വാഷിങ്ടണ്‍: യുദ്ധത്തിന്റെ ആദ്യ ദിനത്തില്‍ ഇറാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേര്‍ക്കുണ്ടായ വ്യോമാക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ആരോപണം നിലനില്‍ക്കവേ ഇറാനെതിരെ ആരോപണവുമായി യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. വ്യോമാക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് ട്രംപിന്റെ ആരോപണം. ശനിയാഴ്ച എയര്‍ഫോഴ്സ് വണ്ണില്‍ ഇറാനെതിരായ അമേരിക്കയുടെ ആക്രമണത്തെക്കുറിച്ച് സംസാരിക്കവെയാണ് ട്രംപിന്റെ ആരോപണം. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ സൈന്യത്തിന് യാതൊരു പങ്കുമില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ മിനാബ് നഗരത്തിലെ സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ ഏഴ് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളും സ്‌കൂള്‍ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.

കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഇറാന്‍ തന്നെയെന്ന് ട്രംപ്

ഈ ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ഇല്ല, ഞാന്‍ കണ്ട കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അത് ചെയ്തത് ഇറാന്‍ തന്നെയാണ്' എന്നായിരുന്നു ട്രംപിന്റെ മറുപടി. തൊട്ടുപിന്നില്‍ നിന്ന യുഎസ് വാര്‍ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഞങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കുന്നുണ്ട്, എന്നാല്‍ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്ന ഒരേയൊരു കക്ഷി ഇറാന്‍ മാത്രമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തുടര്‍ന്ന് ട്രംപ് തന്റെ ആരോപണം വീണ്ടും ആവര്‍ത്തിച്ചു. 'ഇറാന്‍ തന്നെയാണ് അത് ചെയ്തതെന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു. കാരണം, അവരുടെ ആയുധങ്ങള്‍ ഒട്ടും കൃത്യതയില്ലാത്തവയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അവര്‍ക്ക് ഒരു കൃത്യതയുമില്ല. അതുകൊണ്ട് അത് ഇറാന്‍ ചെയ്തതാണ്,' ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിലുണ്ടായ വ്യോമാക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് റോയിട്ടേഴ്‌സും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 'ഇറാനിലെ എലമെന്ററി സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ ഡസന്‍ കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ യുഎസ് സൈന്യമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നത്,' യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തിയിട്ടില്ലെന്നും വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃത്യമായ തെളിവുകള്‍ എവിടെ?

അതേസമയം, യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് ഇക്കാര്യം സമ്മതിച്ചെങ്കിലും, കൃത്യമായ തെളിവുകള്‍ എന്താണെന്നോ, എന്ത് തരം ആയുധമാണ് ഉപയോഗിച്ചതെന്നോ, ആരൊക്കെയാണ് ഇതിന് ഉത്തരവാദികളെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

അതിനിടെ, അമേരിക്കയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ലോറ ഇന്‍ഗ്രാം രംഗത്തെത്തി. 'ഈ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ഇതൊരു ഭയാനകമായ വാര്‍ത്തയാണ്. യുഎസ് സൈന്യം ഇതിന് പരസ്യമായി മറുപടി പറയേണ്ടിവരും. സൈനിക കേന്ദ്രങ്ങളുടെ സാമീപ്യം ഒരു കാരണമാകാം, പക്ഷേ നമ്മുടെ ആയുധങ്ങള്‍ക്ക് പിഴവില്ലാത്ത കൃത്യതയുണ്ട്,' വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ത്ത ലിങ്ക് ചെയ്തുകൊണ്ട് ലോറ എക്‌സില്‍ കുറിച്ചു.

അമേരിക്ക-ഇസ്രായേല്‍ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നായി ഈ ആക്രമണം മാറിക്കഴിഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും കൊച്ചു കുട്ടികളാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, സ്‌കൂള്‍ എന്തുകൊണ്ട് ലക്ഷ്യമാക്കപ്പെട്ടു എന്നതിലോ, ഏത് രാജ്യമാണ് ആക്രമണം നടത്തിയത് എന്നതിലോ ഇപ്പോഴും വ്യക്തതയില്ല. ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ബ്രീഫിംഗില്‍, 'തങ്ങള്‍ക്ക് അറിയുന്നിടത്തോളം ഈ ആക്രമണം നടത്തിയത് യുഎസ് അല്ലെന്നും, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍ ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും' പ്രസ് സെക്രട്ടറി കരോലിന്‍ ലിവീറ്റ് വ്യക്തമാക്കി.

കണ്ണീരിലാക്കി പിഞ്ചുകുട്ടികളുടെ ദാരുണാന്ത്യം

ആക്രമണത്തിന് ശേഷം പുറത്തുവന്ന ചിത്രങ്ങള്‍ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തി. മരിച്ചവരെ അടക്കം ചെയ്യാന്‍ ഒരുക്കിയ കൂട്ടക്കുഴിമാടങ്ങളുടെ ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. പിഞ്ചുകുട്ടികളുടെ ദാരുണമായ അന്ത്യം ലോകമെമ്പാടും വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

വിവാദ പരാമര്‍ശവുമായി മാറ്റ് ഷ്‌ലാപ്പ്

അതിനിടെ, തീവ്ര വലതുപക്ഷ നിലപാടുകാരനായ മാറ്റ് ഷ്‌ലാപ്പ് നടത്തിയ പരാമര്‍ശം വിവാദമായി. ഇറാനിയന്‍ പെണ്‍കുട്ടികള്‍ ബുര്‍ഖ ധരിച്ച് ജീവിക്കുന്നതിനേക്കാള്‍ നല്ലത് അവര്‍ മരിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. പിയേഴ്സ് മോര്‍ഗന്‍ നടത്തിയ 'അണ്‍സെന്‍സേര്‍ഡ്' എന്ന പരിപാടിയില്‍ വെച്ചാണ് കണ്‍സര്‍വേറ്റീവ് യൂണിയന്‍ തലവനായ ഷ്‌ലാപ്പ് ഈ വിവാദ പരാമര്‍ശം നടത്തിയത്. . യുദ്ധ വിമര്‍ശകനായ പീറ്റര്‍ ബെയ്നാര്‍ട്ടും പിയേഴ്‌സ് മോര്‍ഗനും തമ്മില്‍ നടന്ന തര്‍ക്കത്തിനിടയിലാണ് ഷ്‌ലാപ്പ് ചര്‍ച്ചയെ വഴിതിരിച്ചുവിട്ടുകൊണ്ട് ഈ പ്രസ്താവന നടത്തിയത്.

സ്‌കൂളിലെ വ്യോമാക്രമണത്തിന് ഉത്തരവാദി ആരാണ് എന്നതിനെ ചൊല്ലി പാനലില്‍ നടന്ന തര്‍ക്കത്തിനിടെ, പീറ്റര്‍ ബെയ്നാര്‍ട്ട് നടത്തിയ വാദങ്ങള്‍ ചര്‍ച്ചയായി. 'ആരാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന് നമുക്കറിയില്ല. പക്ഷേ, തങ്ങള്‍ക്ക് കാര്യമായ ഭീഷണി ഉയര്‍ത്താത്ത ഒരു രാജ്യത്തിന് നേരെ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയിരുന്നില്ലെങ്കില്‍, ആ പെണ്‍കുട്ടികള്‍ ഇന്ന് ജീവനോടെയുണ്ടാകുമായിരുന്നു. ഇസ്രായേലിന് നൂറുകണക്കിന് ആണവായുധങ്ങളുണ്ട്, അമേരിക്കയ്ക്ക് ആയിരക്കണക്കിനുമുണ്ട്,' ബെയ്നാര്‍ട്ട് പറഞ്ഞു.

ഇതിനിടെ പിയേഴ്സ് മോര്‍ഗന്‍ മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍, മാറ്റ് ഷ്‌ലാപ്പ് ഇടിച്ചുകയറി ആ പെണ്‍കുട്ടികള്‍ മരിക്കുന്നതാണ് നല്ലതെന്ന് വാദിക്കുകയായിരുന്നു. 'അവര്‍ ജീവിച്ചിരുന്നെങ്കില്‍ ബുര്‍ഖ ധരിക്കേണ്ടി വരുമായിരുന്നു. ഇതൊരു കാടന്‍ സമൂഹമാണ്,' എന്നായിരുന്നു ഷ്‌ലാപ്പിന്റെ മറുപടി. അമേരിക്കയിലെ പ്രമുഖ കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സ് നടത്തുന്ന കണ്‍സര്‍വേറ്റീവ് യൂണിയന്റെ തലവനാണ് ഇദ്ദേഹം. ഇറാനിലെ വസ്ത്രധാരണ രീതികളെക്കുറിച്ച് ഷ്‌ലാപ്പിന് വ്യക്തമായ അറിവില്ലെന്ന് ഇതോടെ തെളിഞ്ഞു. ഇറാനിലെ നിയമപ്രകാരം സ്ത്രീകള്‍ തലയും കഴുത്തും മറയ്ക്കുന്ന 'ഹിജാബ്' ധരിക്കാന്‍ ബാധ്യസ്ഥരാണെങ്കിലും, ശരീരം മുഴുവന്‍ മറയ്ക്കുന്ന 'ബുര്‍ഖ' ധരിക്കാന്‍ അവര്‍ക്ക് നിര്‍ബന്ധമില്ല. ഈ വസ്തുത അറിയാതെയാണ് ഷ്‌ലാപ്പ് ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയത്.