- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'തൃക്കരിപ്പൂരില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട!' സന്ദീപ് വാര്യരുടെ കാര്യത്തില്‍ കടുത്ത അതൃപ്തി; കാസര്‍ഗോഡ് ഡിസിസിയില്‍ പൊട്ടിത്തെറി; തവനൂരില്‍ വി എസ് ജോയ് യെ പ്രഖ്യാപിക്കും മുമ്പെ 'സന്ദീപ് വാര്യര്‍ക്ക് സ്വാഗതം' എന്ന് ഫ്ലക്സ് ബോര്‍ഡുകള്‍; പിന്നാലെ പ്രതിഷേധ കുറിപ്പും

കാസര്‍കോട്: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസില്‍ പ്രതിഷേധം കടുക്കുന്നു. കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഡിസിസി നേതൃത്വം രംഗത്ത് വന്നു. സന്ദീപിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബാലകൃഷ്ണന്‍ പെരിയയ്ക്കും അതൃപ്തിയുണ്ട്. നാളെ ഡിസിസിയില്‍ ഇതുമായി ബന്ധപ്പെട്ട അടിയന്തരയോഗം നടക്കും. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ മത്സരിക്കാനായി കാത്തിരുന്ന മണ്ഡലമായിരുന്നു തൃക്കരിപ്പൂര്‍. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സന്ദീപ് വാര്യരുടെ പേര് പരിഗണിക്കുന്നതില്‍ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജില്ലയിലെ നേതാക്കളുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഇത്തരമൊരു നീക്കമെന്നാണ് പ്രധാന വിമര്‍ശനം. ജില്ലയില്‍ നിന്നുള്ള നേതാക്കളെ തന്നെ തൃക്കരിപ്പൂരില്‍ മത്സരിപ്പിക്കണമെന്ന് ഡിസിസി നേരത്തെ തന്നെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും, ഈ നിലപാടില്‍ മാറ്റമില്ലെന്നും സന്ദീപ് വാര്യരെ മത്സരിപ്പിക്കാനാണ് തീരുമാനമെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും പി.കെ. ഫൈസല്‍ വ്യക്തമാക്കി.
പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കുന്നത് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് ഡിസിസിയുടെ മുന്നറിയിപ്പ്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്നു. ജില്ലയില്‍ നിന്നുള്ള ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിനൊപ്പം ബാലകൃഷ്ണന്‍ പെരിയ, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നേരത്തെ തവനൂരിലും സന്ദീപ് വാര്യര്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടിരുന്നു. സന്ദീപ് വാര്യര്‍ക്ക് സ്വാഗതം അര്‍പ്പിച്ചുകൊണ്ട് തവനൂരില്‍ സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സിനു മുകളില്‍ പ്രതിഷേധ കുറിപ്പ് ഒട്ടിക്കുകയായിരുന്നു. പൊറൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പേരില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സിലാണ് പ്രതിഷേധ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. 'സന്ദീപ് വാര്യര്‍ക്ക് സ്വാഗതം' എന്നെഴുതി സ്ഥാപിച്ച ഫ്‌ലക്‌സിന്റെ മുകളില്‍ 'ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചുകൊന്നു എന്നു പറഞ്ഞ വര്‍ഗീയവാദി വാര്യര്‍ ഈ നാടിനു വേണ്ട' എന്ന് എഴുതിയ കുറിപ്പ് ആണ് ഒട്ടിച്ചുവെച്ചിട്ടുള്ളത്. തവനൂരിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേയാണ് സന്ദീപിന് സ്വാഗതമെന്നുള്ള ഫ്ളക്സ് സ്ഥാപിച്ചത്.
ഇത് സന്ദീപിന്റെ തന്നെ തന്ത്രമാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തനിക്ക് മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂര്‍ സീറ്റ് കിട്ടാനായി ആളെ വെച്ച് സ്ഥാപിച്ച പോസ്റ്ററാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.മുസ്ലിം ലീഗ് ചത്ത കുതിരയാണെന്നും വര്‍ഗീയ വാദികളാണെന്നും പറഞ്ഞ സന്ദീപിന് വോട്ടില്ല എന്നും പോസ്റ്ററില്‍ ഉണ്ട്. തവനൂരിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് മുന്‍പേയാണ് ഫ്‌ളക്‌സ് വച്ചത്.
കാസര്‍കോട് ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിയുടെ പേര് ആദ്യഘട്ട പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും.
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.


