ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരില്‍ തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന അപൂര്‍വ റെക്കോര്‍ഡ് നേട്ടത്തിലേക്ക് ചുവടുവയ്ക്കുകയാണ് നിര്‍മ്മല സീതാരാമന്‍. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍ മാറും. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചു എന്നുള്ള, മുന്‍ ധനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡ് നിര്‍മല സീതാരാമന്‍ മറികടക്കും.

രാജ്യത്തിന്റെ ചരിത്രത്തില്‍, തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് 1959 നും 1963 നും ഇടയില്‍ ആറ് ബജറ്റുകള്‍ അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ പേരിലാണ്. എന്നാല്‍ ഇതുവരെ അദ്ദേഹം ആകെ 10 ബജറ്റുകള്‍ അവതരിപ്പിച്ചു, ഈ നേട്ടം ഇനിയും മറികടക്കാനുണ്ട്. മൊറാര്‍ജി ദേശായി തന്റെ ആദ്യ ബജറ്റ് 1959-ല്‍ അവതരിപ്പിക്കുകയും അഞ്ച് വര്‍ഷം തുടര്‍ച്ചയായി അഞ്ച് സമ്പൂര്‍ണ ബജറ്റുകളും 1959-നും 1963-നും ഇടയില്‍ ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചു. നാല് വര്‍ഷത്തിന് ശേഷം 1967-ല്‍ അദ്ദേഹം മറ്റൊരു ഇടക്കാല ബജറ്റും 1967, 1968, 1969,ല്‍ മൂന്ന് സമ്പൂര്‍ണ ബജറ്റുകളും അവതരിപ്പിച്ചു. മൊത്തം 10 ബജറ്റുകള്‍ അദ്ദേഹം അവതരിപ്പിച്ചു.

ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ച മുന്‍ ധനമന്ത്രി പി ചിദംബരമാണ് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചവരില്‍ രണ്ടാം സ്ഥാനത്ത്. 1997ല്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്താണ് ചിദംബരം ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) സര്‍ക്കാരുകളുടെ കാലത്ത്, ആഭ്യന്തര മന്ത്രിയായിരുന്ന മൂന്ന് വര്‍ഷത്തെ കാലയളവ് ഒഴികെ അദ്ദേഹം നിരവധി തവണ ബജറ്റ് അവതരിപ്പിച്ചു,

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ എട്ട് ബജറ്റുകളാണ് അവതരിപ്പിച്ചത്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ബജറ്റ് അവതരണമാണിത്. 1982-ല്‍ മുഖര്‍ജി ആദ്യമായി ബജറ്റ് അവതരിപ്പിച്ചു, 2012-ലാണ് അദ്ദേഹത്തിന്റെ അവസാന ബജറ്റ് അവതരണം. നിലവില്‍ കേന്ദ്ര ധനമന്ത്രിയായ നിര്‍മല സീതാരാമന്‍ 2019 മുതല്‍ ബജറ്റ് അവതരിപ്പിക്കുന്നു. 2024 ലെ കേന്ദ്ര ബജറ്റ് അവതരണം അവരുടെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റ് അവതരണമാണ്.

ജൂലൈ 22 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലാണ് നിര്‍മല സീതാരാമന്‍ ഈ ചരിത്രപരമായ ബജറ്റ് അവതരിപ്പിക്കുക. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പായി ഫെബ്രുവരി ഒന്നിന് 2024ലെ ഇടക്കാല യൂണിയന്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു.

കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ 20 മുതല്‍ സമ്പദ്വ്യവസ്ഥയിലെ വിവിധ പങ്കാളികളുമായി ധനമന്ത്രാലയം നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കുക, ധനക്കമ്മി കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളാണ് ഈ ചര്‍ച്ചകളിലൂടെ മുന്നോട്ടു വന്നിട്ടുള്ളത്. തൊഴിലവസര വളര്‍ച്ച സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയ്ക്കൊപ്പം വരുന്ന ബജറ്റില്‍ ധനക്കമ്മി കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സാമ്പത്തിക വിദഗ്ധരുടെ സംഘം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്

കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും

അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു ഭര്‍ത്താവ് പറകാല പ്രഭാകറും കുടുംബവും. ഭര്‍തൃപിതാവും അമ്മയും ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിമാരായിരുന്നു. കോണ്‍ഗ്രസ് അനുഭാവികളുടെ കുടുംബത്തില്‍ ഉറച്ചുനിന്ന് വലിയ നേട്ടങ്ങള്‍ അന്ന് കൈവരിക്കാമായിരുന്നിട്ടും ആ യുവതി തിരഞ്ഞെടുത്തത് വ്യത്യസ്തമായ വഴിയായിരുന്നു. സ്വന്തം ജീവതപങ്കാളിയുടെ രാഷ്ട്രീയ എതിരാളികളുടെ കൂടെയാണ് അവര്‍ കൂടിയത്.

എതിര്‍പ്പും പ്രതിഷേധവും എല്ലാ ദിക്കില്‍നിന്നും ഒരുമിച്ചുവന്നപ്പോഴും തിരഞ്ഞെടുത്തവഴിയില്‍ത്തന്ന ഉറച്ചുനിന്ന് വിശ്വാസത്തിനും ആദര്‍ശത്തിനുംവേണ്ടി നിര്‍ഭയം പോരാടി. തിരഞ്ഞെടുത്തതു ശരിയായ വഴിതന്നെയെന്ന് ഉറച്ചുവിശ്വസിച്ചു. ആ വിശ്വാസദാര്‍ഡ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ഔന്നത്യമാണ് പ്രതിരോധമന്ത്രിപദത്തിലും പിന്നീട് ധനമന്ത്രി പദത്തില്‍ മുന്നേറാന്‍ നിര്‍മല സീതാരാമന് കരുത്തായത്.

തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജില്‍നിന്നു ബിരുദം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനനന്തരബിരുദം. പ്രശസ്തമായ ജെന്‍യു ക്യാംപസില്‍വച്ച് സ്വന്തം പ്രണയവും അവര്‍ കണ്ടെത്തി. 1970-കളില്‍ ആന്ധ്രാപ്രദേശില്‍ മന്ത്രിപദവി വരെ അലങ്കരിച്ച വ്യക്തികളുള്ള കുടുംബത്തിലെ പറകാല പ്രഭാകര്‍.

പറകാല നിര്‍മലയുടെ ജീവിതത്തിന്റെ അടുത്ത ഘട്ടം ലണ്ടനില്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഗവേഷണം. പഠനത്തിനുവേണ്ടി പണം കണ്ടെത്താന്‍ അക്കാലത്ത് റീജന്റ് സ്ട്രീറ്റിലെ ഒരു കടയില്‍ സെയില്‍സ് ഗേള്‍ ആയും ജോലി ചെയ്തിട്ടുണ്ട്. ബിബിസി റേഡിയോ തമിഴ് വിഭാഗത്തില്‍ വിവര്‍ത്തകയായി കുറച്ചുനാള്‍ ജോലിനോക്കി. പിന്നീടാണ് പ്രൈസ് വാട്ടര്‍ ഹൗസില്‍ അനലിസ്റ്റ് എന്ന പദവിയില്‍ എത്തുന്നത്. നിര്‍മല സീതാരാമന്റെ ജീവിതം ഒരേസമയം ഒരു പാഠപുസ്തകവും പ്രചോദനത്തിന്റെ മഹത്തായ അധ്യായവുമാണ്. ആവര്‍ത്തിച്ച് ഉരുവിടുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ജീവിതപാഠം.

1991- നിര്‍മലയും പ്രഭാകറും കുട്ടിയുമായി ഇന്ത്യയിലേക്കു തിരിച്ചുവരുന്നു. പ്രഭാകര്‍ ഹൈദരാബാദില്‍ മാര്‍ക്കറ്റിങ് റിസര്‍ച്ച് ഏജന്‍സി സ്ഥാപനം തുടങ്ങുന്നു. പരേതനായ പിതാവിന്റെ പേരിലുള്ള ഒരു ട്രസ്റ്റ് കൂടിയായിരുന്നു ആ സ്ഥാപനം. നിര്‍മലയും ട്രസ്റ്റിന്റെ ഭാഗമായി; ഒരു സ്‌കൂളും തുടങ്ങി.

2003 മുതല്‍ 05 വരെയുള്ള കാലമാണ് നിര്‍മലയുടെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. ഹൈദരാബാദില്‍നിന്ന് രാജ്യതലസ്ഥാനത്തേക്ക്. നിര്‍മല ദേശീയ വനിതാ കമ്മിഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നു. മൂന്നുവര്‍ഷത്തിനുശേഷം, കോണ്‍ഗ്രസ് കുടുംബത്തിന്റെ വേരുകളെ പിന്നിലാക്കി അവര്‍ ഭാരതീയ ജനതാ പാര്‍ട്ടി അംഗമാകുന്നു.

2010-ല്‍ പാര്‍ട്ടിയുടെ ദേശീയ വക്താവ് സ്ഥാനം. അന്നുമുതലാണ് ആ വാഗ്‌ധോരണി രാജ്യം ശ്രദ്ധിക്കുന്നത്. മാധ്യമങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി നയങ്ങള്‍ വിശദീകരിച്ചും വിമര്‍ശനങ്ങളെ എതിരിട്ടും ബിജെപിയുടെ ഏറ്റവും കരുത്തുറ്റ മുഖമായി വളര്‍ന്നു നിര്‍മല. പാര്‍ട്ടിപ്രവര്‍ത്തകരും എതിരാളികളും എന്നും ശ്രദ്ധിച്ചത് അവരുടെ വാക്കുകള്‍. സുക്ഷ്മതയോടെ, എന്നാല്‍ അക്കമിട്ട് വാദങ്ങള്‍ നിരത്തിയും മറുവാദങ്ങളുടെ പരിചയുയര്‍ത്തിയും ഒരു യുദ്ധം തന്നെയാണ് ബിജെപിക്കുവേണ്ടി നിര്‍മല നടത്തിയത്.

ഇന്ത്യയുടെ സമീപകാല രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ് ആ പോരാട്ടവും വാക്കുകളാകുന്ന ആയുധങ്ങളെടുത്തുനടത്തിയ യുദ്ധവും. 2014-ല്‍ തിളക്കമുള്ള വിജയത്തോടെ ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ നിര്‍മല മന്ത്രിസഭയിലുമെത്തുന്നു. പിന്നീടു സംഭവവിച്ചതെല്ലാം ഇക്കാലത്തിന്റെ ചരിത്രമല്ല, വര്‍ത്തമാനം. രാവിലെ ഏഴുമണിക്ക് വര്‍ത്തമാനപത്രങ്ങള്‍ വായിച്ചുകൊണ്ടു ദിവസം തുടങ്ങുന്ന നിര്‍മല ആറു മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. അച്ചടക്കമുള്ള ജീവിതത്തിന്റെ ഉടമ. ഇന്നും തുടരുന്ന പഠനവും സൂക്ഷ്മനിരീക്ഷണവും.

നിലപാടുകളിലെ കാര്‍ക്കശ്യം, പതറാത്ത മനസ്ഥൈര്യം.. ഇതൊക്കെയാണ് നിര്‍മ്മല സീതാരാമനെ ശ്രദ്ധേയ ആക്കുന്നത്. പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ പോലും മറുചോദ്യത്താല്‍ നിശബ്ദരായി. ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത പ്രതിരോധമന്ത്രിയായത്. ആദ്യമായി മുഴുവന്‍ സമയം ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യവനിത എന്ന റെക്കോര്‍ഡും നിര്‍മല സീതാരാമന്റെ പേരിലാണ്.

അന്ന് കടലിന്റെ മക്കള്‍ക്കൊപ്പം

"കൊഞ്ചം പേശമുടിയുമാ..." തിരുവനന്തപുരത്ത് കടലിന്റെ മക്കള്‍ക്ക് മുന്നില്‍ കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞുതുടങ്ങി. 2017ലെ ഓഖി ചുഴലിക്കാറ്റിന്റെ സമയത്തായിരുന്നു അത്. ഉറ്റവരെ കാണാതായതിന്റെ വേദനയും രക്ഷിക്കാന്‍ ആരുമില്ലെന്ന വിഷമവും ദേഷ്യത്തിനു വഴിമാറിയവര്‍ക്ക് മുന്നിലായിരുന്നു അന്ന് 'സംസാരിക്കാന്‍ അനുവദിക്കൂ' എന്ന അപേക്ഷയുടെ സ്വരവുമായി നിര്‍മല വന്നുനിന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സുരക്ഷ മുന്‍നിര്‍ത്തി പിന്‍വാങ്ങിയ സ്ഥലത്താണ്, ചുറ്റിലും സുരക്ഷാഭടന്‍മാരെ നിര്‍ത്താതെ നിര്‍ഭയം നിര്‍മല സംസാരിക്കാനെത്തിയതെന്നും ഓര്‍ക്കണം.

ഡല്‍ഹിയിലെ ഹിന്ദിയും ഒഴുക്കോടെ പതിവായി സംസാരിക്കുന്ന ഇംഗ്ലിഷും അന്ന് അവര്‍ മാറ്റിവച്ചു. മലയാളി മത്സ്യത്തൊഴിലാളികളോട് അയല്‍പക്കത്തെ തമിഴില്‍ സംസാരിച്ചപ്പോള്‍ മൊഴിമാറ്റേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഹൃദയത്തില്‍ തട്ടിയുള്ള ആശ്വാസവാക്കുകളില്‍, അതുവരെ ശബ്ദം ഉയര്‍ത്തിയവര്‍ ശാന്തരായി. അക്രമാസക്തരായ ജനക്കൂട്ടത്തെ എത്ര മിടുക്കോടെയാണ് നിര്‍മല കയ്യിലെടുത്തത്. തീരദേശത്ത് അന്ന് കൂടിയിരുന്ന ജനക്കൂട്ടം മാത്രമല്ല, വര്‍ഷങ്ങളായി അടുത്തറിയുന്നവര്‍ പോലും പുതിയൊരു നിര്‍മല സീതാരാമനെയാണ് അന്ന് തിരുവനന്തപുരത്ത് കണ്ടത്.

തന്ത്രപ്രധാനമായ പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് രാജ്യത്തിന്റെ ഭാവി കൈപ്പിടിയില്‍ ഭദ്രമാക്കുന്ന ധനമന്ത്രാലയത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍മലയെ തിരഞ്ഞെടുത്തതിന്റെ കാരണവും മറ്റൊന്നല്ല. മൂന്നാം മോദിസര്‍ക്കാരിലെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ രാജ്യത്ത് കൂടുതല്‍ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കുകയാണ്.