- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രയാഗ് കുംഭമേളക്കിടെ താരമായി; സിനിമയില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തി; ഇതരമതസ്ഥനായ യുവാവുമായുള്ള പ്രണയത്തില്‍ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പ്; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്ലെയും കാമുകനും; ഒടുവില്‍ പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പ്

തിരുവനന്തപുരം: പ്രയാഗ് കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്ലെ കാമുകന്‍ ഫര്‍മാന്‍ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. ഒന്നര വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാര്‍ തടസ്സം നിന്നതോടെയാണ് പൊലീസിന്റെ സഹായം തേടിയെത്തിയത്. കേരളത്തിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം.
മൊണാലിസ ഭോസ്ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഇതിനിടെ വീട്ടുകാര്‍ യുവതിയെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. ഇതോടെ ഷൂട്ടിംഗ് സ്ഥലത്തു നിന്നുമാണ് മൊണാലിസയും കാമുകന്‍ മുഹമ്മദ് ഫര്‍ഹാനും തമ്പാനൂര്‍ പൊലീസില്‍ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയത്. അച്ഛന്‍ നാട്ടിലേക്ക് നിര്‍ബന്ധിച്ചു കടത്താന്‍ ശ്രമിക്കുന്നുവെന്നാണ് മൊണാലിസ പൊലീസിനോട് പറഞ്ഞത്.
വീട്ടുകാര്‍ പ്രണയ ബന്ധത്തെ എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. എന്നാല്‍ പതിനെട്ട് വയസ് പൂര്‍ത്തിയായതിനാല്‍ യുവതിക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീര്‍പ്പിലെത്തി. തുടര്‍ന്ന് മൊണാലിസയും കാമുകനും ബന്ധുക്കള്‍ക്കൊപ്പം തിരിച്ചുപോയി.
മഹാകുംഭമേളയ്ക്കിടെ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയയായ മൊണാലിസ ഭോസ്ല അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ക്കും മറ്റുമായി മൊണാലിസ ഭോസ്ലെ നേരത്തെയും കേരളത്തില്‍ എത്തിയിരുന്നു.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. രാജ്യത്തെ മറ്റു പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു.
അച്ഛന്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്നും ഇതരമതസ്ഥനായ ഫര്‍മാനൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മൊണാലിസ പൊലീസിനോട് വെളിപ്പെടുത്തി. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പിതാവ് ജയ് സിങ് ഭോസ്ലെയെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മൊണാലിസയ്ക്ക് 18 വയസ്സ് പൂര്‍ത്തിയായ സാഹചര്യത്തില്‍, ആര്‍ക്കൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള നിയമപരമായ അവകാശം അവര്‍ക്കുണ്ടെന്ന് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.


