- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്, അത് ഒരിക്കലും ഒരു വിവാദ ഗാനം അല്ല; ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പുകളില്‍ ഞാനും പാടിയിട്ടുണ്ട്; ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്; പിന്നെന്തിനാണ് ഈ ഗാനം ആര്‍എസ്എസിന് തീറെഴുതുന്നത്? വന്ദേ ഭാരതില്‍ പാടിയ ഗണഗീതത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്
എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിപ്പിച്ച നടപടിയില്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ ആണ് ഈ വിഷയം അനാവശ്യ വിവാദമാണെന്ന് സൂചിപ്പിച്ചു ഫേസ്ബിക്കില്‍ പോസ്റ്റിട്ടത്.
'എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്. അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പുകളില്‍ ഈ ഗാനം പാടിയിരുന്നു. ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്. പിന്നെന്തിനാണ് ഈ ഗാനം RSS ന് തീറെഴുതുന്നത്. അവര്‍ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂ..ഗാനം ആലപിച്ച കൂട്ടുകാര്‍ക്ക് ആശംസകള്‍ നേരുന്നു..'- എന്‍ എസ് നുസൂര്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുവരുമ്പോഴാണ് നുസൂര്‍ പിന്തുണച്ചു രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം വന്ദേഭാരതില്‍ ഗണഗീതം ആലപിച്ച സംഭവത്തില്‍ വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. സംഭവം അതീവ ഗൗരവകരമാണെന്നും കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വര്‍ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും പ്രതിഷേധാര്‍ഹവുമാണെന്നും മന്ത്രി പറഞ്ഞു.
എളമക്കര സരസ്വതി വിദ്യാലയം കേന്ദ്ര സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഒരു റോളും അവിടെ ഇല്ല. ഈ സാഹചര്യത്തില്‍ എന്ത് നടപടി എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. ആദ്യം പാട്ട് ഒഴിവാക്കിയ റെയില്‍വേ, സ്‌കൂള്‍ അധികൃതരോട് വിശദാംശങ്ങള്‍ തേടിയാണ് വീണ്ടും ആ വീഡിയോ പോസ്റ്റ് ചെയ്തത്. സ്‌കൂളില്‍ എല്ലാ ദിവസവും അസംബ്ലിയില്‍ പാടുന്ന ദേശഭക്തിഗാനം ആണെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചതോടുകൂടിയാണ് വീണ്ടും പോസ്റ്റ് ചെയ്തതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. എക്സില്‍ വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തതിന് റെയില്‍വേയോട് എളമക്കര സരസ്വതീവിദ്യാനികേതനിലെ പ്രിന്‍സിപ്പല്‍ നന്ദി അറിയിച്ചു.
'വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതിന് റെയില്‍വേ മന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി. പാട്ടിലെ 'പലനിറമെങ്കിലും ഒറ്റമനസ്സായ് വിടര്‍ന്നിടുന്നു മുകുളങ്ങള്‍ ' എന്ന അവസാന വരി രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ കരുത്തും ലയവും വിളിച്ചറിയിക്കുന്നതാണ് '-ഇതാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.
വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയാത്രയില്‍ സ്‌കൂള്‍കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത് വിവാദമായിരുന്നു. ദേശഭക്തിഗാനമെന്ന നിലയില്‍ ഇതിന്റെ വീഡിയോ ദക്ഷിണറെയില്‍വേ എക്‌സിലും ഫെയ്സ്ബുക്കിലും പങ്കിട്ടതോടെ വാര്‍ത്തയായി. വ്യാപകപ്രതിഷേധമുയര്‍ന്നതോടെ വീഡിയോ സാമൂഹികമാധ്യമത്തില്‍നിന്ന് റെയില്‍വേ ഒഴിവാക്കി. സംഭവത്തില്‍ പല കോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതിന് ശേഷമാണ് വീണ്ടും ഗണ ഗീതം റെയില്‍വേ വിശദീകരണത്തോടെ പങ്കുവയ്ക്കുന്നത്.
എറണാകുളം ബംഗളൂരു വന്ദേഭാരത് സര്‍വീസിന്റെ ഉദ്ഘാടനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാണെന്ന് സിപിഎം ലോക്സഭ കക്ഷി നേതാവ് കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ദക്ഷിണ റെയില്‍വേ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ ഇത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ ആശയത്തിന് കുട പിടിക്കുന്നതിന് തുല്യമാണ്. ബഹുസ്വരതയുടെ പലവര്‍ണങ്ങളില്‍ തിളങ്ങുന്ന ഇന്ത്യയെ കാവി പൂശാന്‍ പതിറ്റാണ്ടുകളായി ശ്രമിക്കുന്ന ആര്‍എസ്എസിന്റെ പുതിയ അടവുകളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ബെംഗളൂരു വന്ദേഭാരതിന്റെ കന്നിയാത്രയില്‍ ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടി മതേതരത്വം തകര്‍ത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. കുട്ടികളെക്കൊണ്ട് ചടങ്ങില്‍ ഈ ഗാനം പാടിച്ച ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും പിണറായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ ഗീതം അങ്ങേയറ്റും രാജ്യസ്‌നേഹമുണ്ടാക്കുന്നതാണെന്നും ഇതില്‍ രാജ്യത്തിന്റെ ഐക്യത്തെയോ മതേരത്വത്തെയോ നശിപ്പിക്കുന്ന യാതൊന്നും ഇതില്‍ ഇല്ലെന്നും ഗണഗീതം പാടിയ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വിശദീകരിച്ചിരുന്നു.




