കൊച്ചി: പുതുവർഷം 2026-നെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിൽ, ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തെ കോവളത്തും കൂറ്റൻ പപ്പാഞ്ഞി രൂപങ്ങൾ തയ്യാറായി. പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന ഈ ഭീമാകാരൻ പപ്പാഞ്ഞികൾ ഡിസംബർ 31 അർദ്ധരാത്രിയിൽ അഗ്നിക്കിരയാക്കും.

ഫോർട്ട് കൊച്ചിയിൽ ഇത്തവണ രണ്ട് കൂറ്റൻ പപ്പാഞ്ഞികളാണ് ഉയരുന്നത്. 'ഗലാ ഡി. ഫോർട്ട് കൊച്ചി'യുടെ നേതൃത്വത്തിൽ വെളി മൈതാനത്ത് 55 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുങ്ങി കഴിഞ്ഞു. നടൻ ഷെയിൻ നിഗം ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള മറ്റൊരു പപ്പാഞ്ഞിയും തയ്യാറാണ്.

ഇവയെക്കൂടാതെ, വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നൂറോളം ചെറിയ പപ്പാഞ്ഞികളും ഫോർട്ട് കൊച്ചിയുടെ ഇടവഴികളിൽ ഒരുങ്ങുന്നുണ്ട്. കൊച്ചിൻ കാർണിവലും ബിനാലെയും നടക്കുന്നതിനാൽ ഇത്തവണ ഫോർട്ട് കൊച്ചിയിൽ വലിയ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചിയുടെ പാത പിന്തുടർന്ന് തിരുവനന്തപുരം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലും ഭീമൻ പപ്പാഞ്ഞി ഉയർന്നിട്ടുണ്ട്. പത്തോളം കലാകാരന്മാർ പത്ത് ദിവസമെടുത്താണ് 40 അടി ഉയരമുള്ള ഈ പപ്പാഞ്ഞിയെ നിർമ്മിച്ചിരിക്കുന്നത്. പുതുവത്സര രാത്രിയിൽ അഭയ ഹിരൺമയിയുടെ 'ഹിരൺമയം' മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നും ഡിജെ പാർട്ടിയും ഫുഡ് ഫെസ്റ്റും ക്രാഫ്റ്റ് വില്ലേജിൽ നടക്കും.

ഇന്ന് വൈകിട്ട് 3 മണി വരെയാണ് പൊതു സന്ദർശന സമയം. രാത്രിയിലെ ആഘോഷ പരിപാടികൾ 12 മണി വരെ നീളും. രാത്രി 12 മണിക്ക് വെടിക്കെട്ടിന്റെ അകമ്പടിയോടെ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ പുതുവത്സരാഘോഷങ്ങൾക്ക് അവിടെ തിരശ്ശീല വീഴും.