്ടാണ് മൊസാദിന്റെ ആ കരങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. കാരണം ഇസ്മായില്‍ ഖാനി എവിടെയെന്ന് ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇറാന് കഴിയുന്നില്ല. അല്ലെങ്കില്‍ ഇറാന്‍ മിണ്ടുന്നില്ല.ഇസ്മായില്‍ ഖാനി ഇസ്രായേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് ഇറാന്‍ അദ്ദേഹത്തെ വധിച്ചു എന്ന രീതിയിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ചാരവൃത്തി ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഖാനിയെ അറസ്റ്റ് ചെയ്യുകയും ഒരുപക്ഷേ വധിച്ചിട്ടുണ്ടാകാം എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അറബ് മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും, ടെഹ്റാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എമിറേറ്റി മാധ്യമമായ 'ദ നാഷണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

67-കാരനായ ഇസ്മായില്‍ ഖാനിയെ ചുറ്റിപ്പറ്റി വര്‍ഷങ്ങളായി അഭ്യൂഹങ്ങള്‍ക്ക് നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ പലരും പല ആക്രമണങ്ങളിലായി കൊല്ലപ്പെട്ടെങ്കില്‍ അദ്ദേഹം രക്ഷപ്പെട്ടിരുന്നു. അതിനാല്‍ തന്നെ അ ദ്ദേഹത്തെ 'ഒന്‍പത് ജന്മമുള്ള മനുഷ്യന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2020 ജനുവരിയില്‍ അമേരിക്കയുടെ ആക്രമണത്തില്‍ മുന്‍ഗാമിയായ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഐആര്‍ജിസിയുടെ ഖുദ്‌സ് സേനയുടെ കമാന്‍ഡറായി ഖാനി ചുമതലയേറ്റത്.

മധ്യേഷ്യയിലുടനീളമുള്ള 'ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്' എന്നറിയപ്പെടുന്ന സഖ്യത്തെ കെട്ടിപ്പടുക്കുന്നതിനും ആയുധം നല്‍കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള ഇറാന്റെ വിദേശ പ്രവര്‍ത്തന വിഭാഗമാണ് ഖുദ്‌സ് സേന. അദ്ദേഹത്തിന്റെ നേതൃത്വകാലത്ത്, ആ ശൃംഖലയിലെ ഏറ്റവും പ്രമുഖരായ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്‌റല്ല, ടെഹ്റാനില്‍ വച്ച് കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ തലവന്‍ ഇസ്മായില്‍ ഹനിയ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അനുസരിച്ച്, ഹനിയയെ വധിച്ച ഓപ്പറേഷന് വഴിയൊരുക്കിയ വിവരങ്ങള്‍ നല്‍കിയത് ഖാനിയാണെന്ന് പറയപ്പെടുന്നു. ടെഹ്റാനിലെ അതീവ രഹസ്യകേന്ദ്രത്തില്‍ വെച്ച് ഖാനി ഹനിയയെ സന്ദര്‍ശിച്ച് അധികം വൈകാതെ തന്നെ, ഇസ്രായേല്‍ ആ താവളം ബോംബിട്ട് തകര്‍ത്തു എന്നാണ് പറയപ്പെടുന്നത്. കൂടാതെ, മേഖലയിലുടനീളം നടന്ന ആക്രമണങ്ങളില്‍ ഇറാനിലെ മറ്റ് ഡസന്‍ കണക്കിന് മുതിര്‍ന്ന കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഏറ്റവും ഒടുവിലായി, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയും മറ്റ് ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്റെ പ്രാദേശിക പ്രോക്‌സി ശൃംഖലയെ നിയന്ത്രിക്കുന്നതില്‍ ഉത്തരവാദിത്തമുണ്ടായിരുന്ന ഖാനി, കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഇറാന്റെ നേതൃനിരയെ തുടച്ചുനീക്കിയ പല ആക്രമണങ്ങളോടും അടുപ്പമുണ്ടായിരുന്ന ആളാണ് ഖാനി എന്ന ആരോപണം ഉയര്‍ന്നതോടെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിച്ചത്.

ഖമനേയി കൊല്ലപ്പെട്ട സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള മിനിറ്റുകളില്‍ ഖാനി ആ സ്ഥലത്തുനിന്ന് മാറിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ഇസ്രായേലിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് ഖാനിയാണെന്ന് വിശ്വസിക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നത് ഇതാണ്. മൊസാദ് റിക്രൂട്ട് ചെയ്ത ഒരു ഏജന്റ്, ഖമനേയിയുടെ മൃതദേഹത്തിന്റെ വീഡിയോ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അയച്ചു നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ ഈ അഭ്യൂഹങ്ങളെ കൂടുതല്‍ ശക്തമാക്കുന്നു.

ഇസ്രായേല്‍ നേരത്തെ തങ്ങള്‍ വധിക്കാന്‍ ഉദ്ദേശിക്കുന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരുടെയും ഇറാനുമായി ബന്ധമുള്ളവരുടെയും ഒരു പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ ആ പട്ടിക 'പൂര്‍ത്തിയായതായി' പ്രഖ്യാപിച്ചു; എന്നാല്‍ അതില്‍ ഖാനിയുടെ പേര് ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. 'ദ നാഷണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, പേര് വെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖാനി പങ്കെടുത്തേക്കാവുന്ന പല യോഗങ്ങളും സ്ഥലങ്ങളും പിന്നീട് മാരകമായ ആക്രമണങ്ങള്‍ക്ക് തകര്‍ക്കപ്പെട്ടുവെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

12 ദിവസം നീണ്ടുനിന്ന ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിനിടെ, ഖാനി കൊല്ലപ്പെട്ടതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 2025 ജൂണില്‍ തെഹ്റാനില്‍ നടന്ന ഒരു പൊതുചടങ്ങില്‍ സിവില്‍ വസ്ത്രം ധരിച്ച് അദ്ദേഹം അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയായിരുന്നു. അതുപോലെ തന്നെ, 2024 ഒക്ടോബറിലും അദ്ദേഹം മരിച്ചതായി വാര്‍ത്ത പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇറാനിയന്‍ ടിവിയില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയുമാണുണ്ടായത്. ഹിസ്ബുള്ളയുടെ നേതൃത്വ ഘടനയിലേക്ക് ഇസ്രായേല്‍ നുഴഞ്ഞുകയറിയതിനെത്തുടര്‍ന്ന്, സുരക്ഷാ വീഴ്ചകള്‍ ഉണ്ടായോ എന്ന് പരിശോധിക്കാന്‍ ഇറാന്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി ഖാനിയെയും അദ്ദേഹത്തിന്റെ ടീമിലെ അംഗങ്ങളെയും ഒറ്റപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തുവെന്ന് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മേഖലയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് അദ്ദേഹം വധിക്കപ്പെട്ടു എന്നാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇറാന്റെ പുതിയ പരമോന്നത നേതാവിനെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് ഇത്തരം അഭ്യൂഹങ്ങള്‍ ഉയരുന്നത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെതിന് പിന്നാലെ ഇറാന്റെ അധികാര കേന്ദ്രങ്ങളില്‍ വലിയ അഴിച്ചുപണികള്‍ നടക്കുകയാണ്. ഒരു പുതിയ പരമോന്നത നേതാവിനെ കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ ഖാനിയെപ്പോലൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അപ്രത്യക്ഷമായത് ഇറാന്റെ ആഭ്യന്തര സുരക്ഷ എത്രത്തോളം തകര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്.