- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'കൊച്ചിയില്‍ വരുന്നത് എപ്പോഴും നല്ല അനുഭവം; 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്റെ വികസിനത്തിന് വേഗത വരും; ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കും'; വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി; വിവാദങ്ങള്‍ക്കിടെ ആവേശം പകര്‍ന്ന് റോഡ് ഷോ

കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66ന്റെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കൊച്ചിയില്‍ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേയ്ക്ക് ഇന്‍ ഇന്ത്യ വഴി പെട്രോളിയം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നും പോളിപ്രോപെലിന്‍ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലൂരില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, ബിജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഹൈബി ഈഡന്‍ എം പി,ഗ വര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റോഡ് ഷോയ്ക്കു ശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് മോദി എത്തിയത്.
കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. സമാന്തരമായി ഉദ്ഘാടനവും തീരുമാനിച്ചു. മുഖ്യമന്ത്രിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുത്തില്ല.
5,500 കോടി രൂപ ചെലവിട്ടു ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്റിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവര്‍ഷം 4 ലക്ഷം ടണ്‍ പോളിപ്രൊപ്പിലിന്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഐ മേഖലയിലും സെമികണ്ടക്ടര്‍ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. സൗരോര്‍ജ ശക്തിയില്‍ പ്രമുഖ രാജ്യമാണ് നാം. കേരളവും സൗരോര്‍ജ മേഖലയില്‍ മുന്നേറണം. ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്‌ലോട്ടിങ് സോളര്‍ പദ്ധതിക്കു തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം കര്‍ഷകര്‍ക്കും വ്യവസായ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ശക്തിപകരും. അടിസ്ഥാന സൗകര്യ മേഖലയില്‍ ചെലവഴിക്കുന്ന പണം തൊഴിവസരങ്ങള്‍ സൃഷ്ടിക്കും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ മറൈന്‍ ഡ്രൈവില്‍ നടന്ന ധീവരസഭയുടെ സുവര്‍ണ ജൂബിലി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. 'കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം' എന്നു അഭിസംബോധന ചെയ്താണ് മോദി പ്രസംഗം ആരംഭിച്ചത്. ചരിത്രനിമിഷത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി മത്സ്യത്തൊഴിലാളികളുടെ അവകാശത്തിനായി സംഘടന പ്രവര്‍ത്തിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ''ജനങ്ങളുടെ അനുഗ്രഹം തേടാനാണ് താന്‍ എത്തിയത്. കേരള എന്ന പേരു മാറ്റി കേരളം എന്നാക്കണമെന്ന് ജനങ്ങളുടെ ആഗ്രഹമായിരുന്നു. അതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അതിന്റെ സന്തോഷം ജനങ്ങളുടെ മുഖത്ത് എനിക്ക് കാണാം'' പ്രധാനമന്ത്രി പറഞ്ഞു.
എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനും വിവിധ വികസന പദ്ധതികലുടെ ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഉച്ചയ്ക്ക് 11.45 ഓടെയാണ് മോദി വിമാനമിറങ്ങിയത്. ഡിജിപി റവാഡ ചന്ദ്രശേഖര്‍, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, റൂറല്‍ എസ്പി സുദര്‍ശന്‍ തുടങ്ങിയവരും ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ നാവികസേനാ വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
നാവിക സേന വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗമാണ് മറൈന്‍ ഡ്രൈവിലെ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന റോഡ് ഷോയ്ക്കുശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലേക്ക് മോദിയെത്തിയത്. കലൂര്‍ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എന്‍ഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി മോദി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടു കൂടി എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങള്‍ക്കും തുടക്കമാകും. ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.
പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനും മന്ത്രിമാരടക്കമുള്ളവര്‍ എത്തിയിരുന്നില്ല. ചീഫ് സെക്രട്ടറിയും കളക്ടറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. എന്‍ എച്ച് ആറു വരിപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിച്ചിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കില്ല. ദേശീയ പാത 66 ന്റെ തലപ്പാടി- ചെങ്കള, വെങ്ങളം -രാമനാട്ടുകാര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ പണം ചെലവാക്കിയിട്ടും പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. റിയാസിനെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉള്‍പ്പെടുത്തിയതിനെ മന്ത്രിമാരും സിപിഎമ്മും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയെ വിളിച്ചെന്നും മരുമകനെ കൂടി ഉള്‍പ്പെടുത്താനാവില്ലെന്നുമായിരുന്നു ബിജെപി മറുപടി.


