കൊച്ചി: യുവനടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. രാഹുലിന്റെ പേര് പറയാതെയാണ് പെണ്‍കുട്ടി ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ വന്ന കാര്യങ്ങള്‍ക്കും വ്യക്തമായ തെളിവുകളുടെ പിന്‍ബലമില്ലാത്തതാണെന്നാണ് പോലീസിന്റെ നിഗമനം. ഇതോടെ പോലീസ് കേസെടുക്കാനുള്ള സാധ്യതയും കുറവാണ്. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ആരോപണവിധേയനെതിരെ പരാതിക്കാരന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗര്‍ഭഛിദ്രം നടന്നിട്ടുണ്ടോ, ഗര്‍ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ, ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യത്തെ എത്രമാത്രം ബാധിച്ചു എന്നീ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. കേസില്‍ മുന്നോട്ടു പോകണമെങ്കില്‍ ഇരയെ കണ്ടെത്തുകയോ ഇര കൂടുതല്‍ വിവരങ്ങള്‍ കൈമാറുകയോ പരാതി നല്‍കാനോ തയാറാകണം. ഗര്‍ഭഛിദ്ര ആരോപണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോ എന്ന് കാത്തിരിക്കാമെന്നാണ് പൊലീസ് തീരുമാനം.

ഇതോടൊപ്പം രാഹുലിനെതിരെ പാര്‍ട്ടിയില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ പാര്‍ട്ടിയെ സമീപിക്കുമോ എന്നറിയാനും പൊലീസിന് നീക്കമുണ്ട്.

യുവനടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിലും ബാലാവകാശ കമീഷനും പരാതി നല്‍കിയത്. യുവതിയും രാഹുലും തമ്മിലുള്ളതെന്ന നിലയില്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നത് കുറ്റകരമായിരിക്കെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഗര്‍ഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് രാഹുലിന്റെ പ്രവര്‍ത്തി. പുറത്തുവന്ന ശബ്ദസന്ദേശങ്ങള്‍ പ്രകാരം സ്ത്രീയെ രാഹുല്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ട്. പല ഗുരുതര വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശം സംരക്ഷിക്കാന്‍ ബാലാവകാശ കമീഷന്‍ ഇടപെടണമെന്നും സത്യാവസ്ഥ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍പേഴ്സന് നല്‍കിയ പരാതിയിലെ ആവശ്യം. അതേസമയം, വിഷയത്തില്‍ രാഹുലിനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല.

അതേസമയം തനിക്കെതിരെ നിയമപരമായി ഒരു പരാതിയും ഇല്ലെന്ന് ആയിരുന്നു രാജിവച്ച ശേഷമുള്ള രാഹുലിന്റെ ന്യായീകരണം. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടുന്ന ശബ്ദരേഖയെ കുറിച്ച് കൃത്യമായ മറുപടി നല്‍കാനും രാഹുല്‍ തയാറായിരുന്നില്ല. യുവനടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതി പ്രവാഹമായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയാണ് ഇതില്‍ പ്രധാനം.

രാഹുലിനെതിരെ എഐസിസിക്ക് ഒന്‍പതിലധികം പരാതികളാണ് കിട്ടിയത് എന്നാണ് പുറത്തുവരുന്ന വിവരം. മുന്‍ എംപിയുടെ മകളടക്കം എഐസിസിക്ക് പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒരു സ്ത്രീക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ അശ്ലീലസ്വരത്തില്‍ തുടര്‍ച്ചയായി അയച്ച സാമൂഹിക മാധ്യമ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ ചോദിച്ച് സ്ത്രീയെ രാഹുല്‍ ശല്യപ്പെടുത്തുന്നത് ചാറ്റില്‍ കാണാം.