തിരുവനന്തപുരം: എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ്. കെപിസിസി നേതൃത്വം എന്‍എസ്എസുമായി ചര്‍ച്ച നടത്തും. വിശ്വാസ പ്രശ്‌നത്തില്‍ ഉറച്ച നിലപാടാണ് എടുത്തതെന്ന് എന്‍എസ്എസിനെ ഓര്‍മ്മിപ്പിക്കാനാണ് ശ്രമം. എന്‍എസ്എസ് നേതൃത്വത്തെ വിമര്‍ശിക്കില്ലെന്നും വിശ്വാസ പ്രശ്‌നത്തില്‍ സിപിഎമ്മിന്റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരുമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. രമേശ് ചെന്നിത്തലയെ പോലെ എന്‍ എസ് എസുമായി അടുത്തു നില്‍ക്കുന്നവരെ ചര്‍ച്ചയ്ക്കായി നിയോഗിച്ചേക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കും.

സര്‍ക്കാരിന്റെ വിശ്വാസ പ്രശ്‌നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്ന് ഇന്നലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജിസുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസീന്റെ നീക്കം.ഈ സര്‍ക്കാരില്‍ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. യുഡിഎഫിനെയും ബിജെപിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. സര്‍ക്കാര്‍ പക്ഷത്തേക്ക് എന്‍.എസ്.എസ് ചാഞ്ഞത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെയാണ് എന്‍ എസ് എസുമായി അനുനയ നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും എന്‍ എസ് എസ് നേതൃത്വവുമായി അടുപ്പമുണ്ട്. ഇതും ചര്‍ച്ചകള്‍ക്കായി ഉപയോഗിക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും എന്‍എസ്എസ് നേതൃത്വവുമായുള്ള അകല്‍ച്ചയും കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നതിന് ഹേതുവാണെന്ന് കരുതുന്നവരുണ്ട്.പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമാണ് എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. ചികിത്സയിലായിരുന്ന ജി.സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചത് മഞ്ഞുരുക്കി. മന്ത്രി വാസവനടക്കമുള്ളവര്‍ക്ക് കൂടിക്കാഴ്ചകളിലൂടെ സ്ത്രീപ്രവേശന വിഷയത്തിലെ പുതിയ നിലപാട് ബോദ്ധ്യപ്പെടുത്താനുമായി.

അയ്യപ്പ സംഗമത്തിന് ക്ഷണിച്ചപ്പോഴും വിശ്വാസ വിഷയത്തില്‍ എന്‍എസ്എസിനൊപ്പമാണ് സര്‍ക്കാരെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സംഗീത്കുമാര്‍ പങ്കെടുത്തത്. അയ്യപ്പ സംഗമം സര്‍ക്കാരിന്റെ തെറ്റുതിരുത്തലെന്നാണ് എന്‍എസ്എസ് കാഴ്ചപ്പാട്. കോണ്‍ഗ്രസിന്റേത് കള്ളക്കളിയാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്ക് നായര്‍ സമുദായമാണ്. അതുകൊണ്ട് തന്നെ സുകുമാരന്‍ നായര്‍ ഇടയുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. ഇത് ഹൈക്കമാണ്ടും തിരിച്ചറിയുന്നു. ഈ സാഹചര്യത്തില്‍ അതിവേഗ പ്രശ്‌ന പരിഹാരമാണ് മനസ്സിലുള്ളത്. ഇതിന് സുകുമാരന്‍ നായര്‍ വഴങ്ങുമോ എന്നതും നിര്‍ണ്ണായകമാണ്.

ഇനി വിശ്വാസികള്‍ക്ക് എതിരാണ് പിണറായി സര്‍ക്കാര്‍ എന്ന വാദം നില്‍നില്‍ക്കില്ലെന്ന വിലയിരുത്തലില്‍ സിപിഎം എത്തി കഴിഞ്ഞു. എന്‍എസ് എസും എസ് എന്‍ ഡി പിയും സര്‍ക്കാരിനെ ഒരുമിച്ച് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ തുടര്‍ഭരണം ഉറപ്പിക്കുകയാണ് പാര്‍ട്ടി. ഈ സാഹചര്യത്തില്‍ സമുദായ സംഘടനകളെ പിണക്കുന്നതൊന്നും സിപിഎം ചെയ്യില്ല. എന്‍ എസ് എസ് പിന്തുണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വലിയ കുതിപ്പുണ്ടാക്കാന്‍ സഹായകമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തിരുമല കൗണ്‍സിലറായ അനില്‍കുമാറിന്റെ ആത്മഹത്യയും തിരുവനന്തപുരത്ത് സിപിഎം ചര്‍ച്ചയാക്കും. ഇതിനിടെയാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയും എത്തുന്നത്. അതിശക്തമായ ത്രികോണ പോര് നടക്കാന്‍ ഇടയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ എല്ലാം സിപിഎമ്മിന് എന്‍ എസ് എസ് പിന്തുണയില്‍ മുന്‍തൂക്കമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇത് കോണ്‍ഗ്രസിനും അറിയാം.