ഡൽഹി: ബജറ്റ് അവതരണത്തിനായി കേന്ദ്രധനമന്ത്രി എത്തുമ്പോൾ എപ്പോഴും ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് മന്ത്രിയുടെ വസ്ത്രധാരണം. 'സാരി' ഏറെ ഇഷ്ടമുള്ള മന്ത്രി വ്യത്യസ്തത നിറയ്ക്കുന്ന സാരികളിലാണ് പാർലമെന്റിൽ എത്തുന്നത്. ഇതുവരെ നടത്തിയ എട്ടു ബജറ്റികളിലായി എട്ടു വ്യത്യസ്തത നിറഞ്ഞ സാരികളാണ് അവർ ധരിച്ചത്. അതൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടാറുമുണ്ട്. ഇപ്പോഴിതാ, ഈ വർഷത്തെ ബജറ്റ് അവതരണത്തിന് എത്തിയപ്പോഴും മന്ത്രി അവരുടെ പതിവ് തെറ്റിച്ചിട്ടില്ല. സാരിയിൽ തിളങ്ങി തന്നെയാണ് മന്ത്രി എത്തിയത്.

ചരിത്രത്തിൽ ഇടം നേടി തുടര്‍ച്ചയായ എട്ടാമത് ബജറ്റ് അവതരണത്തിനെത്തിയ ധനമന്ത്രി ധരിച്ചിരിക്കുന്നത് ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സില്‍ക് സാരിയാണ്. (സീതാരാമനുമുമ്പ് മൊറാർജി ദേശായി ഈ റെക്കോർഡ് നേടിയിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ചിരുന്നില്ല). ചുവന്ന നിറത്തിലാണ് ബ്ലൗസ്. മധുബനി ചിത്രകലയാണ് സാരിയിലുള്ളത്. മത്സ്യത്തിന്റെ തീം ഡിസൈന്‍ ചെയ്ത എംബ്രോയഡറിയില്‍ സ്വര്‍ണക്കരയാണ് ഉള്ളത്.

പത്മ അവാര്‍ഡ് ജേതാവ് ദുലാരി ദേവിയാണ് ഈ സാരി ഇത്തരത്തിൽ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബിഹാറിലെ മിഥില മേഖലയില്‍ നിന്നുള്ള പരമ്പരാഗത നാടന്‍ കലാരൂപമാണ് മധുബനി. കടുത്ത വൈബ്രന്റ് നിറങ്ങളുടെയും പ്രതീകാത്മക അവതരണങ്ങളും മധുബനിയുടെ സവിശേഷതയാണ്. പ്രഗത്ഭയായ ചിത്രകാരി കര്‍പ്പൂരി ദേവിയില്‍നിന്നാണ് ദുലാരി ദേവി സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഡിസൈന്‍ തിരഞ്ഞെടുത്തത്.

2021-ലാണ് ദുലാരി ദേവിക്ക് പത്മശ്രീ ലഭിക്കുന്നത്. മിഥില ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചപ്പോഴാണ് നിര്‍മല സീതാരാമന്‍ ദുലാരി ദേവിയെ പരിചയപ്പെടുന്നത്. ബജറ്റ് അവതരണ ദിനത്തില്‍ ധരിക്കണമെന്നാവശ്യപ്പെട്ട് ദുലാരി ദേവി നല്‍കിയ സാരിയാണ് ഇന്ന് ധനമന്ത്രി ധരിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിൽ ധനമന്ത്രി ധരിക്കുന്ന വസ്ത്രം അതത് നാടുകളുടെ പൈതൃകവും സംസ്കാരവും കൂടി വിളിച്ചോതുന്നതായിരിക്കും. ഇത്തവണ ബജറ്റ് അവതരണത്തിനായി നിർമ്മല സീതാരാമൻ ധരിച്ചത് ബീഹാറിലെ മധുബനി ചിത്രകല ചെയ്ത സാരിയാണ്. ഈ സാരി മന്ത്രിക്കായി തയ്യാറാക്കിയത് പത്മശ്രീ ജേതാവ് ദുലാരി ദേവിയാണ്.

കഴിഞ്ഞ വർഷം ട്രെഡീഷനൽ ടെമ്പിൾ ഡിസൈനിലുള്ള ചുവപ്പു സാരിയായിരുന്നു ധനമന്ത്രി തിരഞ്ഞെടുത്തത്. കറുപ്പ് ബോർഡറിൽ ഗോൾഡൻ വർക്കുള്ളതായിരുന്നു ആ സാരിക്ക്. ഈ തവണത്തെ സാരിക്ക് ഓഫ് വൈറ്റ് കൈത്തറി സിൽക്ക് സാരിയും മത്സ്യത്തിന്‍റെ മാതൃകയിൽ എംപ്രോയിഡറി വ‍ർക്കും ഗോൾഡൻ ബോഡറുമാണ് ഉള്ളത്. റെഡ് നിറത്തിലുള്ള ബ്ലൗസുമാണ് നിർമല ധരിച്ചിരിക്കുന്നത്.

ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രിയെത്തിയതാവട്ടെ പശ്ചിമ ബംഗാളില്‍ നിന്നുള്ള കാന്ത തുന്നലുള്ള നീല കൈത്തറി സാരിയില്‍. സ്വദേശി വസ്ത്രത്തിന്‍റെ ആഢ്യത്വം തുളുമ്പുന്ന സാരിയില്‍ ബംഗാളിലെ പരമ്പരാഗത ഡിസൈനായ ഇലകളാണ് തുന്നിച്ചേര്‍ത്തിരുന്നത്. രാജ്യത്തെ മല്‍സ്യബന്ധന മേഖലയിലെ പുരോഗതിയെയും മല്‍സ്യമേഖലയെ വികസിതമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പദ്ധതികളെയും ധ്വനിപ്പിക്കുന്നതായിരുന്നു നീലനിറത്തിലെ സാരിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, 2019ലെ ആദ്യ ബജറ്റ് അവതരണത്തിനെത്തിയപ്പോള്‍ പിങ്ക് നിറത്തിലുള്ള മംഗള്‍ഗിരി സാരി ആയിരുന്നു നിര്‍മല സീതാരാമന്‍ ധരിച്ചിരുന്നത്. സ്വര്‍ണക്കരയായിരുന്നു ഈ സാരിക്കുണ്ടായിരുന്നത്. 2020ല്‍ കടും മഞ്ഞ-സ്വര്‍ണ നിറത്തിലുള്ള സാരിയായിരുന്നു ധരിച്ചത്. 2021ല്‍ ധരിച്ച ഓഫ് വൈറ്റ്- ചുവപ്പ് കോമ്പിനേഷനിലുള്ള പോച്ചാംപള്ളി സാരിക്ക് പച്ചക്കരയായിരുന്നു ഉണ്ടായിരുന്നത്. തെലങ്കാനയിലെ പരമ്പരാഗത നെയ്ത്താണ് പോച്ചാംപള്ളി. 2022ല്‍ ബ്രൗണും ഓഫ് വൈറ്റും ചേര്‍ന്ന ബോംകൈ സാരിയാണ് മന്ത്രി തിരഞ്ഞെടുത്തത്. വെളുപ്പ് നിറത്തിലായിരുന്നു സാരിയുടെ കര.