കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും വനിതാ പ്രാതിനിധ്യത്തില്‍ വിപ്ലവകരമായ നിലപാടുമായി മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച 291 സ്ഥാനാര്‍ത്ഥികളില്‍ 52 പേരും വനിതകളാണ്. അതായത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏകദേശം 18 ശതമാനത്തോളം. രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുക എന്ന നയം തൃണമൂല്‍ ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 2011ല്‍ 31 വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് ഇറങ്ങിയപ്പോള്‍ 24 പേര്‍ വിജയിച്ചു. 2016ല്‍ 45 വനിതാ സ്ഥാനാര്‍ത്ഥികളില്‍ ജയിച്ചത് 29 പേരായിരുന്നു. 2021ല്‍ 50 വനിതാ സ്ഥാനാര്‍ത്ഥികളെ പോരാട്ടത്തിന് ഇറക്കിയപ്പോള്‍ 33 പേര്‍ വിജയിച്ചു. ഇത്തവണ 52 വനിതാ സ്ഥാനാര്‍ത്ഥികള്‍ കളത്തിലിറങ്ങുന്നു.

ഇത്തവണത്തെ പട്ടികയില്‍ പുതുമുഖങ്ങളും പരിചയസമ്പന്നരും ഒരുപോലെ ഇടംപിടിച്ചിട്ടുണ്ട്. ബംഗാളിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഈ വനിതാ നിര. ഗ്രാമീണ മേഖലകളില്‍ നിന്നുള്ള പോരാളികളും നഗരമുഖങ്ങളും ഒരുപോലെ അണിനിരക്കുന്നതിലൂടെ താഴെത്തട്ടിലുള്ള സ്ത്രീകളുടെ ശബ്ദം നിയമസഭയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കടുത്ത രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്ന ഈ തിരഞ്ഞെടുപ്പ് കാലത്ത്, വനിതകളെ മുന്‍നിര്‍ത്തിയുള്ള മമതയുടെ ഈ പരീക്ഷണം ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പാര്‍ട്ടിക്കുള്ളിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും സര്‍ക്കാര്‍ അധികാര സ്ഥാനങ്ങളും വനിതകള്‍ക്ക് ഇടം നേടാനായിട്ടുണ്ട്. മറ്റ് വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ക്ക് പടിപടിയായി വളരാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ മമത ബാനര്‍ജി സ്വീകരിക്കുന്ന നടപടികള്‍ പ്രശംസ പിടിച്ചുപറ്റുന്നതാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതിന്റെ മികച്ച ഉദാഹരണമാണ്. തൃണമൂല്‍ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ 38 ശതമാനം പേരും(11 എംപിമാര്‍) വനിതകളാണ്. പാര്‍ലമെന്റിലെ മുഖ്യധാര പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യമുള്ളതും തൃണമൂലിന് തന്നെയാണ്. നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും കൃത്യമായ വര്‍ധനവ് തൃണമൂല്‍ ഉറപ്പാക്കിയിട്ടുണ്ട്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 31 വനിതകളെയാണ് തൃണമൂല്‍ രംഗത്ത് ഇറക്കിയത്. ഇതില്‍ 24 പേര്‍ വിജയിച്ചു. 2016ല്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 45 ഉം വനിതാ എംഎല്‍എമാരുടെ എണ്ണം 29ഉം ആയി. 2021ലെ തെരഞ്ഞെടുപ്പില്‍ 50 വനിതകള്‍ മമതാ ബാനര്‍ജിക്കൊപ്പം പോരിനിറങ്ങി. അതില്‍ 33 പേര്‍ വിജയിക്കുകയും ചെയ്തു. ബംഗാള്‍ നിയമസഭയില്‍ നിലവില്‍ 40 വനിതാ എംഎല്‍എമാരാണ് ഉള്ളത് എന്നത് കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് വനിതാ പ്രാതിനിധ്യത്തില്‍ മറ്റ് പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിലാണ് തൃണമൂല്‍ എന്ന് വ്യക്തമാകുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിലും സമാനമായ വനിതാ പ്രാതിനിധ്യം കാണാം. 2014ല്‍ ആകെ 42 സീറ്റുകളില്‍ 11 വനിതകളെയാണ് തൃണമൂല്‍ രംഗത്ത് ഇറക്കിയത്. ഇവര്‍ എല്ലാവരും വിജയിക്കുകയും ചെയ്തു. 2019ലാണ് തൃണമൂല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വനിതകളെ അണിനിരത്തിയിത്, 17 പേര്‍. മത്സരിച്ച ആകെ സീറ്റുകളില്‍ 40.5 ശതമാനവും വനിതളെന്ന മറ്റ് പാര്‍ട്ടികളെ അമ്പരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് തൃണമൂല്‍ അവതരിപ്പിച്ചത്. 2024ല്‍ വനിതകളുടെ എണ്ണത്തില്‍ നേരിയ കുറവ് സംഭവിച്ചെങ്കിലും 12 പേര്‍ കളത്തിലിറങ്ങുകയും, ഇതില്‍ ഒരാളൊഴികെ എല്ലാവരും തൃണമൂലിന്റെ എംപിമാരായി തീരുകയും ചെയ്തു. തൃണമൂലിന്റെ ആകെ എംപിമാരില്‍ 38 ശതമാനവും വനിതകളാണ് എന്നതും ശ്രദ്ധേയമാണ്. സ്ത്രീ സംവരണം 33 ശതമാനം ആക്കാനുള്ള നിയമനിര്‍മ്മാണം എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് ഇത്തരം വിപ്ലവകരമായ നിലപാടുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്ന വനിത സ്ഥാനാര്‍ത്ഥികള്‍ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ സാമൂഹ്യശ്രേണികളില്‍ നിന്നും ഉള്ളവരാണ്. പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കളും പുതുമുഖങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അതീവ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ട് ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് പൊളിറ്റിക്സിനോടുള്ള പ്രതിബദ്ധത തൃണമൂല്‍ വ്യക്തമാക്കുന്നു എന്നാണ് ഇതേ കുറിച്ച് ഉയരുന്ന അഭിപ്രായങ്ങള്‍.

തൃണമൂലിന്റെ 52 വനിതാ സ്ഥാനാര്‍ത്ഥികളും മണ്ഡലവും

മമത ബാനര്‍ജി-ബബ്ബാനിപൂര്‍

സംഗീത റോയ് ബസൂനിയ-സിതായ്

സ്വപ്ന ബര്‍മാന്‍-രാജ്ഗഞ്ച്

റിന തോപ ഏക-ഫന്‍സിദ്വ

രേഖ റോയ്-ഖുശ്മണ്ഡി

അര്‍പിത ഘോഷ് -ബാലോര്‍ഘട്ട്

കബിത മണ്ഡല്‍-മാണിചോക്

ലിപിക ബര്‍മാന്‍ ഘോഷ്-മാല്‍ഡ

സബീന യാസ്മിന്‍-സുജാപൂര്‍

ചന്ദന സര്‍ക്കാര്‍-വൈഷ്ണവ്നഗര്‍

ഷോനി സിംഗ റോയ്-മുര്‍ഷിദാബാദ്

പ്രോതിമ രാജക്-ബാരന്യ

സഹീന മുംതാസ്-നവാഡ

ആലിഫ അഹ്‌മ്മദ്-കാളിഗഞ്ച്

ബര്‍ണാലി ഡി റോയ്-റാണാഘട്ട് നോര്‍ത്ത്-ഈസ്റ്റ്

മധുപര്‍ണ താക്കൂര്‍-ബാഗ്ഡ

റിതുപര്‍ണ ആധ്യ-ബാഗാവ് സൗത്ത്

വീണ മണ്ഡല്‍-സ്വരൂപ്നഗര്‍

ചന്ദ്രിമ ഭട്ടാചാര്യ-ധംധം നോര്‍ത്ത്

സത്യാന്തിക ബാനര്‍ജി-ബാരാനഗര്‍

അതിഥി മുന്‍ഷി-രാജാര്‍ഹട്ട് ഗോപാല്‍പൂര്‍

ഉഷ റാണി മണ്ഡല്‍-മിനാഘണ്ഡ്

ജാര്‍ന സര്‍ദാര്‍-സന്ദേശ്ഘലി

നീലിമ ബിശ്വാസ് മിസ്ത്രി-ബാസന്തി

ബര്‍ണാലി ധാര-കുല്‍പി

ശര്‍മിഷ്ഠ പുര്‍കായസ്ത-മഗ്രാഹട്ട് ഈസ്റ്റ്

സോമശ്രീ ബേഥല്‍-സത്ഗഞ്ചിയ

അരുന്ധതി മൊയ്ത്ര-സോനാര്‍പൂര്‍ സൗത്ത്

ഫിര്‍ദൗസി ബീഗം-സോനാര്‍പൂര്‍ നോര്‍ത്ത്

രത്ന ചാറ്റര്‍ജി-ബെഹ് ല വെസ്റ്റ്

നയന ബാനര്‍ജി-ചോരംഗി

ഡോ.ശശി പഞ്ചാ-ശ്യാംപൂകൂര്‍

ശ്രേയ പാണ്ഡേ-മണികട്ട്ല

നന്ദിത ചൗധരി-ഹൗറ സൗത്ത്

പ്രിയ പാല്‍-സാഗ്രെയ്ല്‍

സ്വാതി ഖാണ്ഡ്കര്‍-ചാന്ദിതല

ഡോ. കാര്‍ബി മന്നാ-ഹരിപാല്‍

അസിമ പത്ര-ധനേഘാലി

മിത ബാഗ്-അരംബാഗ്

തപ്സി മണ്ഡല്‍-ഹല്‍ദിയ

പ്രതിഭ റാണി മെയ്തി-നാരായണ്‍ഘര്‍

ശ്യാമിലി സര്‍ദാര്‍-ഘട്ടല്‍

ഉത്തര സിംഗ-ഘര്‍ബേട്ട

ശ്യൂലി സാഹ-കേശ്പൂര്‍

ബീര്‍ബഹ ഹന്‍സ്ദാ-ബിന്‍പൂര്‍

സന്ധ്യ റാണി തുഡു-മന്‍ബസാര്‍

ഡോ. തനുശ്രീ ഹന്‍സ്ദാ-റാണിബന്ധ്

ശ്യാമിലി റോയ് ബാഗ്ഡി-ഇന്ദാസ്

മന്ദിര ഡാല്‍യുവി-റെയ്ന

ഭസുന്ദര ഗോസ്വാമി-പോര്‍ബസ്തലി നോര്‍ത്ത്

നിലാബതി സാഹ-സെയ്ന്തിയ