തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ പൂര്‍ണ്ണ ചുമതല ഇനി യോഗേഷ് ഗുപ്തയ്ക്ക്. ബിഎസ്എഫില്‍ നിന്ന് തിരിച്ചെത്തേണ്ട ഡിജിപി നിധിന്‍ അഗര്‍വാള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ എഡിജിപി യോഗേഷ് ഗുപ്തയ്ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി. ഇതോടെ വിജിലന്‍സ് ഡയറക്ടറുടെ പൂര്‍ണ്ണ ചുമതലയും യോഗേഷ് ഗുപ്തയ്ക്ക് കിട്ടി. നേരത്തെ എഡിജിപിയായിട്ടായിരുന്നു നിയമനം. ഇതിനൊപ്പം ഡയറക്ടറുടെ ചുമതലയും നല്‍കി. എന്നാല്‍ ഡിജിപി റാങ്ക് കിട്ടിയതോടെ യോഗേഷ് പൂര്‍ണ്ണ അധികാര സ്ഥാനത്ത് എത്തി.

നിധിന്‍ അഗര്‍വാള്‍ സംസ്ഥാന ആഭ്യന്തര വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയപരിധി അവസാനിച്ചതിനാലാണ് സര്‍ക്കാര്‍ നീക്കം. നിധിന്‍ അഗര്‍വാള്‍ ദീര്‍ഘ അവധിയില്‍ പ്രവേശിക്കുന്നുവെന്നാണ് വിവരം. സ്വയം വിരമിക്കുന്നതും നിധിന്‍ അഗവര്‍വാളിന്റെ പരിഗണനയിലുണ്ട്. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിനേക്കാള്‍ സീനിയറാണ് നിധിന്‍ അഗര്‍വാള്‍. അതുകൊണ്ട് തന്നെ തിരിച്ചു സര്‍വ്വീസിലെത്തിയാല്‍ ജൂനിയറിന് കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് നിധിന്‍ അഗര്‍വാള്‍ സ്വയം വിരമിക്കുന്നത് പരിഗണിക്കുന്നത്.

ബിഎസ് എഫിന്റെ തലവനായിരുന്ന നിധിന്‍ അഗര്‍വാളിനെ കേന്ദ്ര സര്‍ക്കാര്‍ ആ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. കേരളാ കേഡറില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചു. അധിക കാലം ഇത്തരത്തില്‍ നിധിന് മുമ്പോട്ട് പോകാനും കഴിയില്ല. സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന ആകെ നാല് ഡിജിപി പദവിയില്‍ ഒന്ന് ഇതോടെ യോഗേഷ് ഗുപ്തയ്ക്ക് ലഭിച്ചു. നിധിന്‍ അഗര്‍വാള്‍ അവധി കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ യോഗേഷിന്റെ സ്ഥാനക്കയറ്റം നിയമ പ്രശ്‌നമായി മാറാന്‍ സാധ്യതയുണ്ട്.

വിജിലന്‍സ് ഡയറക്ടറായിരുന്ന ടികെ വിനോദ് കുമാര്‍ സ്വയം വിരമിച്ചതിനെ തുടര്‍ന്ന് നാല് ദിവം മുന്‍പാണ് യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറായത്. മുന്‍പ് ഇഡിയിലും സിബിഐയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നിധിന്‍ അഗര്‍വാള്‍. എന്നാല്‍ കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ച് അദ്ദേഹം ബിഎസ്എഫ് മേധാവി സ്ഥാനത്ത് തുടര്‍ന്നു. ഇതോടെയാണ് ഷെയ്ക്ക് ദര്‍വേസ് ഡിജിപിയായത്.

ജമ്മുവിലെ നുഴഞ്ഞുകയറ്റം തടയാന്‍ സാധിക്കാതെ വന്നതും പിന്നാലെ സംഘര്‍ഷം രൂക്ഷമായി നിരവധി ജവാന്മാര്‍ വീരമൃത്യു വരിക്കുകയും ചെയ്തതോടെയാണ് ബിഎസ്എഫ് മേധാവി നിധിന്‍ അഗര്‍വാളിനെ നീക്കികൊണ്ടുള്ള കേന്ദ്രത്തിന്റെ അസാധാരണ നീക്കം ഉണ്ടായത്. ഇതോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന നിധിന്‍ അഗര്‍വാളിന് ഡിജിപി സ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ ഇനി മടങ്ങിവരുമ്പോള്‍ അദ്ദേഹത്തിന് ആ സ്ഥാനം ലഭിക്കാന്‍ ഇടയില്ല.