പന്തളം: നഗരസഭയിലെ ബി.ജെ.പി ഭരണ സമിതിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി കൗണ്‍സിലറുടെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍.ഡി.എഫ്. മുന്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. വി പ്രഭയുടെ പിന്തുണയോടെയാണ് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എ.എസ്. നൈസാമിന് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്. തെക്കന്‍ കേരളത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം. അവിശ്വാസ പ്രമേയം നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഇലക്ഷന്‍ കമ്മിഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് രജിസ്ട്രേഡ് കത്ത് അയയ്ക്കും. പിന്നാലെ അവിശ്വാസപ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.

നിലവില്‍ ബി.ജെ.പിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ ഭരണകക്ഷിയുമായി അഭിപ്രായ വ്യത്യാസത്തിലാണ്. ഇവരുടെ പിന്തുണയും പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ കെ.വി.പ്രഭയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതെ ഇരുന്നതോടെയാണ് ഭരണപക്ഷത്ത് അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. ഭരണത്തിന്റെ തുടക്കം മുതല്‍ കെ.വി.പ്രഭയും ചെയര്‍പേഴ്സണ്‍ സുശീല സന്തോഷും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇത് പിന്നീട് പരസ്യമായിട്ടുള്ള അസഭ്യം വിളിയിലേക്ക് വരെ എത്തി. കെ.വി. പ്രഭ തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

33 അംഗ നഗരസഭയില്‍ ബി.ജെ.പിക്ക് 18, എല്‍.ഡി.എഫ് ഒമ്പത്, യു.ഡി.എഫ് അഞ്ച്, സ്വതന്ത്രന്‍, എന്നിങ്ങനെയാണ് കക്ഷിനില, എല്‍.ഡി.എഫിലെ ഒമ്പതു കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനും ബി.ജെ.പി പുറത്താക്കിയ കൗണ്‍സിലറും ചേര്‍ന്നാണ് അവിശ്വാസ പ്രമേയം നോട്ടീസ് നല്‍കിയത്. ബി.ജെ.പി കൗണ്‍സിലര്‍മാരായ രണ്ടുപേരുടെ പിന്തുണയും പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും എതിരെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്.


അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും: യു.ഡി.എഫ്

പന്തളം നഗരസഭ ഭരണസമിതിയ്ക്കെതിരേ സമര്‍പ്പിച്ചിട്ടുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ യു.ഡി.എഫ് അംഗങ്ങള്‍ വോട്ടു ചെയ്യാന്‍ നേതൃയോഗം തീരുമാനിച്ചു. ജനങ്ങളുടെ മേല്‍ കെട്ടിട നികുതിയുടെ പേരില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയും പദ്ധതി വിഹിതത്തില്‍ 90 ശതമാനവും നഷ്ടപ്പെടുത്തുകയും അടിസ്ഥാന സൗകര്യ വികസനത്തില്‍ വീഴ്ച വരുത്തുകയും ചെയ്ത ഭരണ സമിതിയാണിത്. ശരണം വിളികളോെട അധികാരത്തിലേറിയവര്‍ തീര്‍ത്ഥാടന കാലത്തു തന്നെ അയ്യപ്പശാപത്താല്‍ സ്വന്തം കക്ഷിയിലെ അന്തഛിദ്രത്താല്‍ തകര്‍ന്നു വീഴുന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്നതാണെന്നും ജനഹിതത്തിനൊപ്പമായിരിക്കും യു.ഡി.എഫ് എപ്പോഴുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ആര്‍.വിജയകുമാര്‍ കെ.ആര്‍ രവി പന്തളം മഹേഷ് സുനിതാ വേണു രത്നമണി സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.