തൃശൂര്‍: സൈബര്‍ കുറ്റവാളികള്‍ പണം തട്ടിയ കേസില്‍ നീതിയുറപ്പാക്കാനുള്ള തൃശൂര്‍ ഒല്ലൂകര സ്വദേശിയായ വയോധികന്റെ ശ്രമം വെറുതെയായില്ല. ഹൈക്കോടതിയിലെ നിയമ പോരാട്ടം സിബിഐ അന്വേഷണത്തിലേക്ക് എത്തുകയാണ്. തൃശൂര്‍ സൈബര്‍ ക്രൈം പൊലീസെടുത്ത കേസ് ഇനി സിബിഐ അന്വേഷിക്കും. കേസില്‍ സിബിഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരന്റെ അക്കൗണ്ട് വിവരങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം തുടങ്ങി.

ഒരു കോടിയില്‍ പരം രൂപയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത്. എന്നാല്‍ പ്രതികള്‍ ആരാണെന്ന് പോലും തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടാണ് പ്രതികള്‍ വയോധികനെ ബന്ധപ്പെട്ടത്. 2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. 75കാരന്റെ ഫോണില്‍ ഫെഡ് എക്‌സ് കുറിയറിന്റെ ബ്രാഞ്ച് ഓഫിസില്‍ നിന്നാണെന്നും പറഞ്ഞായിരുന്നു കോള്‍ വന്നത്. അജയ് കുമാര്‍ എന്നാണെന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. പരാതിക്കാരന്റെ പേരില്‍ മുബൈ ഫെഡ ്എക്സില്‍ നിന്നും ഒരു പാക്കേജ് റഷ്യയിലേക്ക് അയച്ചിട്ടുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഈ പാക്കേജില്‍ മയക്ക് മരുന്നുകളായിരുന്നയുവെന്നും, മുംബൈ കസ്റ്റംസ് ഇത് പിടികൂടിയെന്നും ഇയാള്‍ പറഞ്ഞു.

700 ഗ്രാമോളം എംഡിഎംഎ പിടികൂടിയെന്നായിരുന്നു വിവരം. തുടര്‍ന്ന് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തെന്നും ഇയാള്‍ അവകാശപ്പെട്ടു. സൈബര്‍ ക്രൈം വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഫോണ്‍ കോള്‍ കട്ടാക്കിയത്. ശേഷം മുംബൈ സൈബര്‍ ക്രൈം വിഭാഗത്തില്‍ നിന്നാണ് എന്ന് അവകാശപ്പെട്ട് മാറ്റൊരാള്‍ പരാതിക്കാരനെ ബന്ധപ്പെട്ടു. കേസ് വളരെ ഗൗരവകരമേറിയതാണെന്നും, നിരീക്ഷണത്തിലാണെന്നും ഇയാള്‍ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് പരിശോധിക്കാന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ഇവര്‍ അവകാശപ്പെട്ടു.

അക്കൗണ്ട് പരിശോധിക്കാന്‍ പണം അയക്കേണ്ടേത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അന്വേഷണ വിഭാഗത്തിന്റെ രീതി അതാണെന്നും നടപടികള്‍ക്ക് ശേഷം പണം തിരികെ നല്‍കുമെന്നും പ്രതികള്‍ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. മുംബൈ സൈബര്‍ ക്രൈം വിഭാഗം, ആദായ നികുതി, സിബിഐ എന്നീ വിഭാഗങ്ങള്‍ കേസ് അന്വേഷിക്കുന്നതായും ഇയാള്‍ അവകാശപ്പെട്ടു. പരാതിക്കാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ അവകാശപ്പെട്ട് വാട്‌സാപ്പ് സന്ദേശം അയക്കുകയും ചെയ്തു. തട്ടിപ്പ് മനസ്സിലാകാതെ വഴിയോധികന്‍ ബാങ്ക് വിവരങ്ങള്‍ പങ്ക് വെക്കുകയും അവര്‍ ഒരു കോടിയില്‍പരം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. രണ്ട് ദിവസത്തെ കാലയളവില്‍ പല തവണകളായി പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നും പ്രതികള്‍ പണം കൈപ്പറ്റുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്റെ അക്കൗണ്ടുകള്‍ എല്ലാം പരിശോധിച്ചതായും, അനധികൃതമായി ഇടപാടുകള്‍ ഒന്നും കണ്ടെത്താന്‍ ആയിട്ടില്ലെന്നും പ്രതികള്‍ പറഞ്ഞു. കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, അനുമതി കിട്ടിയാല്‍ ഉടന്‍ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പിന്നീട് ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാത്തതിന്റെ തുടര്‍ന്ന് 75-കാരന്‍ പോലീസിനെ സമീപ്പിക്കുകയായിരുന്നു. അപ്പോഴാണ് പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായത്. ഭാരത ന്യായ സംഹിതയിലെ 318(4), വിവരസാങ്കേതികവിദ്യാ നിയമത്തിലെ 66ഡി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശാസ്ത്രീയ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇതോടെയാണ് സിബിഐ അന്വേഷണ ആവശ്യവുമായി പരാതിക്കാരന്‍ ഹൈക്കോടതിയില്‍ എത്തിയത്. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. സിബിഐയും ഇതേ നിലപാട് എടുത്തു. എന്നാല്‍ രാജ്യത്തുടനീളം അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു. അതുകൊണ്ട് തന്നെ കുറ്റകൃത്യത്തിന്റെ പരിധി കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതിന് നല്ലത് സിബിഐയാണെന്ന നിഗമനത്തില്‍ ഹൈക്കോടതി എത്തി. കേസ് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശവും നല്‍കി.

രാജ്യത്ത് സൈബര്‍ തട്ടിപ്പ് കുത്തനെ വര്‍ധിക്കുമ്പോള്‍ കര്‍ശന നടപടിയെടുക്കേണ്ട ആവശ്യകതയാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. മൂന്ന് വര്‍ഷത്തിനിടെ വ്യാജ ഫോണ്‍കോളിലും വെബ്‌സൈറ്റുകളിലും കുടുങ്ങി മലയാളികള്‍ക്ക് നഷ്ടമായതില്‍ 172 കോടി രൂപ കേരള പൊലീസ് സൈബര്‍ വിഭാഗം തിരിച്ചുപിടിച്ചിരുന്നു. തട്ടിപ്പ് സംഘങ്ങളുടെ വിവിധ സംസ്ഥാനങ്ങളിലെ 48,826 ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 17875 സിമ്മുകളും 53052 സ്മാര്‍ട്ട് ഫോണുകളും ബ്ലോക്ക് ചെയ്തു. 2024ല്‍ മാത്രം സംസ്ഥാനത്ത് 764 കോടി രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ഇതില്‍ 108 കോടി രൂപ പൊലീസ് വീണ്ടെടുത്തു. ഈ വര്‍ഷം ഇതുവരെ നഷ്ടമായ 175 കോടി രൂപയില്‍ 25 കോടി രൂപയും വീണ്ടെടുത്തു. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ 16000 കോടിയോളം രൂപയുടെ തട്ടിപ്പ് നടക്കുന്നതായാണ് ഇന്ത്യന്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററിന്റെ കണക്ക്. വ്യാജ ഫോണ്‍കോളിലും വെബ്‌സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാന്‍ സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരു മാസത്തിനുള്ള സൈബര്‍ വാള്‍ആപ്പ് പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.

തട്ടിപ്പ് നടന്നതിന് പിന്നാലെ 'സുവര്‍ണ മണിക്കൂറില്‍'(ആദ്യ ഒരു മണിക്കൂര്‍) പൊലീസില്‍ പരാതിപ്പെട്ടവരുടെ പണം വേഗത്തില്‍ തിരിച്ചുപിടിക്കാനാകും. തട്ടിപ്പുരീതികള്‍ക്കെതിരെ പൊലീസും സൈബര്‍ഡിവിഷനും നിരന്തരം ബോധവല്‍കരണം നടത്തുന്നുണ്ടെങ്കിലും പരാതികള്‍ ലഭിക്കുന്നത് വൈകിയാണ്. അതുകൊണ്ടാണ് പ്രതികള്‍ രക്ഷപ്പെടുന്നത്.