മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍, യുഡിഎഫ് സ്ഥാനാര്‍ഥിയാവുക ആര്യാടന്‍ ഷൗക്കത്തോ, വി എസ് ജോയിയോ? കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിയാലോചനകളില്‍ ആര്യാടന്‍ ഷൗക്കത്തിനെയാണ് കൂടുതല്‍ പേര്‍ പിന്തുണച്ചതെന്നാണ് സൂചന.

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ പി സി സിപ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ആര്യാടന്‍ മുഹമ്മദിന്റെ മകന് മണ്ഡലത്തിലെ പരിചയവും മുമ്പ് മത്സരിച്ച അനുഭവവും കണക്കിലെടുത്ത് അവസരം നല്‍കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് മുന്‍കൈ നേടിയത്.

വിഎസ് ജോയ് ചെറുപ്പമായതിനാല്‍ ഇനിയും അവസരങ്ങള്‍ കിട്ടുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. മുനമ്പം വിഷയത്തില്‍, ക്രൈസ്തവ സഭകളുമായി അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ജോയിക്ക് അവസരം നല്‍കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പൊതുവെ, നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന് യോഗം വിലയിരുത്തി. നിലമ്പൂരില്‍ പി വി അന്‍വറിന്റെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ആര്യാടന്‍ മുഹമ്മദ് 34 വര്‍ഷം എം.എല്‍.എയായിരുന്ന നിലമ്പൂരില്‍ ആര്യാടന്‍ മത്സരരംഗത്ത് നിന്നും മാറിയ 2016ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് പി.വി അന്‍വര്‍ ഇടത് സ്വതന്ത്രനായി നിയമസഭയിലെത്തിയത്. ആഫ്രിക്കയില്‍ സ്വര്‍ണഖനനത്തിന് പോയ അന്‍വര്‍ നാടകീയമായി മടങ്ങിയെത്തിയാണ് 2021ല്‍ വീണ്ടും ഇടത് സ്വതന്ത്രനായത്.

അന്ന് ആര്യാടന്‍ ഷൗക്കത്തിന് പകരം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ആര്യാടന്‍ ഷൗക്കത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ആര്യാടന്‍ ഷൗക്കത്തിനെ മാറ്റി ഡി.സി.സി പ്രസിഡന്റ് സ്ഥാനം വി.വി പ്രകാശിന് തന്നെ നല്‍കി. വോട്ടെണ്ണലിന്റെ തലേദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് വി.വി പ്രകാശ് മരണപ്പെടുകയായിരുന്നു. 2021ല്‍ 2700 വോട്ടുകള്‍ക്കാണ് അന്‍വര്‍ വിജയിച്ചത്. കോണ്‍ഗ്രസ് പുനസംഘടന വന്നപ്പോള്‍ ഷൗക്കത്തിനെ വെട്ടി എ ഗ്രൂപ്പുകാരനായ വി.എസ് ജോയി മറുകണ്ടം ചാടിയാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റായത്.

അന്‍വറിന്റെ നിയമലംഘനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിച്ചപ്പോഴും ശക്തമായി പ്രതികരിച്ചിരുന്നത് ആര്യാടന്‍ ഷൗക്കത്താണ്. 2019 ലെ പ്രളയത്തില്‍ നിലമ്പൂര്‍ മേഖലയിലെ വനത്തിനുള്ളില്‍ താമസിക്കുന്ന 300റിലേറെ ആദിവാസി കുടുംബങ്ങള്‍ വീട് നഷ്ടപ്പെട്ട് ഒറ്റപ്പെട്ടിരുന്നു. അഞ്ചു വര്‍ഷമായിട്ടും ഇവരുടെ പുനരധിവാസം എങ്ങുമെത്താതായതോടെ ആര്യാടന്‍ ഷൗക്കത്തും വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴയുമാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ വനത്തിനുള്ളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ആവശ്യമായ ബയോ ടോയിലറ്റ് സൗകര്യവും കുടിവെള്ളവും അടക്കം എത്തിച്ചത്.

കഴിഞ്ഞ 9 വര്‍ഷമായി വന്യജീവി സംഘര്‍ഷങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങളിലൊന്നും എം.എല്‍.എയായ അന്‍വറിനെ കണ്ടില്ലെന്ന രൂക്ഷ വിമര്‍ശനവും ഷൗക്കത്ത് ഉയര്‍ത്തി. ഇതോടെയാണ് നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഷൗക്കത്തിനെ തള്ളി ജോയിയെ നിര്‍ദ്ദേശിച്ച് അന്‍വര്‍ രംഗത്തെത്തിയത്. ഷൗക്കത്ത് എവിടെയാണ് അയാള്‍ കഥയെഴുത്താണെന്നുമായിരുന്നു അന്‍വറിന്റെ പരിഹാസം. ഷൗക്കത്ത് മത്സരിക്കുകയാണെങ്കിലും പിന്തുണ നല്‍കുമെന്ന് അന്‍വര്‍ മയപ്പെടുത്തിയില്ലെങ്കിലും ഭൂരിപക്ഷം കുറയുമെന്ന ഒളിയമ്പെയ്യുകയും ചെയ്തു.

പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെയാണ്. അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് ലീഗ് പച്ചക്കൊടി കാട്ടിയിട്ടും ശക്തമായ എതിര്‍പ്പ് പരസ്യമാക്കിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനോടുള്ള അരിശം തീര്‍ത്തായിരുന്നു ജോയിക്കുള്ള പിന്തുണ.

നേരത്തെ കിന്‍ഡര്‍ ജോയി എന്നും ഡി.സി.സി ഓഫീസ് അടിച്ച് വാരാന്‍ പോലും യോഗ്യതയില്ലാത്തവനെന്നുമായിരുന്നു ജോയിക്കെതിരെ അന്‍വറിന്റെ പരിഹാസങ്ങള്‍. എന്നാല്‍ അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് അനുകൂല നിലപാടെടുത്തതും പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് നിലമ്പൂരില്‍ അന്‍വറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി അനുര്ഞജനത്തിന് അവസരം ഒരുക്കിയതുമാണ് വി.എസ് ജോയിയെ അന്‍വറിന്റെ പ്രിയപ്പെട്ടവനാക്കിയത്. അതിനു മുമ്പ് ജോയിയും അന്‍വറും കൊണ്ടും കൊടുത്തുമാണ് മുന്നോട്ടുപോയിരുന്നത് .