- Home
- /
- News
- /
- SPECIAL REPORT
തനിക്കെതിരായ ലൈംഗികാരോപണം വ്യാജം; യുവതിയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന; നിവിന്‍ പോളി ഡി.ജി.പിക്ക് പരാതി നല്‍കി; കേസ് ഒഴിവാക്കാന്‍ ഹൈക്കോടതിയെയും സമീപിക്കും
നിവിന്‍ പോളി ഡി.ജി.പിക്ക് പരാതി നല്‍കി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ നടന്‍ നിവിന്‍ പോളി ഡി.ജി.പിക്ക് പരാതി നല്‍കി. വ്യാജ ആരോപണമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസില്‍ തന്റെ പരാതി കൂടി പരിഗണിക്കണമെന്നുമാണ് ആവശ്യം. നേരത്തെ, യുവതിയുടെ പരാതിയില്‍ നിവിന്‍ പോളിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിരുന്നു.
വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയുടെ പരാതി. നിവിന്‍ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. നിവിന്‍ പോളിയടക്കം ആറ് പേരാണ് പ്രതികള്‍. കേസിലെ പൊലീസ് നടപടി അറിഞ്ഞതിന് ശേഷമാകും മുന്‍കൂര്‍ ജാമ്യം തേടുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നടന്‍ നീങ്ങുക.
കേസില്‍ പ്രതിയായതിന് പിന്നാലെ ആരോപണങ്ങളില്‍ പ്രതികരിച്ച് നിവിന്‍ പോളി വാര്‍ത്തസമ്മേളനം വിളിച്ചിരുന്നു. തനിക്കെതിരെ വ്യാജ ബലാത്സംഗ പരാതിയാണ് നല്‍കിയിരിക്കുന്നതെന്നാണ് നിവിന്‍ പോളി പറഞ്ഞത്. നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. വ്യാജ ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിക്കും. കേസില്‍ നിയമപരമായി നീങ്ങുമെന്നും നിവിന്‍ പോളി വ്യക്തമാക്കിയിരുന്നു.
പരാതി നല്‍കിയ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നരമാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് വിളിച്ചിരുന്നു. അന്ന് വ്യാജ പരാതിയാണെന്നും പ്രശസ്തിക്ക് വേണ്ടി ചെയ്തതാകാമെന്നുമാണ് പൊലീസ് പറഞ്ഞത്. തന്റെ ഭാഗത്ത് 100 ശതമാനം ന്യായമുണ്ടെന്നും നിവിന്‍ പോളി പറഞ്ഞിരുന്നു.
അതേസമയം നിവിന്‍ പോളിക്കെതിരെ കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യറായില്ലെന്ന് പരാതിക്കാരി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആദ്യം ലോക്കല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ ദുബായില്‍ നടന്ന സംഭവമാണ് അവിടെയാണ് കേസ് കൊടുക്കേണ്ടതെന്നാണ് അവര്‍ പറഞ്ഞതെന്നും യുവതി വ്യക്തമാക്കി.തന്റെ മൊഴി പോലും ആദ്യം രേഖപ്പെടുത്തിയില്ലെന്ന് അവര്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന ശേഷം കേസ് വീണ്ടും കൊടുത്തപ്പോള്‍ നല്ല സമീപനമാണ് ലഭിച്ചത്. നീതി കിട്ടുമെന്നാണ് കരുതുന്നതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.'എന്റെ പുറകില്‍ ഒരു ഗ്രൂപ്പുമില്ല, ഞാന്‍ ഒറ്റയ്ക്കാണ്. നീതി കിട്ടുമെന്ന് ഉറപ്പുണ്ട്. ഇതുവരെ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടില്ല. നീതി കിട്ടുവരെ പോരാടും. പൊലീസ് പറയുന്ന എന്ത് നടപടിയ്ക്കും ഞാന്‍ തയ്യാറാണ്',- യുവതി വ്യക്തമാക്കി. അതേസമയം, തനിക്കെതിരായ ലൈംഗികാതിക്രമ കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി ഹൈക്കോടതിയെ സമീപിക്കും.