ടെഹ്‌റാന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വധഭീഷണിയുമായി ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്. 'പിഞ്ചുകുഞ്ഞുങ്ങളുടെ കൊലയാളി നെതന്യാഹു ജീവനോടെ ശേഷിക്കുന്നുണ്ടെങ്കില്‍ പിന്തുടര്‍ന്നെത്തി കൊല്ലും' എന്നാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അവരുടെ വെബ്‌സൈറ്റായ സെഫാ ന്യൂസില്‍ വ്യക്തമാക്കിയത്. നെതന്യാഹുവിനെ ബാലഘാതകനെന്ന് വിശേഷിപ്പിച്ചാണ് ഐആര്‍ജിസിയുടെ സന്ദേശം. കുട്ടികളെ കൊല്ലുന്ന കുറ്റവാളി ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഞങ്ങള്‍ പിന്തുടര്‍ന്ന് അയാളെ ഇല്ലാതാക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. കുറച്ചു ദിവസമായി നെതന്യാഹുവിനെ പൊതുവേദികളില്‍ കാണാറില്ലെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 12നാണ് ഇസ്രായേല്‍ നെതന്യാഹുവിന്റെ വീഡിയോ പുറത്തുവിട്ടത്. വീഡിയോ എഐ നിര്‍മിതമാണെന്നും അദ്ദേഹത്തിന്റെ ഒരു കൈയില്‍ ആറ് വിരലുകള്‍ ഉള്ളതായി തോന്നിപ്പിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും വാര്‍ത്തകള്‍ ഇസ്രായേല്‍ തള്ളിയിരുന്നു. എന്നാല്‍ നെതന്യാഹു ജീവനോടെയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഐആര്‍ജിസിയുടെ പ്രസ്താവന.

ഇസ്രയേലില്‍ ഇറാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ നെതന്യാഹുലിന്റെ ബങ്കര്‍ തകര്‍ന്നതായും മരിച്ചതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്നാലെ നെതന്യാഹുവിന്റെ വിഡിയോ സന്ദേശം പുറത്തുവന്നുവെങ്കിലും അതില്‍ നെതന്യാഹുവിന് ആറ് കൈവിരലുകള്‍ ഉള്ളതായി കണ്ടത്. ഇതോടെ വിഡിയോ എഐ നിര്‍മിതമാണെന്നും പ്രചരണങ്ങള്‍ ഉണ്ടായി. മാത്രവുമല്ല, നെതന്യാഹുവിന്റെ മകന്‍ യായിര്‍ നെതന്യാഹു മാര്‍ച്ച് ഒന്‍പതിന് ശേഷം എക്‌സ് ഹാന്‍ഡില്‍ ഉപയോഗിച്ചിട്ടില്ലെന്നും ഇത് കുടുംബത്തിലുണ്ടായ ദുരന്തത്തെ തുടര്‍ന്നാണെന്നും അഭ്യൂഹങ്ങള്‍ പരന്നു.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ കൊല്ലുമെന്ന് വീഡിയോയില്‍ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു. അതെസമയം, നെതന്യാഹു എവിടെയാണെന്ന് നിരൂപക കാന്‍ഡസ് ഓവന്‍സും ചോദിച്ചു. എന്നാല്‍, നെതന്യാഹുവിന്റെ മരണവാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. നെതന്യാഹു സുഖമായിരിക്കുന്നുവെന്നാണ് ഓഫിസ് വ്യക്തമാക്കിയത്. ചില ഉപയോക്താക്കള്‍ അദ്ദേഹത്തിന്റെ മകന്‍ യെയര്‍ നെതന്യാഹു സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായെന്നും പറയുന്നു. എക്‌സില്‍ ഏകദേശം 284,000 ഫോളോവേഴ്സുള്ള വളരെ സജീവവുമായ യെയര്‍ മാര്‍ച്ച് 9 മുതല്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നത്.

അതേ സമയം ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനേയി ജീവനോടെയുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സികള്‍ ഈ വിവരം പുറത്തുവിട്ടത്. പരിക്കേറ്റതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആശയവിനിമയം ഉള്‍പ്പെടെ അതീവ നിയന്ത്രണത്തിലാണെന്നും സൂചനയുണ്ട്. മുജ്തബ ഖമനേയിയുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഇപ്പോള്‍ ഐആര്‍ജിസിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. ഖമനേയിയുടെ സന്ദേശങ്ങള്‍ പുറംലോകത്തെത്തിക്കുന്നത് ഐആര്‍ജിസി ഉദ്യോഗസ്ഥരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ മുജ്തബ ജീവനോടെയില്ല എന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. മുജ്തബയുടെ ആരോഗ്യ നിലയെക്കുറിച്ച് യുഎസ് പലപ്പോഴായി പ്രസ്താവന നടത്തിയിട്ടുണ്ട്. ആദ്യം ഗുരുതരമായി പരിക്കേറ്റ് ശരീരത്തിന്റെ രൂപം തന്നെ മാറിപ്പോയെന്ന് വരെ യുഎസ് ആരോപിച്ചിരുന്നു.

യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മകനും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. അലി ഖമനേയിക്ക് പിന്നാലെ മുജ്തബയെ പരമോന്നത നേതാവായി ഇറാന്‍ അവരോധിച്ചിരുന്നു. എന്നാല്‍ സ്ഥാനാരോഹണത്തിന് ശേഷം ഇദ്ദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവന്നിരുന്നില്ല. പകരം എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് പുറത്തുവന്നത്. ഇതോടെ മുജ്തബ ജീവനോടെയില്ല എന്നുള്ള അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.

അതേ സമയം സൗദിയിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയത് തങ്ങളല്ലെന്നും ഇസ്രയേല്‍ ഇറാന്റെ പതാക വ്യാജമായി ഉപയോഗിച്ച് ആക്രമണം നടത്തിയതാണെന്നും ഇറാന്‍ സൈന്യം ആരോപിച്ചു. സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് രാവിലെ കനത്ത ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. 10 ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുര്‍ക്കി, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇസ്രയേലും അമേരിക്കയും ആക്രമണം നടത്തിയ ശേഷം അത് ഇറാന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ വക്താവ് പ്രതികരിച്ചു.

ഇറാന്റെ ഷഹീദ് ഡ്രോണുകളോട് സാമ്യമുള്ള ലൂക്കാസ് ഉപയോഗിച്ചാണ് സൗദിയിലും കുവൈത്തിലും ഇറാഖിലും ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്‍ ഒരിക്കലും ജനവാസ മേഖലകളെ ലക്ഷ്യമിടുന്നില്ലെന്നും അമേരിക്കന്‍ വ്യോമത്താവളങ്ങള്‍, അമേരിക്കന്‍ ബന്ധമുള്ള സ്ഥാപനങ്ങള്‍, ഇസ്രയേലുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെ മാത്രമേ ആക്രമണം ഉണ്ടാവുകയുള്ളൂവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാന്‍ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഔദ്യോഗികമായി ഇറാന്‍ സ്ഥിരീകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.