- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അധികാരമേറ്റിട്ടും മൊജ്താബ ഖമേനി ഒളിത്താവളത്തില്‍ ചികിത്സയില്‍? ഇറാന്റെ പരമോന്നത നേതാവിന്റെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്ക്? ഇസ്രായേല്‍ ആക്രമണത്തില്‍ പിതാവ് കൊല്ലപ്പെട്ട അതേ ദിവസം മൊജ്താബയ്ക്കും പരിക്കേറ്റിരുന്നു? 'പ്രതികാരദാഹി' എവിടെയെന്ന് അറിയില്ലെന്ന് ഇറാനിലെ ഒരു വിഭാഗം ജനത

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമേനിയെ സംബന്ധിച്ച വാര്‍ത്തകളും ഹോര്‍മുസ് കടലിടുക്കിലെ പുതിയ ആക്രമണങ്ങളും ആഗോളതലത്തില്‍ വലിയ ചര്‍ച്ചയാകുന്നു. പിതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ അധികാരമേറ്റ മൊജ്താബ ഖമേനിക്ക് ഇസ്രായേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഘര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെ ഇസ്രായേല്‍ ആക്രമണത്തില്‍ 56-കാരനായ മൊജ്താബയുടെ ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റതായി 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. അധികാരമേറ്റ ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളില്‍ വന്നിട്ടില്ല. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ അദ്ദേഹത്തെ 'ജാന്‍ബാസ്' (യുദ്ധത്തില്‍ പരിക്കേറ്റ പോരാളി) എന്നാണ് വിശേഷിപ്പിച്ചത്.
ഇസ്രായേല്‍ ആക്രമണത്തില്‍ പിതാവ് കൊല്ലപ്പെട്ട അതേ ദിവസം തന്നെ മൊജ്തബയ്ക്കും പരിക്കേറ്റതെന്നാണ് വിവരം. ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഞായറാഴ്ച അധികമേറ്റെടുത്ത 56-കാരനായ മോജ്താബ ഖമേനി ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെടുകയോ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തെ വധിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കുന്നതിനിടയിലാണ് പരിക്കേറ്റുവെന്ന ഈ വാര്‍ത്ത പുറത്തുവരുന്നത്. സംഘര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെ മോജ്താബയുടെ കാലുകള്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍, ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊജ്താബ അതീവ സുരക്ഷയുള്ള ഒളിത്താവളത്തില്‍ ചികിത്സയിലാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് ഇറാന്‍ പ്രസിഡന്റിന്റെ മകന്‍ യൂസഫ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി.
പൊതുവേദിയില്‍ നിന്ന് മൊജ്തബ മാറി നില്‍ക്കുന്നതിന് പിന്നില്‍ ഈ പരിക്കുകളാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും കണ്ണില്‍പ്പെടാതിരിക്കാനാണ് അദ്ദേഹം മാറിനില്‍ക്കുന്നതെന്നും സൂചനയുണ്ട്. അതീവ സുരക്ഷയുള്ള ഒളിത്താവളത്തില്‍ കഴിയുന്ന അദ്ദേഹം ബോധവാനാണെന്നും എന്നാല്‍ ആശയവിനിമയത്തിന് നിയന്ത്രണങ്ങളുണ്ടെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ, അദ്ദേഹത്തിന്റെ പിന്‍ഗാമിയെയും വധിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇസ്രായേലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊരാളാണ് 'പ്രതികാരദാഹി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോജ്താബ ഖമേനി.
ഇറാന്റെ പുതിയ പരമോന്നത നേതാവിനെതിരെ ഭീഷണി കടുപ്പിച്ച് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. അദ്ദേഹത്തിന് ഇനി 'സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ലെന്നും', 'മരണം, തീ, ക്രോധം'എന്നിവ നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മോജ്താബ ഖമേനി പരമോന്നത നേതാവായി അധികാരമേറ്റതിനെക്കുറിച്ച് ഇറാനിയന്‍ സ്റ്റേറ്റ് ടിവി നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍, യുദ്ധത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായി സൂചിപ്പിക്കുന്നുണ്ട്. റമദാന്‍ യുദ്ധത്തിലെ 'ജാന്‍ബാസ്' എന്നാണ് അദ്ദേഹത്തെ ഇറാനിയന്‍ സ്റ്റേറ്റ് ടിവി വിശേഷിപ്പിച്ചത്. യുദ്ധത്തില്‍ പരുക്കേറ്റ പോരാളി എന്നാണ് ഇതിന്റെ അര്‍ഥം.
ഇസ്രായേല്‍ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും പിതാവും കൊല്ലപ്പെട്ടെങ്കിലും, മോജ്താബയ്ക്ക് എങ്ങനെയാണ് പരിക്കേറ്റതെന്ന കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല. ഇറാനിലെ പ്രബലമായ സര്‍ക്കാര്‍ മതകാര്യ ചാരിറ്റി സംഘടനയായ 'കോമിറ്റെ എംദാദും' യുദ്ധത്തില്‍ പരിക്കേറ്റ സൈനികരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന 'ജന്‍ബാസ് ജംഗ്' എന്ന പേര്‍ഷ്യന്‍ പദം മോജ്താബയ്ക്കായി ഉപയോഗിച്ചു.
എന്നാല്‍, പരമോന്നത നേതാവ് 'സുരക്ഷിതനും ആരോഗ്യവാനുമാണെന്ന്' ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ മകന്‍ യൂസഫ് പെസെഷ്‌കിയാന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉപദേഷ്ടാവ് കൂടിയായ അദ്ദേഹം ബുധനാഴ്ച പറഞ്ഞത് ഇങ്ങനെ: 'മിസ്റ്റര്‍ മോജ്താബ ഖമേനിക്ക് പരിക്കേറ്റതായി ഞാന്‍ വാര്‍ത്തകള്‍ കേട്ടിരുന്നു. ബന്ധപ്പെട്ട സുഹൃത്തുക്കളോട് ഞാന്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചു. ദൈവാനുഗ്രഹത്താല്‍ അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് അവര്‍ എന്നോട് പറഞ്ഞു'.
തന്റെ പിതാവിനേക്കാള്‍ തീവ്രനിലപാടുള്ള വ്യക്തിയായാണ് മോജ്താബ ഖമേനി വിലയിരുത്തപ്പെടുന്നത്. ഐആര്‍ജിസിയുമായി അടുത്ത ബന്ധമുള്ള മോജ്താബ ഖമേനിയെ 'പ്രതികാരദാഹി' എന്നാണ് വിശേഷിപ്പിക്കുന്നത്. തന്റെ പിതാവ്, ഭാര്യ, മകന്‍ എന്നിവരുടെ മരണത്തിന് അമേരിക്കയോടോ അല്ലെങ്കില്‍ സ്വന്തം ജനതയോടു തന്നെയോ അദ്ദേഹം പകരം വീട്ടാന്‍ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു.
അതേസമയം, ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം മോജ്താബയുടെയും പിതാവിന്റെയും കൈകളില്‍ രക്തം പുരണ്ട ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെയാണ്: 'മുഖം അല്പം മാറിയേക്കാം, പക്ഷേ ഭീകര ഭരണകൂടത്തിന് മാറ്റമില്ല. പിതാവിന്റെ അടിച്ചമര്‍ത്തലിന്റെയും രക്തച്ചൊരിച്ചിലിന്റെയും പാരമ്പര്യമാണ് മോജ്താബ ഖമേനി പിന്തുടരുന്നത്.'
ആയത്തുള്ള അലി ഖമേനിയുടെ ഓരോ പിന്‍ഗാമിയെയും തങ്ങള്‍ വേട്ടയാടുമെന്ന് ഇസ്രായേല്‍ സൈന്യം ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പേര്‍ഷ്യന്‍ ഭാഷയില്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ ഐഡിഎഫ് കുറിച്ചത് ഇങ്ങനെയാണ്: 'ക്രൂരനായ ഖമേനിയെ ഇല്ലാതാക്കിയ ശേഷം, ഇറാന്റെ ഭീകര ഭരണകൂടം സ്വയം പുനര്‍നിര്‍മ്മിക്കാനും പുതിയൊരു നേതാവിനെ കണ്ടെത്താനും ശ്രമിക്കുകയാണ്. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ കൈകള്‍ ഓരോ പിന്‍ഗാമിയെയും, ഒരു പിന്‍ഗാമിയെ നിയമിക്കാന്‍ ശ്രമിക്കുന്ന ഓരോ വ്യക്തിയെയും പിന്തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു.'
മിഡില്‍ ഈസ്റ്റിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം തുടരുകയും ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയും ചെയ്തതോടെ ആഗോള എണ്ണവില കുതിച്ചുയരുകയാണ്. ബുധനാഴ്ചയോടെ യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ലോക സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയിലാണ്.
ലോകത്തിന്റെ എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം. പുലര്‍ച്ചെ 4.35-ഓടെ ഉണ്ടായ ആക്രമണത്തില്‍ തിരിച്ചറിയാനാവാത്ത ഒരു വസ്തു കപ്പലില്‍ വന്നിടിക്കുകയും തീപിടുത്തം ഉണ്ടാവുകയും ചെയ്തു. ഒമാന് 11 നോട്ടിക്കല്‍ മൈല്‍ വടക്ക് വെച്ചാണ് സംഭവം നടന്നത്. കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി മാറ്റിയതായി സമുദ്ര നിരീക്ഷണ ഏജന്‍സിയായ യുകെഎംടിഒ (UKMTO) അറിയിച്ചു.
സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടരുകയാണ്. പ്രദേശത്തുകൂടി പോകുന്ന കപ്പലുകള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംശയകരമായ സാഹചര്യങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇതിനുപുറമെ യുഎഇ തീരത്ത് മറ്റൊരു കണ്ടെയ്‌നര്‍ കപ്പലിന് നേരെയും സമാനമായ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹോര്‍മുസ് കടലിടുക്കിന് സമീപം മൈനുകള്‍ വിന്യസിക്കാന്‍ ശ്രമിച്ച ഇറാന്റെ 16 കപ്പലുകള്‍ അമേരിക്കന്‍ സേന തകര്‍ത്തതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കങ്ങള്‍. ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുത്താന്‍ ഇറാന്‍ ശ്രമിച്ചാല്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ മൈന്‍ നിക്ഷേപക കപ്പലുകളെ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു.


