ചെന്നൈ: ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എം.കെ. സ്റ്റാലിനും അധികാരം തിരിച്ചുപിടിക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി ഇറങ്ങുന്ന എഐഎഡിഎംകെ-ബിജെപി സഖ്യവും. ഇവര്‍ക്കിടയിലേക്ക് താരത്തിളക്കത്തിന്റെ പകിട്ടുമായി 'ദളപതി' വിജയ് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി കടന്നുവരുന്നതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഇക്കുറി അടിമുടി മാറിയിരിക്കുകയാണ്. സകല ചേരുവകളും ഒത്തിണങ്ങിയ ഒരു തമിഴ് ആക്ഷന്‍ ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന പോരാട്ടമായിരിക്കും ഏപ്രില്‍ 23-ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിനായി സംസ്ഥാനത്ത് അരങ്ങേറുക. 234 മണ്ഡലങ്ങളിലേക്കും നടക്കുന്ന ഈ പോരാട്ടത്തില്‍ 118 എന്ന മാജിക് സംഖ്യ കടന്ന് കോട്ട പിടിക്കുന്നത് ആരെന്ന് അറിയാന്‍ മെയ് 4 വരെ കാത്തിരിക്കണം.

നിലവില്‍ 159 സീറ്റുകളുമായി ഭരണത്തിലിരിക്കുന്ന ഡിഎംകെ സഖ്യം വലിയ ആത്മവിശ്വാസത്തിലാണ്. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 സീറ്റുകളും തൂത്തുവാരാന്‍ കഴിഞ്ഞത് ചെറിയ നേട്ടമല്ല. ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തിലെ പ്രധാനകക്ഷികളാണ് സിപിഎം, സിപിഐ, കോണ്‍ഗ്രസ്, വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ്, ഡിഎംഡികെ, മക്കള്‍ നീതി മയ്യം,എംഎംകെ തുടങ്ങിയവ. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യമുള്ളത്. ഡിഎംകെ സഖ്യത്തിന് 36 മുതല്‍ 38 ശതമാനം വരെ വോട്ട് വിഹിതമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഭരണവിരുദ്ധ വികാരത്തെ വികസന നേട്ടങ്ങള്‍ കൊണ്ട് മറികടക്കാമെന്ന് സ്റ്റാലിന്‍ വിശ്വസിക്കുമ്പോള്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ വിജയം നിയമസഭാ പോരാട്ടത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണികള്‍.

മറുഭാഗത്ത്, ജയലളിതയുടെ അഭാവം എഐഎഡിഎംകെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമാണ്. ജയലളിതയുടെ വിശ്വസ്തനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഒ. പനീര്‍സെല്‍വം അടുത്തിടെ ഡിഎംകെയില്‍ ചേര്‍ന്നത് എഐഎഡിഎംകെയ്ക്ക് കനത്ത ആഘാതമായി. പടിഞ്ഞാറന്‍ തമിഴ്നാട്ടിലും കൊങ്ങുനാട്ടിലും ഇപ്പോഴും ശക്തമായ സ്വാധീനമുണ്ടെങ്കിലും, ജയലളിതയെന്ന വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന കരുത്തുറ്റ നേതാവിനു പകരക്കാരെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 30-33 ശതമാനം വോട്ട് വിഹിതമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആഭ്യന്തരകലഹവും മുന്‍നിര നേതാക്കളുടെ കൊഴിഞ്ഞുപോക്കും എഐഎഡിഎംകെയ്ക്ക് ക്ഷീണമുണ്ടാക്കിയെങ്കിലും അമ്മയുടെ പാര്‍ട്ടിയോട് തമിഴ്മക്കള്‍ക്കുള്ള വൈകാരിക അടുപ്പം തുണയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കരുണാനിധിക്കൊത്ത എതിരാളി ആയിരുന്ന ജയലളിതയെ പോലൊരു നേതാവ് എന്ന് എഐഎഡിഎംകെയ്ക്കില്ല. അതാണ് അവരുടെ പോരായ്മയും. ജയലളിതയുടെ മരണം ആ പാര്‍ട്ടിയെ അനാഥമാക്കിക്കളഞ്ഞെന്ന് പറയാം. ബിജെപിയുമായി ചേര്‍ന്ന് 30-33 ശതമാനം വോട്ട് ലക്ഷ്യമിടുന്ന എന്‍ഡിഎ സഖ്യം, തമിഴ് മണ്ണില്‍ വേരുകള്‍ ആഴ്ത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളും വോട്ടാക്കി മാറ്റാനാണ് അവരുടെ ശ്രമം.

തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍ താരം വിജയ് തന്റെ 'തമിഴക വെട്രി കഴകം' (ടിവികെ) എന്ന പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലിറങ്ങുന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്. എംജിആറിനും ജയലളിതയ്ക്കും വിജയകാന്തിനും ലഭിച്ച സ്വീകാര്യത തനിക്കും ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വിജയ്. യുവാക്കള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ വന്‍ സ്വാധീനം 12-13 ശതമാനം വോട്ട് വിഹിതം ടിവികെയിലേക്ക് എത്തിക്കുമെന്നാണ് പ്രവചനങ്ങള്‍. ഡിഎംകെ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് വിജയ് ഉയര്‍ത്തുന്നത്. എന്നാല്‍ കരൂരിലെ പാര്‍ട്ടി പരിപാടിക്കിടെയുണ്ടായ അപകടവും വ്യക്തിപരമായ വിവാദങ്ങളും അദ്ദേഹത്തിന് വെല്ലുവിളിയായേക്കാം. എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവായിരുന്ന കെ.എ. സെങ്കോട്ടയ്യന്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നത് വിജയിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കരുത്തുപകരുന്നുണ്ട്.

അഭിനയത്തോട് വിടപറഞ്ഞ് മുഴുവന്‍സമയ രാഷ്ട്രീയക്കാരനാകുന്നെന്ന് വിജയ് പ്രഖ്യാപിച്ച് കഴിഞ്ഞു. അധികാരത്തിലെത്തുമെന്ന് ഉറപ്പിക്കുംവിധത്തിലാണ് പൊതുവേദിയിലെ അദ്ദേഹത്തിന്റെ വാക്കുകള്‍. സ്‌ക്രീനിലെ സൂപ്പര്‍ നായകനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും രാഷ്ട്രീയത്തില്‍ എങ്ങനെ പെര്‍ഫോം ചെയ്യാനാകുമെന്ന് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തും. വിജയ് എന്ന നടന് യുവാക്കളില്‍നിന്നും മറ്റും ലഭിക്കുന്ന പിന്തുണ, താരമെന്ന നിലയ്ക്ക് ലഭിക്കുന്ന സ്വീകാര്യത തുടങ്ങിയവയാണ് ടിവികെയ്ക്ക് കിട്ടാവുന്ന വോട്ട് വിഹിതത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

കൂടാതെ, ജയലളിതയുടെ തോഴി ശശികല 'ഓള്‍ ഇന്ത്യ പുരട്ചി തലൈവര്‍ മക്കള്‍ മുന്നേറ്റ കഴകം' എന്ന പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത് എഐഎഡിഎംകെ വോട്ടുകളില്‍ വിള്ളലുണ്ടാക്കിയേക്കാം. ജയലളിതയുടെ പൈതൃകം അവകാശപ്പെട്ട് ശശികല എത്രത്തോളം വോട്ട് പിടിക്കുമെന്നത് ഡിഎംകെ ഇതര വോട്ടുകളെ സ്വാധീനിക്കും. ദ്രാവിഡ രാഷ്ട്രീയം എന്നും താരപ്പൊലിമയെ നെഞ്ചേറ്റിയ ചരിത്രമാണ് തമിഴ്നാടിനുള്ളത്. സ്റ്റാലിന്റെ ഭരണപരിചയവും എടപ്പാടിയുടെ അതിജീവന തന്ത്രങ്ങളും വിജയിന്റെ താരപ്രഭാവവും ഏറ്റുമുട്ടുമ്പോള്‍ മേയ് നാലിന് പുറത്തുവരുന്ന ഫലം തമിഴ് രാഷ്ട്രീയത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമെന്നുറപ്പാണ്.