- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞത് 200,000 ഒമാനി റിയാലിന്റെ നിക്ഷേപം നടത്തണം; അഞ്ച് വര്‍ഷത്തേക്ക് ഇത്രയും തുകയുടെ സ്ഥിര നിക്ഷേപം ബാങ്കുകളില്‍ നിലനിര്‍ത്തണം; 50 ഒമാനി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കിയാലും അവസരം; ഒമാന് പുറത്തിറക്കിയ ഗോള്‍ഡന്‍ റെസിഡന്‍സി വിസയെ കുറിച്ച് കൂടുതല്‍ അറിയാം
ഒമാന് പുറത്തിറക്കിയ ഗോള്‍ഡന്‍ റെസിഡന്‍സി വിസയെ കുറിച്ച് കൂടുതല്‍ അറിയാം
മസ്‌കറ്റ്: യുഎഇ ഭരണകൂടം നടപ്പിലാക്കിയ ഗോള്‍ഡന്‍ വിസ പദ്ധതി വലിയ വിജയമായി മാറിയിരുന്നു. ഗോള്‍ഡന്‍ വിസ ഉള്ളവര്‍ക്ക് പത്ത് വര്‍ഷം വരെ യുഎഇയില്‍ സ്ഥിരമായി താമസിക്കാന്‍ അനുമതി ലഭിച്ചിരുന്നു. യുഎഇയിലേക്ക് എത്താന്‍ പ്രത്യേക വിസയുടെ ആവശ്യവും ഇത്തരം ആളുകള്‍ക്ക് വേണ്ടി വരാറില്ല. ഇതിനിടെ ഒമാനും ഗോള്‍ഡന്‍ റെസിഡന്‍സി വിസാ പദ്ധതി ആരംഭിച്ചിരിക്കയാണ്. പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ഗുണകരമായ പദ്ധതിയാണ് ഒമാന്റേതും. എന്നാല്‍, ഒമാനില്‍ ഏതെങ്കിലും വിധത്തില്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടി വരുമെന്ന നിബന്ധയാണ് പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദേശ മൂലധനം ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഒമാന് പുതിയ ഗോള്‍ഡന്‍ റസിഡന്‍സി പദ്ധതി ആരംഭിച്ചത്. ടൂറിസം രംഗത്ത് അടക്കം വലിയ പരിഷ്‌ക്കരണങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്. വിഷന്‍ 2040 പരിഷ്‌കരണ അജണ്ടയുടെ ഭാഗമായി നിക്ഷേപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ദീര്‍ഘകാല സ്ഥിരത നല്‍കുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കുറഞ്ഞത് 200,000 ഒമാനി റിയാല്‍ (ഏകദേശം 520,000 ഡോളര്‍) നിക്ഷേപം നടത്തുന്നവര്‍ക്ക് 10 വര്‍ഷത്തേക്ക് ഇവിടെ താമസിക്കാനുള്ള അനുമതി ലഭിക്കും. സ്വകാര്യ മേഖലയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വിജ്ഞാനം കൈമാറ്റം ചെയ്യുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
സലാലയില്‍ നടന്ന 'സ്ഥിരതയുള്ള ബിസിനസ് അന്തരീക്ഷം' ഫോറത്തിലാണ് ഈ പ്രഖ്യാപനം നടന്നത്. ധോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മര്‍വാന്‍ ബിന്‍ തുര്‍ക്കി അല്‍ സെയ്ദിന്റെ രക്ഷാകര്‍തൃത്വത്തില്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഗോള്‍ഡന്‍ റസിഡന്‍സി ഉടമകള്‍ക്ക് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. വിമാനത്താവളങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് സേവനം, മൂന്ന് വരെ വീട്ടുജോലിക്കാരെ നിയമിക്കാനുള്ള അനുമതി, ഒമാന്‍ പൗരന്മാര്‍ക്ക് മാത്രം അനുമതിയുള്ള സ്ഥലങ്ങളില്‍ പോലും ഒരു പ്രോപ്പര്‍ട്ടി സ്വന്തമാക്കാനുള്ള അവകാശം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പണം മുടക്കി തന്നെയാണ് പദ്ധതിയില്‍ പങ്കാളികളാകേണ്ടതും. ഏഴ് വ്യത്യസ്ത രീതികളിളാണ് ഇതിനിയാ നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ ഒമാന്റെ സാമ്പത്തിക രംഗത്തിന് കരുത്തു പകരുന്നവയാണ്. 200,000 ഒമാനി റിയാലോ അതില്‍ കൂടുതലോ മൂല്യമുള്ള കമ്പനികള്‍ സ്ഥാപിക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. സംയോജിത ടൂറിസം കോംപ്ലക്‌സുകളില്‍ പ്രോപ്പര്‍ട്ടി വാങ്ങുക, കുറഞ്ഞത് രണ്ട് വര്‍ഷം കാലാവധിയുള്ള സര്‍ക്കാര്‍ ഡെവലപ്മെന്റ് ബോണ്ടുകള്‍ കൈവശം വെക്കുക, 200,000 ഒമാനി റിയാലോ അതില്‍ കൂടുതലോ വിലമതിക്കുന്ന ലിസ്റ്റഡ് ഇക്വിറ്റികളില്‍ നിക്ഷേപം നടത്തുക, അഞ്ച് വര്‍ഷത്തേക്ക് 200,000 ഒമാനി റിയാലിന്റെ സ്ഥിര നിക്ഷേപം ബാങ്കുകളില്‍ നിലനിര്‍ത്തുക, കുറഞ്ഞത് 50 ഒമാനി ജീവനക്കാരും 200,000 ഒമാനി റിയാല്‍ മൂലധനവുമുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കുക, അല്ലെങ്കില്‍ മതിയായ മൂലധനമുള്ള കമ്പനികള്‍ വിദേശ നിക്ഷേപ നിയമപ്രകാരം നാമനിര്‍ദ്ദേശം ചെയ്യുക തുടങ്ങിയവയാണ് ആ വഴികള്‍.
ഒമാന്റെ ഈ പദ്ധതി മറ്റ് രാജ്യങ്ങളിലെ സമാനമായ പദ്ധതികളുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. നേരത്തെ ഉണ്ടായിരുന്ന 250,000 ഒമാനി റിയാല്‍ എന്ന നിക്ഷേപം 200,000 ആയി കുറച്ചത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കും.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.