മനാമ: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ബഹ്‌റൈനിലെ അമേരിക്കന്‍ നാവികസേനാ ആസ്ഥാനത്തിന് നേരെ ഇറാന്റെ അതിശക്തമായ ആക്രമണം. മനാമയിലെ ജുഫൈറില്‍ സ്ഥിതി ചെയ്യുന്ന യുഎസ് അഞ്ചാം കപ്പല്‍പ്പടയുടെ (Fifth Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തത്. ആക്രമണത്തില്‍ 21 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ 'ടെഹ്റാന്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് നല്‍കിയ മറുപടിയാണ് ഈ ആക്രമണമെന്ന് ഇറാന്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ കപ്പല്‍പ്പടയുടെ ആസ്ഥാനത്തെ റഡാര്‍ സംവിധാനങ്ങള്‍, കെട്ടിടങ്ങള്‍, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ടെര്‍മിനലുകള്‍ എന്നിവ തകര്‍ന്നതായി ഇറാന്‍ അറിയിച്ചു. എന്നാല്‍, സൈനികരെല്ലാവരും ബങ്കറുകളിലായിരുന്നുവെന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് യുഎസിന്റെ ഔദ്യോഗിക വിശദീകരണം.

ഫെബ്രുവരി 28-ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (IRGC) സമാന രീതിയില്‍ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി മാര്‍ച്ച് ആറിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍വെച്ച് ഇറാന്റെ യുദ്ധക്കപ്പലിനെ യുഎസ് അന്തര്‍വാഹിനി തകര്‍ത്തിരുന്നു.

ബഹ്‌റൈനിലെ അമേരിക്കന്‍ നാവികസേനാ ആസ്ഥാനത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഷാഹീദ്-136 (Shahed-136) ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ റഡാര്‍ സംവിധാനങ്ങള്‍, സര്‍വീസ് കെട്ടിടങ്ങള്‍, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ടെര്‍മിനലുകള്‍ എന്നിവ ആക്രമണത്തില്‍ തകര്‍ന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, സൈനികരെല്ലാവരും സുരക്ഷിതമായ ബങ്കറുകളിലായിരുന്നുവെന്നും മരണം സംഭവിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് യുഎസ് സൈനിക വൃത്തങ്ങളുടെ വിശദീകരണം. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത നാവിക-വ്യോമ യുദ്ധമാണ് നടക്കുന്നത്.

ഫെബ്രുവരി 28: ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (IRGC) ഇതേ രീതിയില്‍ അഞ്ചാം കപ്പല്‍പ്പടയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ IRIS Dena അമേരിക്കന്‍ അന്തര്‍വാഹിനി ടോര്‍പിഡോ ഉപയോഗിച്ച് തകര്‍ത്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു യുഎസ് സബ്മറൈന്‍ ശത്രുരാജ്യത്തിന്റെ കപ്പല്‍ തകര്‍ക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മനാമയില്‍ വീണ്ടും ശക്തമായ ആക്രമണം നടന്നിരിക്കുന്നത്.

എന്തുകൊണ്ട് അഞ്ചാം കപ്പല്‍പ്പട?

അറബിക്കടല്‍, ചെങ്കടല്‍, പേര്‍ഷ്യന്‍ ഗള്‍ഫ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക നീക്കങ്ങളുടെ നിയന്ത്രണ കേന്ദ്രമാണ് ബഹ്‌റൈനിലെ ഈ ആസ്ഥാനം. ഏകദേശം 8,300 സൈനികര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. ആഗോള എണ്ണ വ്യാപാരത്തിന്റെ സിരയായ 'ഹോര്‍മുസ് കടലിടുക്കിന്റെ' (Strait of Hormuz) സംരക്ഷണ ചുമതലയും ഈ കപ്പല്‍പ്പടയ്ക്കാണ്. യുദ്ധം മുറുകിയതോടെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ യുഎസ് നേവി അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

റിയാദിലും ആക്രമണം

അതേ സമയം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ നയതന്ത്ര മേഖലയും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ടെത്തിയ 33 ഡ്രോണുകള്‍ പ്രതിരോധ സേന വെടിവെച്ചിട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലാതെ ആക്രമണ ശ്രമം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടു വന്ന ഡ്രോണ്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ആക്രമണ ശ്രമത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിയാദിന്റെ കിഴക്കന്‍ മേഖലയില്‍ നിന്ന് 18 ഡ്രോണുകളും വ്യോമാതിര്‍ത്തിക്കുള്ളില്‍ കടന്ന 8 ഡ്രോണുകളും തകര്‍ത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷ്യമിട്ടെത്തിയ മറ്റ് 6 ഡ്രോണുകളും വെടിവെച്ചിട്ടു.

റുബുല്‍ ഖാലി മേഖലയിലൂടെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടു നീങ്ങിയ ഡ്രോണും സൈന്യം തകര്‍ത്തു. ശനിയാഴ്ച അല്‍ഖര്‍ജിലെ അമീര്‍ സുല്‍ത്താന്‍ എയര്‍ബേസ് ലക്ഷ്യമിട്ടു തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധ സേന തകര്‍ത്തിരുന്നു. മറ്റൊരു മിസൈല്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.