- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റഷ്യന്‍ യുറാല്‍ പോലുള്ള 'ഹെവിയര്‍' ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കാന്‍ ശേഷിയില്ല; ഇന്ധന ഇറക്കുമതി കടുത്ത സാമ്പത്തിക ബാധ്യത; ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കാന്‍ സഹായം തേടി ബംഗ്ലാദേശ്; ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍ ചാകര; കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകം

ധാക്ക: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിമുറുക്കിയതോടെ ഇന്ധനപ്രതിസന്ധിയിലായ ബംഗ്ലാദേശ്, പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയുടെ സഹായം തേടി. പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവ് നിലച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക-ഊര്‍ജ്ജ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇന്ത്യ വഴി ഇറക്കുമതി ചെയ്യാനാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്. റഷ്യയില്‍ നിന്ന് വാങ്ങുന്ന 'യുറാല്‍' പോലുള്ള ഹെവി ക്രൂഡ് ഓയില്‍ ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം ബംഗ്ലാദേശിലേക്ക് എത്തിക്കുക എന്ന നയതന്ത്ര നീക്കമാണ് ബംഗ്ലാദേശ് മുന്നോട്ടുവെക്കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇന്ധന ഇറക്കുമതി, ഇന്ത്യയിലെ റിഫൈനറികളിലെ ശുദ്ധീകരണ ചിലവ്, ഗതാഗത ചിലവ് എന്നിവയെല്ലാം ബംഗ്ലാദേശ് തന്നെ വഹിക്കും. ഇത് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് വലിയ തോതിലുള്ള അധിക വരുമാനം നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബംഗ്ലാദേശിലെ ആഭ്യന്തര എണ്ണ ശുദ്ധീകരണ സംവിധാനങ്ങളുടെ പരിമിതിയാണ് ഇന്ത്യയെ സമീപിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. രാജ്യത്തെ ഏക എണ്ണ ശുദ്ധീകരണ ശാലയായ 'ഈസ്റ്റേണ്‍ റിഫൈനറി ലിമിറ്റഡ്' 1968-ല്‍ സ്ഥാപിതമായതാണ്. പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ മാത്രം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ഈ സ്ഥാപനം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ സംസ്‌കരിക്കാന്‍ അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള കടുപ്പമേറിയ എണ്ണ ശുദ്ധീകരിക്കാനുള്ള സാങ്കേതിക ശേഷി നിലവില്‍ ഈ സ്ഥാപനത്തിനില്ല. രാജ്യത്തിന്റെ ആകെ ഇന്ധന ആവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ഈ റിഫൈനറി വഴി നികത്താനാവൂ. അതിനാല്‍ തന്നെ പെട്രോള്‍, ഡീസല്‍, ജെറ്റ് ഫ്യുവല്‍ എന്നിവയ്ക്കായി വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് ബംഗ്ലാദേശിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഏകദേശം 50,000 കോടി ഇന്ത്യന്‍ രൂപയാണ് എണ്ണ ഇറക്കുമതിക്കായി ബംഗ്ലാദേശ് ചെലവാക്കിയത്.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗത തടസം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരാന്‍ കാരണമായി. ഇന്ത്യയെ മുന്നില്‍ നിര്‍ത്തി റഷ്യന്‍ എണ്ണ ശുദ്ധീകരിച്ച് എത്തിക്കുന്നതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാമെന്നും ഇറക്കുമതി ചിലവ് നിയന്ത്രിക്കാമെന്നുമാണ് ബംഗ്ലാദേശ് കണക്കുകൂട്ടുന്നത്. ഇതിന് പുറമെ എല്‍.പി.ജി ഇറക്കുമതിക്കായി യു.എ.ഇയുടെ സഹായവും തേടുന്നുണ്ട്. നിലവില്‍ തന്നെ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഇന്ധന മേഖലയില്‍ ശക്തമായ സഹകരണം നിലനില്‍ക്കുന്നുണ്ട്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്ന് ബംഗ്ലാദേശിലെ പാര്‍വതിപൂരിലേക്ക് നീളുന്ന പൈപ്പ് ലൈന്‍ വഴി ഇന്ത്യ നിലവില്‍ ഡീസല്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഭാരത് പെട്രോളിയത്തിന്റെ നുമാലിഗഡ് റിഫൈനറിയുമായി 15 വര്‍ഷത്തെ കരാറിലാണ് ബംഗ്ലാദേശ് ഏര്‍പ്പെട്ടിരിക്കുന്നത്. 2026-ല്‍ മാത്രം 1.2 ലക്ഷം ടണ്‍ ഡീസല്‍ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലെത്തിയിട്ടുണ്ട്.
ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം നിലവിലെ പ്രതിസന്ധി അതീവ ഗുരുതരമാണ്. രാജ്യത്ത് ഇന്ധന റേഷനിങ്ങും സബ്‌സിഡിയും ഏര്‍പ്പെടുത്തിയിട്ടും പമ്പുകള്‍ക്ക് മുന്നില്‍ കിലോമീറ്ററുകളോളം നീളുന്ന ക്യൂവാണ് ദൃശ്യമാകുന്നത്. മണിക്കൂറുകളോളം കാത്തുനിന്നാല്‍ മാത്രമാണ് വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കുന്നത്. ഇന്ധന ക്ഷാമം ചരക്കുഗതാഗതത്തെ ബാധിച്ചത് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരാനും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള പുതിയ ധാരണ ബംഗ്ലാദേശിന് ജീവവായുവാകുമെന്നാണ് കരുതുന്നത്. നയതന്ത്രപരമായും സാമ്പത്തികമായും ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന ഈ നിര്‍ദ്ദേശത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് കൈക്കൊള്ളുന്ന തീരുമാനം ഏഷ്യന്‍ മേഖലയിലെ ഊര്‍ജ്ജ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും.


