- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനിക്ക് മേല്‍ കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജറാകാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസ്; ആരോപണങ്ങളില്‍ 21 ദിവസത്തിനകം മറുപടിക്ക് നിര്‍ദേശം; ഇല്ലെങ്കില്‍ കേസ് തീര്‍പ്പാക്കുമെന്ന് മുന്നറിയിപ്പ്; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജിയും
അദാനിക്ക് മേല്‍ കുരുക്ക് മുറുക്കി അമേരിക്ക
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായ ഭീമന്‍ ഗൗതം അദാനിക്ക് മേല്‍ കുരുക്കു മുറിക്കി അമേരിക്കയുടെ നീക്കം. ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. പാര്‍ലമെന്റില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോര്‍ജ വൈദ്യുതി കരാര്‍ ലഭിക്കാന്‍ 2200 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി. അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഗൗതം അദാനിക്കും അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനിക്കും എസ്ഇസി ചോദ്യം ചെയ്യലിന് നോട്ടീസയച്ചതായി വാര്‍ത്താ എജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസെത്തിയത്. ആരോപണങ്ങളില്‍ 21 ദിവസത്തിനകം മറുപടി നല്‍കണം. ഇല്ലെങ്കില്‍ കേസ് തീര്‍പ്പാക്കുന്ന ഘട്ടത്തിലേക്കു നീങ്ങും. കോടതിയിലും മറുപടി നല്‍കേണ്ടി വരുമെന്നാണ് നിര്‍ദേശം. അതേസമയം നടപടിയോട് അദാനിഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
കേസില്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇരുവരും അടക്കം 8 പേര്‍ക്കെതിരെ യുഎസിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. അതേസമയം മഹാരാഷ്ട്രയിലെ തോല്‍വി കാര്യമാക്കാതെ നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിലുടനീളം കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് വിഷയം ആയുധമാക്കും. നിലവില്‍ രാഹുല്‍ ഗാന്ധി മാത്രാമാണ് വിഷയം സജീവമായി ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ മറ്റു പാര്‍ട്ടികളോടും വിഷയത്തില്‍ പിന്തുണ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും.
കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുമായടക്കം അദാനി കരാറുകളിലേര്‍പ്പെട്ടിട്ടുണ്ടെന്നും, അഴിമതിക്കാരനെങ്കില്‍ എന്തിന് കരാറിലേര്‍പ്പെട്ടെന്നുമാണ് ബിജെപിയുടെ ചോദ്യം. വിദേശ ശക്തികളുടെ നിര്‍ദേശമനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. ഈ വാദത്തിലൂന്നിയായിരിക്കും ബിജെപി പ്രതിരോധം.
അദാനി ഗ്രീന്‍ എനര്‍ജി കമ്പനി ഉല്‍പാദിപ്പിച്ച സൗരോര്‍ജം ആന്ധ്രപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, തമിഴ്‌നാട്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വിലയ്ക്കു വാങ്ങാനായി ഉന്നതര്‍ക്കു കൈക്കൂലി നല്‍കിയെന്നാണു കേസ്. കുറ്റപത്രത്തിന്മേല്‍ ഒരു കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. യുഎസിലെ അഴിമതിവിരുദ്ധ നിയമവുമായി ബന്ധപ്പെട്ടു കൈക്കൊള്ളേണ്ട നിയമപരമായ കാര്യങ്ങള്‍ (ഡിസ്‌ക്ലോഷര്‍) ഫെബ്രുവരിയില്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഗൗതം അദാനിക്കെതിരെ കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് യു.എസില്‍ കുറ്റപത്രം സമര്‍പിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹരജിയും എത്തിയിട്ടുണ്ട്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്റെ ഓഹരികളില്‍ കൃത്രിമം ആരോപിക്കുന്ന അദാനി-ഹിന്‍ഡന്‍ബര്‍ഗ് തര്‍ക്കത്തിലെ ഹരജികളില്‍ ഇടക്കാല അപേക്ഷയായി അഭിഭാഷകനായ വിശാല്‍ തിവാരിയാണ് പുതിയ ഹരജി സമര്‍പ്പിച്ചത്.
അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വലിയ നഷ്ടത്തിലാണ്. കഴിഞ്ഞവര്‍ഷം അദാനിക്കെതിരെ പുറത്തുവന്ന ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട്, കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയില്‍ തുടങ്ങിയ നിയമനടപടി എന്നിവയ്ക്ക് ശേഷം നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം 7 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 23ന് അദാനിക്കെതിരായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന്റെ തലേദിവസം അദാനി ഗ്രൂപ്പിലെ പത്ത് ഓഹരികളുടെ ആകെ വിപണിമൂല്യം 19.24 ലക്ഷം ആയിരുന്നു.
കഴിഞ്ഞ ദിവസം അമേരിക്കയില്‍ അദാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 12.24 ലക്ഷം കോടി രൂപയായി കുറഞ്ഞു. നവംബര്‍ 21ആം തീയതി മാത്രം നിക്ഷേപകരുടെ ആകെ നഷ്ടം 2.2 ലക്ഷം കോടി രൂപയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു ശേഷം അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഉണ്ടായ ഇടിവ് ക്രമേണ തിരിച്ചു പിടിക്കാന്‍ ഓഹരികള്‍ക്കായി. ഈ വര്‍ഷം ജൂണ്‍ 3 ആയപ്പോഴേക്കും അദാനി ഓഹരികളുടെ ആകെ വിപണിമൂല്യം 19.42 ലക്ഷം കോടി ആയി.
ഇതിനിടെ സെബി ചെയര്‍പേഴ്‌സനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വന്നതോടെ വീണ്ടും ഇടിവുണ്ടായി. ആഗോളതലത്തില്‍ ഓഹരികളിലെ ഇടിവും, വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിക്കുകയും കൂടി ചെയ്തതോടെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഉണ്ടായ ഇടിവ് അദാനി ഗ്രൂപ്പ് ഓഹരികളെയും പ്രതികൂലമായി ബാധിച്ചു. നവംബര്‍ 19 ആയപ്പോഴേക്കും അദാനി ഗ്രൂപ്പ് ഓഹരികളുടെ ആകെ മൂല്യം 14.49 ലക്ഷം കോടിയായി കുറഞ്ഞു. അതിനുശേഷം കഴിഞ്ഞദിവസം പുറത്തുവന്ന അമേരിക്കയില്‍ നിന്നുള്ള നിയമനടപടികള്‍ കൂടി ആയതോടെ അദാനി ഓഹരികള്‍ തകര്‍ന്നടിഞ്ഞു.