തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് നടത്തിയ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്റെ നേതൃത്വത്തില്‍ യു.എന്‍.എയും ആശുപത്രി മാനേജ്മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്താതെ പിരിഞ്ഞത്.

ധാരണയിലെത്താത്ത ആശുപത്രികളില്‍ സമ്പൂര്‍ണ്ണ പണിമുടക്ക് നടത്താനാണ് യു.എന്‍.എയുടെ തീരുമാനം. അസോസിയേഷന്റെ കുറിപ്പ് ഇങ്ങനെ:

'ചര്‍ച്ച പരാജയപ്പെട്ടു...നാളെ മുതല്‍ ധാരണയാകാത്ത ആശുപത്രികളില്‍ അനിശ്ചിതകാല സമരം പുനരാംരംഭിക്കും... ചര്‍ച്ചകള്‍ക്ക് തയ്യാറായി ധാരണയാകുന്ന സ്ഥാപനങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കും. യുഎന്‍എ എപ്പോഴും ചര്‍ച്ചക്ക് തയ്യാര്‍...കരുത്തുറ്റ അതിജീവന പോരാട്ടത്തിന് തയ്യാറാവുക പോരാളികളെ...

അടിസ്ഥാന ശമ്പളം 40,000 രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മാര്‍ച്ച് ആദ്യവാരമാണ് സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ സംഘടന പ്രതിഷേധം ആരംഭിച്ചത്. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് അന്ന് സമരം പിന്‍വലിച്ചിരുന്നു.

തുടര്‍ന്ന്, പല ഘട്ടങ്ങളിലായി നടന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും 40,000 രൂപ അടിസ്ഥാന ശമ്പളമായി നല്‍കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും, ചില ആശുപത്രികള്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിനെത്തുടര്‍ന്ന് വീണ്ടും നടത്തിയ ചര്‍ച്ചയാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്.

യുഎന്‍എയുടെ രണ്ടുദിവസം മുമ്പത്തെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:

ഹൈകോടതി മീഡിയേഷനില്‍ സമരം തീര്‍ക്കാനോ, നഴ്‌സുമാരുടെ ശമ്പളം പുതുക്കാനോ താല്പര്യമില്ല എന്ന നിലപാടാണ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ എടുത്തത്. അതും രോഗികളെ പിഴിഞ്ഞു, കൊള്ള ബില്ലുകള്‍ വാങ്ങി തടിച്ചു കൊഴുത്ത ആസ്റ്റര്‍, ബേബി മെമ്മോറിയല്‍ തുടങ്ങിയ 25 ഓളം കോര്‍പറേറ്റ് ഹോസ്പിറ്റലുകള്‍.

മാന്യമായ ശമ്പളം തരുവാന്‍ കഴിയുന്ന ഈ കൊള്ള കോര്‍പ്പറേറ്റ് ഹോസ്പിറ്റലുകള്‍ മാത്രമാണ് നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പള പരിഷ്‌കരണം കൊടുക്കില്ല എന്ന് വെല്ലുവിളിക്കുന്നത്. ഇത് ജനിച്ച നാട്ടില്‍ മാന്യമായി ജീവിക്കാനുള്ള അതിജീവന പോരാട്ടമാണ്. എല്ലാവരുടെയും പിന്തുണ ഞങ്ങള്‍ നഴ്‌സുമാര്‍ പ്രതീക്ഷിക്കുന്നു.

ആദ്യഘട്ടത്തില്‍ സര്‍ക്കാരിനെതിരെയായിരുന്നു സമരം. എന്നാല്‍, സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നഴ്‌സുമാര്‍ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടലാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.തുടര്‍ന്ന് നഴ്സുമാരുടെ വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ സമരം തുടരാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഈ അടിയന്തര ഇടപെടല്‍. സമരം ഒഴിവാക്കണമെന്നും നഴ്സുമാര്‍ എത്രയും വേഗം ജോലിയില്‍ പ്രവേശിക്കണമെന്നുമുള്ള മാനേജ്മെന്റ് അസോസിയേഷന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.

തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ചില ആശുപത്രികള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (UNA) കോടതിയെ അറിയിച്ചു.എന്നാല്‍ ഭൂരിഭാഗം മാനേജ്മെന്റുകളും ഇപ്പോഴും വിമുഖത കാണിക്കുകയാണെന്നും, ഇക്കാര്യത്തില്‍ കൃത്യമായ ഒരു ധാരണയും വ്യക്തതയും വരണമെന്നുമാണ് സംഘടനയുടെ ആവശ്യം.

ശമ്പള വര്‍ധനവ് സംബന്ധിച്ച് തീരുമാനമാകാത്ത സാഹചര്യത്തില്‍, സ്വകാര്യ ആരോഗ്യമേഖലയില്‍ അനിശ്ചിതകാല പണിമുടക്ക് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ തുടരുമെന്നാണ് യു.എന്‍.എ വ്യക്തമാക്കുന്നത്.