- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; നിയമം കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് സുപ്രീം കോടതി; വഖഫ് ബൈ യൂസര്‍ ഭൂമി അതുപോലെ തന്നെ തുടരണം, ഡീനോട്ടിഫൈ ചെയ്യരുതെന്നും ഇടക്കാല ഉത്തരവ്; കേന്ദ്രത്തിന് മറുപടി നല്കാന് ഏഴ് ദിവസത്തെ സമയം അനുവദിച്ചു; വഖഫ് ബോര്‍ഡുകളില്‍ പുതിയ നിയമനങ്ങള്‍ പാടില്ലെന്നും സുപ്രീംകോടതി
പുതിയ വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല
ന്യൂഡല്‍ഹി: പുതിയ വഖഫ് ഭേദഗതി നിയമം പൂര്‍ണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. നിയമം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. അതേസമയം നിയമം നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും കോടതി നല്‍കി. രേഖകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാവകാശം തേടിയിട്ടുണ്ട്. ഇത് പ്രകാരം ഏഴ് ദിവസത്തെ സമയം സുപ്രീംകോടതി അനുവദിച്ചു.
വഖഫ് വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്നായിരുന്നു സുപ്രീം കോടതിയില്‍ കേന്ദ്രം അറിയിച്ചത്. ഈ ഒരാഴ്ച കാലയളവില്‍ വഖഫ് ബോര്‍ഡുകളിലേക്ക് നിയമനം നടത്തിയാല്‍ അത് അസാധുവാകുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വഖഫ് ബൈ യൂസര്‍ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡിനോട്ടിഫൈ ചെയ്യരുതെന്നും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.
ഈ ഒരാഴ്ചക്കുള്ളില്‍ വഖഫ് ബോര്‍ഡിലേക്കോ സെന്‍ട്രല്‍ കൗണ്‍സിലിലേക്കോ ഒരു നിയമനവും നടത്തില്ലെന്നും വഖഫ് സ്വത്തിന്റെ ഇപ്പോഴത്തെ നിലയില്‍ ഒരു മാറ്റവും വരാനും പോകുന്നില്ലെന്നും സുപ്രീം കോടതിയില്‍ കേന്ദ്രം വ്യക്തമാക്കി. അടുത്ത ഒരാഴ്ചക്കുള്ളില്‍ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍മെന്നും കേന്ദ്രം, സുപ്രീം കോടതിയില്‍ അറിയിച്ചു. ചില വ്യവസ്ഥകള്‍ താത്കാലികമായി നടപ്പാക്കരുതെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിനും ഹര്‍ജിക്കാര്‍ക്കും ഒരുപോലെ ആശ്വാസമാകുന്ന ഇടക്കാല വിധിയാണ് പുറത്തുവരുന്നത്.
നിയമം സ്റ്റേ ചെയ്യരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചത്. നേരിട്ടോ പരോക്ഷമായോ നിയമം സ്റ്റേ ചെയ്യാന്‍ പാടില്ല. ജനങ്ങളുടെ ആവശ്യം കേട്ടതിന് ശേഷമാണ് നിയമം രൂപീകരിച്ചത്. വിശദമായ വാദം സ്റ്റേയുടെ കാര്യത്തില്‍ വേണമെന്ന് തുഷാര്‍ മേത്ത സുപ്രീം കോടതി അറിയിച്ചു. എന്നാല്‍ നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്താന്‍ പറ്റില്ലെന്ന നിലപാടായിരുന്നു സുപ്രീം കോടതി സ്വീകരിച്ചത്. സ്റ്റേ ചെയ്യണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യം മാറരുതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളോ ഉത്തരവുകളോ റദ്ദാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു. കോടതി വിധികളുടെ അടിസ്ഥാനത്തില്‍ നിയമം നിര്‍മ്മിക്കുക എന്നത് മാത്രമേ പാര്‍ലമെന്റിന് ചെയ്യാന്‍ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയുണ്ടായി. വഫഖ് ഭേദഗതി നിയമത്തിനെതിരായി മുസ്ലിം ലീഗിന്റേതടക്കം 73 ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ഇന്നലത്തേതു പോലെ ഇന്ന് കോടതി നടപടിക്രമങ്ങള്‍ നീണ്ടു പോയില്ല. തുടര്‍ന്ന് കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം ഒരാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു.
വഖഫ് ഭേദഗതി നിയമത്തിനെതിരായി ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി സുപ്രധാനമായ മൂന്ന് കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം എടുത്ത് പറഞ്ഞത്. വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ നോട്ടിഫൈ ചെയ്യരുത്. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അങ്ങനെത്തന്നെ തുടരണം. വഖഫ് സമിതിയില്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ നാമനിര്‍ദേശം ചെയ്യുന്നവര്‍ എല്ലാവരും മുസ്ലിം വിഭാഗക്കാര്‍ തന്നെ ആകണം. തുടങ്ങിയ കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കവെ എടുത്ത് പറഞ്ഞത്.
വഖഫ് സ്വത്തില്‍ കളക്ടര്‍ക്ക് അന്വേഷണം നടത്താം. പക്ഷെ അന്വേഷണം നടക്കുമ്പോള്‍ വഖഫ് സ്വത്തുക്കള്‍ അല്ലാതാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉപയോഗം വഴി വഖഫ് ആയ സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതിലൂടെ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി കഴിഞ്ഞ ദിവസം സുപ്രീം കോടതി എടുത്ത് പറഞ്ഞിരുന്നു.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)