കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ചു ഇതുവരെ മരിച്ചത് 22 പേരാണ്. ഇക്കഴിഞ്ഞ ഒന്‍പതിന് വണ്ടൂര്‍ നടുവത്തുള്ള ഇരുപത്തിനാലുകാരന്‍ മരിച്ചതാണ് ഒടുവിലത്തെ സംഭവം. 2018ല്‍ കോഴിക്കോട്ടാണ് കേരളത്തില്‍ ആദ്യമായി നിപ റിപ്പോര്‍ട്ടു ചെയ്യുന്നത്. അന്ന് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 17 പേര്‍ മരിച്ചു. ഇതിന് ശേഷം ഇടവേളകളില്‍ നില കേരളത്തില്‍ എത്തിനോക്കുന്നുണ്ട്. കഴിഞ്ഞ ജൂലായ് 20-ന് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി നിപ ബാധിച്ചു മരിച്ചിരുന്നു.

2018ല്‍ കോഴിക്കോട്ട് നിപ റിപ്പോര്‍ട്ടുചെയ്തശേഷം 2019-ല്‍ എറണാകുളത്ത് രോഗംബാധിച്ച യുവാവ് സുഖം പ്രാപിച്ചു. 2021-ല്‍ കോഴിക്കോട് ചൂലൂരില്‍ പതിമൂന്നുകാരന്‍ നിപ ബാധിച്ചു മരിച്ചു. 2023-ല്‍ കോഴിക്കോട്ട് വീണ്ടും ആറുപേര്‍ക്ക് സ്ഥിരീകരിച്ചു. ഇതില്‍ മരുതോങ്കരയിലും ആയഞ്ചേരിയിലുമായി രണ്ടുപേര്‍ മരിച്ചു.

നിപ ബാധിച്ച് 22 മരണങ്ങളുണ്ടായിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതാണ് അധികൃതര്‍ നേരിടുന്ന വെല്ലുവിളി. ഓരോതവണ നിപ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ആദ്യം ജാഗ്രതപുലര്‍ത്തുകയും പിന്നീട് എല്ലാം മറക്കുകയുമാണ് പതിവ്. ഈ മേഖലകളിലെല്ലാം നടത്തിയ പരിശോധനകളില്‍ വവ്വാലുകളില്‍ നിപയുടെ ആന്റിബോഡി കണ്ടെത്തിയിരുന്നു. ഇവയില്‍നിന്നാകാം വൈറസ് വന്നതെന്ന അനുമാനത്തില്‍ കവിഞ്ഞ് കൂടുതലൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ആദ്യമായി റിപ്പോര്‍ട്ടുചെയ്തശേഷം മരണം കുറയ്ക്കാനും രോഗമുക്തി കൂട്ടാനും കഴിഞ്ഞുവെന്നതു നേട്ടമാണ്. 2023-ല്‍ ഒന്‍പതുവയസ്സുകാരനുള്‍പ്പെടെ ഇതുവരെ ഏഴുപേര്‍ നിപയെ അതിജീവിച്ചു. അതേസമയം മലബാര്‍ മേഖലയിലാണ് നിപ വൈറസ് വ്യാപകമാകുന്നത് എന്നതു കൊണ്ട് തന്നെ ഇവിടെ കൂടുതല്‍ ലാബുകളും സൗകര്യങ്ങളും വേണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍, പലതും വാഗ്ദാനങ്ങളില്‍ ഒതുങ്ങി പോകുകയാണ് ചെയ്യുന്നത്.

ആറു വര്‍ഷത്തിനിടെ ആറാംതവണയും നിപ റിപ്പോര്‍ട്ട് ചെയ്തിട്ടും രോഗം സ്ഥിരീകരിക്കുന്നതിനുള്ള ബയോസേഫ്റ്റി ലെവല്‍-3 ലാബ് എന്ന് യാഥാര്‍ഥ്യമായിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലാബ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ് എന്നുമാത്രമാണ് ലഭിക്കുന്ന വിവരം. 2024ല്‍ തന്നെ കോഴിക്കോട്ടുനിന്ന് പരിശോധന ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്.

ഈ വര്‍ഷം രണ്ടു മാസത്തെ ഇടവേളയില്‍ രണ്ടാം തവണയാണ് മലപ്പുറം ജില്ലയില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഓരോ തവണ നിപ സ്ഥിരീകരിക്കുമ്പോഴും ലാബ് ചര്‍ച്ച സജീവമാകുന്നതല്ലാതെ ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ ജാഗ്രത ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലെവല്‍-2 ലാബ് ആണുള്ളത്. ഇതില്‍ പരിശോധന നടത്തി രോഗനിര്‍ണയം സാധ്യമാകുമെങ്കിലും ലെവല്‍-3 ലാബില്‍ പരിശോധിച്ചാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനും ചികിത്സയും പ്രതിരോധവും തുടങ്ങാനും സാധിക്കൂ. ലാബ് സജ്ജമായാല്‍ പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങുപനി, ആന്ത്രാക്‌സ് പോലുള്ള ഹൈ റിസ്‌ക് സാംക്രമിക രോഗങ്ങളുടെ പരിശോധന മൂന്ന് മണിക്കൂറിനുള്ളില്‍ നടത്താന്‍ സാധിക്കും.

സാമ്പിള്‍ പുണെ ലെവല്‍-3 ലാബിലെത്തിച്ച് പരിശോധിച്ചാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിക്കുന്നത്. ഇതിന് ദിവസങ്ങളെടുക്കും. കഴിഞ്ഞ രണ്ടുതവണയും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പരിശോധനക്കായി ബി.എസ്.എല്‍ ലെവല്‍-3 മൊബൈല്‍ യൂനിറ്റ് കോഴിക്കോട്ട് എത്തിക്കുകയായിരുന്നു. ഇതിനും ദിവസങ്ങളെടുത്തു.

നിപ റിപ്പോര്‍ട്ടുചെയ്ത പശ്ചിമബംഗാള്‍, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെല്ലാം നിപ വൈറസിന്റെ ഉറവിടം കണ്ടെത്തിയിരുന്നു. ആരോഗ്യരംഗത്ത് ഏറെ പുരോഗതിയുള്ള കേരളത്തില്‍ ഇപ്പോഴും അതിനു സാധിച്ചിട്ടില്ല എന്നതാണ് പോരായ്മ. രോഗപ്രതിരോധത്തിന് ഉറവിടം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നു വിദഗ്ധര്‍ പറയുന്നു. വവ്വാലുകളില്‍ നിപയുടെ ആന്റിബോഡി കണ്ടെത്തിയതുകൊണ്ടുമാത്രം വവ്വാലാണ് പകര്‍ത്തുന്നതെന്ന് ഉറപ്പിച്ചുപറയാനാകില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.